അയ്യോ ഇന്ന്‍ എന്റെ കല്യാണം ആണല്ലോ ! അലാറം അടിച്ചപ്പോള്‍ ഞെട്ടി എഴുന്നേറ്റു. രാവിലെ ഉണര്‍ന്നപ്പോള്‍ അല്ല കല്യാണത്തിന്റെ കാര്യം ഓര്‍ത്തത്, രാത്രിയേ തയ്യാറായി കിടന്നതാണ് നേരത്തേ ഉണരാന്‍. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഓര്‍ത്തപ്പോള്‍ പെട്ടെന്ന്‍ ഒരു ഞെട്ടല്‍. പണ്ട് ടൂറിന് പോകാന്‍രാവിലെ എഴുന്നേറ്റത് പോലെ ഒരു ഉന്മേഷവും തോന്നുന്നുണ്ട്. തണുപ്പത്ത് കുളിക്കുന്ന കാര്യം ഓര്‍ക്കുമ്പോഴാ... കല്യാണ ദിവസമായിപ്പോയി, അല്ലായിരുന്നെങ്കില്‍നേരെ തിരിഞ്ഞ് കിടന്ന്‍ ഉറക്കം തുടരാമായിരുന്നു.
വീട്ടില്‍ കുളിക്കാന്‍ പറ്റില്ല, കാരണം കല്യാണവീടാണ് എന്നൊരു ചിന്ത കിണറിനു മാത്രം ഇല്ല, പുള്ളി ഒരു മാസമായി വേണ്ടത്ര വെള്ളം ഉത്പാദിപ്പിക്കുന്നില്ല. ശമ്പളം ഇല്ലാത്ത ജോലിയല്ലേ ഇങ്ങനെ ഒക്കെ മതി എന്ന് കരുതുന്നുണ്ടാവും. അപ്പുറത്തെ വീട്ടില്‍ പോയി വേണം കുളിയും തേവാരവും ഒക്കെ. മുല്‍ഹി താത്ത ഇന്നലെയേ പറഞ്ഞിരുന്നു, എല്ലാവരും അവിടെ ചെന്ന് കുളിച്ചോളാന്‍. അനിയനും അമ്മയും ചേച്ചിയും അളിയനും ഒക്കെ ഉണര്‍ന്നിട്ടുണ്ട്. പുറത്ത് പൂവന്‍ കൂവി വിളിക്കുന്നു, എന്തോ, പതിവില്ലാത്ത ഒരു സ്നേഹം തോന്നുന്നു അവനോട്; നേരവും കാലവും നോക്കാതെ എപ്പോഴും കൂവുന്നവന്‍ എന്നൊരു അഭിപ്രായം എനിക്ക് അവനെക്കുറിച്ച് ഉണ്ടായിരുന്നത് തല്‍ക്കാലം ഞാന്‍ മറന്നു. പുറത്ത് ഒരു ഐശ്വര്യ പൂര്‍ണ്ണമായ അന്തരീക്ഷം, മാനത്ത് ചെറിയ വെളിച്ചം പരന്നിട്ടുണ്ട്. അല്ല ഇതിന് എന്തോ പറയുമല്ലോ, പ്രഭാതത്തിന്‍റെ.... ആ.. എന്തോ ആകട്ടെ. ചെറുകഥയൊക്കെ പിന്നെയെഴുതാം. തല്‍ക്കാലം പോയി കുളിക്കാനുള്ള വഴി നോക്കാം, തോര്‍ത്തും ബ്രഷും സോപ്പും എടുത്ത് ഇറങ്ങി.
