Friday, February 29, 2008

പ്രണയമഴ (കവിത)

ഗൃഹാതുരത്വത്തിന്‍ നീറ്റല്‍ പകര്‍ന്നു കൊ‌-
ണ്ടൊരു പാട്ടു കേള്‍പ്പൂ ദൂരെ നിന്നും.
കരിയിലകള്‍ക്കു മുകളിലൂടെങ്ങുന്നോ
ഓടി വരുന്നോരു പഴയ മഴ;
എന്‍ ക്ലാസ്സുമുറിയുടെ മേല്‍ക്കൂരയില്‍ വന്നു
പ്രണയമായ്‌ പെയ്യുന്നിരു ഹൃദയങ്ങളില്‍.

ഏറെ മുഖങ്ങള്‍ക്കിടയിലാണെങ്കിലും
പ്രിയമെഴുമാമുഖം മാത്രം കണ്ട്
പ്രണയാര്‍ദ്രമാമാ മിഴികളില്‍ നോക്കവേ
ഹൃദയത്തിലാ വിരല്‍ തൊടുന്ന പോലെ.

കണ്ണുകള്‍ ചേരുമ്പോള്‍ ഹൃദയം തുടിക്കുന്ന
പ്രണയത്തിന്‍ അത്‌ഭുതമറിയുന്നു ഞാന്‍,
നിന്‍ കണ്ണില്‍ നോക്കുമ്പോള്‍ ഈ ഭൂവിലന്നേരം
നാം രണ്ടും മാത്രമാണെന്ന പോലെ.

വര്‍ഷങ്ങള്‍ക്കിപ്പുറം ആ മുഖമോര്‍ക്കുമ്പോള്‍
ആര്‍ദ്രനായ് പോവൂ ഞാനെന്തു കൊണ്ടോ.
കാലത്തിനാവില്ല മറ്റൊന്നു നല്‍കുവാന്‍
പ്രണയത്തിന്‍ സുഖത്തിന്നു പകരം വയ്‌ക്കാന്‍.


Thursday, February 28, 2008

നിരാശ (കവിത)

കാലമേ,

നീ നിന്റെ ദംഷ്‌ട്രകളാല്‍

എന്റെ ഹൃദയം കടിച്ചു കീറുക,

ഇതു നീ ബാക്കി വയ്‌ക്കരുത്‌.

നിന്റെ തേരുരുള്‍ച്ചയില്‍ പിടച്ചെന്നെ

ഭയപ്പെടുത്തുന്നത് ഇവനാണ്.

തല ചായ്‌ച്ചു കരയാന്‍ സ്വന്തം തോളു പോലും

ഇല്ലാത്തവന് ഹൃദയം ഒരു ഭാരമാണ്,

അതുകൊണ്ട്‌ ഇതു മാത്രം നീ ബാക്കി വയ്‌ക്കരുത്‌.


എന്റെ കൈകള്‍ കൂടി നീയെടുത്തേക്കുക

ഇനി എനിക്കൊന്നും സ്വന്തമാക്കാനില്ല.

ദാനമായിപ്പോലും ഒന്നും ലഭിക്കാനില്ലാത്തവന്

കൈകള്‍ വെറും അലങ്കാരമാണ്.


കാലുകള്‍ നിന്റെ കുട്ടികള്‍ക്കു കൊടുക്കുക,

അവര്‍ക്കത്‌ കുതിരകളായേക്കാം.

ദൂരങ്ങള്‍ കീഴടക്കാനില്ലാത്തവന്

കാലുകള്‍ ഒരു ബാദ്ധ്യതയാണ്.
കണ്ണുകളും കാതുകളും കഴുകന്മാര്‍ക്കു കൊടുക്കുക

ഇവയെന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു.

അറിവുകളെ വെറുക്കുന്നവന്

ഇന്ദ്രിയങ്ങള്‍ ഒരു ശല്യമാണ്.


അസ്ഥികള്‍ മാത്രം ശേഷിച്ചേക്കാവുന്ന ഈ ഉടലില്‍

നീ ഒരു മനസ്‌സു കണ്ടെത്തിയാല്‍

കുറച്ചു സ്വപ്‌നങ്ങള്‍ മാത്രം ബാക്കി വച്ചേക്കുക;

എന്റെ ആയുസ്സില്‍ അവശേഷിച്ച ഒരു യുഗം

ഞാന്‍ അവയോടൊപ്പം കഴിഞ്ഞുകൊള്ളാം.

Powered By Blogger