മുല്‍ഹി താത്ത ഉണര്‍ന്നിട്ടുണ്ട്, നിസ്കാരം കഴിഞ്ഞ് ഉറങ്ങിയിട്ടുണ്ടാവില്ല, പാവം ബുദ്ധിമുട്ടായോ ആവോ. താത്ത ഉത്സാഹത്തോടെ ക്ഷണിച്ചു, അവരൊക്കെ എവിടെ എന്ന്‍ തിരക്കി, പിന്നാലെ വരുന്നുണ്ട് എന്ന് പറഞ്ഞു കുളിമുറിയിലേയ്ക്ക് കയറി. ഇന്നത്തെ കുളി സ്പെഷ്യല്‍ ആണ്, ഈ തണുപ്പത്ത്, അതിരാവിലെ, ഇങ്ങനെ ഒരു കുളി പതിവില്ലാത്തതാണ്. ഇന്ന്‍ പതിവുള്ള മടി മാറ്റി വച്ചു. എന്താണെന്നറിയില്ല സോപ്പൊക്കെ എത്ര തേച്ചിട്ടും മതിയാവുന്നില്ല. വിശാലമായി കുളിച്ചിറങ്ങി. ഇന്നത്തെ താരം ഞാനാണ്, എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. ഇന്നത്തെ എന്‍റെ പേര് പയ്യന്‍ എന്നാണ്, ഇന്നത്തെ ദിവസം ആരെങ്കിലും പയ്യന്‍ എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം കല്യാണ പയ്യന്‍ എന്നാണ്. അവിടെ അവള്‍ പെണ്ണ്. ഒരു തരത്തില്‍ ഒരു ഡിസ്പോസിബിള്‍ പേര്. കുളിയൊക്കെ കഴിഞ്ഞ് വീട്ടില്‍ എത്തി. അനിയന്‍ കുളിക്കാന്‍ പോകാന്‍ ഇറങ്ങുന്നു, എല്ലാ കാര്യങ്ങളും അവന്റെ മേല്‍നോട്ടത്തില്‍ ആണ്. ഗള്‍ഫുകാര്‍ പൊതുവേ കല്യാണ ദിവസം വന്നിറങ്ങി താലിയും കെട്ടി തിരികെ പോകുന്നവരാണ്, പാവങ്ങള്‍. പക്ഷേ ബന്ധുക്കള്‍ക്ക് മിനക്കേട് കൂടും. ഇവിടെ എന്റെ അനിയനാണ് രക്ത സാക്ഷി. എല്ലാത്തിനും അവന്‍തന്നെ ഓട്ടം.
വീഡിയോക്കാര്‍ വരുന്നതിനു മുന്‍പ് ഒരുങ്ങണം, അല്ലെങ്കില്‍ അവര്‍ അടിവസ്ത്രം മുതല്‍ എല്ലാം വീണ്ടും ഇടുവിച്ച് വീഡിയോ പിടിക്കും. അല്പം ഒരു ധൃതിയില്‍ തന്നെ ഒരുങ്ങി. പൌഡര്‍ അല്പം അധികം ആയിക്കോട്ടെ, വീഡിയോയില്‍ അറിയില്ല. ഒരുങ്ങി റൂമിന് പുറത്തിറങ്ങിയപ്പോള്‍ പുറത്ത് ഒരു കല്യാണ വീടിന്‍റെ അന്തരീക്ഷം ശരിക്കും വന്നു കഴിഞ്ഞു. എല്ലാവരും കുളിച്ചൊരുങ്ങി നില്‍പ്പുണ്ട്. മാമനും മാമിയും തലേന്നേ വന്നിരുന്നു, അവരും റെഡി. എന്റെ കുഞ്ഞന്മാര്‍ -ചേച്ചിയുടെ മക്കള്‍- പോലും റെഡിയായി നില്‍പ്പാണ്. എന്തുകൊണ്ടോ ടെന്‍ഷന്‍ ഒന്നും തോന്നുന്നില്ല, ഭാഗ്യം. വീഡിയോക്കാര്‍ എത്തി. ഇവന്‍ നേരത്തേ പണി പറ്റിച്ചോ എന്നൊരു നോട്ടം എന്‍റെ വേഷത്തിലേയ്ക്ക് വരുന്നുണ്ട്. എന്നോടാണോ കളി എന്നൊരു അഹങ്കാരത്തോടെ ഞാനും നോക്കി. മുഖത്ത് വേണ്ടത്ര പുച്ഛം വന്നോ എന്നൊരു സംശയം. സ്റ്റില്‍ ഫോട്ടോഗ്രാഫറും എത്തി. പുള്ളിക്കാരന്‍ ജോലിക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത ആളാണ്. പുള്ളിയ്ക്ക് ഞാന്‍ കുറഞ്ഞ പക്ഷം മുടിയെങ്കിലും വീണ്ടും ചീകണം. ഈശ്വരാ കഷണ്ടിയൊക്കെ മറച്ച് കഷ്ടപ്പെട്ട് ചീകി വച്ചിരിക്കുകയാ. അല്പം ശബ്ദം കുറച്ച് പുള്ളിക്കാരനെ കാര്യം പറഞ്ഞു ബോധവത്കരിച്ചു. പുള്ളി കൊമ്പ്രമൈസിനു തയ്യാറായി. കുറഞ്ഞ പക്ഷം ഷര്‍ട്ടിന്‍റെ ബട്ടണ്‍ അളിയനെ കൊണ്ട് ഇടുവിയ്ക്കണം. നഷ്ടമൊന്നുമില്ലാത്ത കാര്യം. ഞാന്‍ രണ്ടു ബട്ടണ്‍ അഴിച്ചു. അളിയന്‍ ബട്ടണ്‍ ഇടുന്നത് ഫോട്ടോയും എടുത്തു വീഡിയോയും പിടിച്ചു. വിവാഹ വീഡിയോകള്‍ കണ്ടാല്‍ തോന്നും വിവാഹ ദിവസം ആണ് വരന്‍ ആദ്യമായി തുണിയുടുക്കുന്നതും ഒരുങ്ങുന്നതും എന്ന്. എല്ലാം മറ്റുള്ളവര്‍ കൈ വച്ചാണ് ശരിയാക്കുന്നത്. അമ്മയെ കൊണ്ട് എനിക്ക് പൌഡറും ഇടുവിച്ചു. ഇതെന്താ സുന്ദരന് പൌഡര്‍ ഇടീല്‍ മത്സരമോ ? സുന്ദരന്‍ എന്ന് ഉദ്ദേശിച്ചത് എന്നെ തന്നെ ആണ്. ഒരു കൂട്ടച്ചിരി പേടിച്ച് ചോദ്യം ആത്മഗതമാക്കി ഒതുക്കി.
അടുത്തത് ചടങ്ങ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ചില കാര്യങ്ങള്‍. യോഗയുടെ ഫലം ചെയ്യുന്ന ചില വ്യായാമങ്ങള്‍. ബന്ധു ജനങ്ങളുടെ കാലില്‍ തൊട്ടു അനുഗ്രഹം വാങ്ങല്‍ ആണ് സംഭവം. മുട്ടുമടക്കിയാലും കുഴപ്പമില്ലാത്ത യോഗാസനം ആയതിനാല്‍ ബുദ്ധി മുട്ടില്ലാതെ കുനിഞ്ഞു പലകാലുകള്‍ മാറി മാറി തൊട്ട് അനുഗ്രഹം വാങ്ങി. എല്ലാവര്‍ക്കും വെറ്റിലയും അടയ്ക്കയും കൊടുത്തു. അടയ്ക്കയ്ക്കൊക്കെ ഇപ്പൊ എന്താ വില. അത് കൊണ്ടാവും പല വീടുകളിലും ഓരോരുത്തര്‍ക്കും ഓരോന്ന് കൊടുക്കാതെ ഒരേ അടയ്ക്കയും വെറ്റിലയും തന്നെയാണ് മാറി മാറി കൊടുത്ത് അനുഗ്രഹം വാങ്ങുന്നത്. വളരെ നല്ല പരിഷ്കാരം, അത്രയും ചിലവെങ്കിലും കുറഞ്ഞു കിട്ടും. അനുഗ്രഹിക്കുന്നവര്‍ തലയില്‍ തൊടുമ്പോള്‍ ഒരു അസ്വസ്ഥത. ഈ മുടി ചീകി വയ്ക്കാന്‍ പെട്ട പാട് ഇവര്‍ക്കറിയാമോ. ഇറങ്ങുന്നതിനു മുന്‍പ് ഒന്ന് കൂടി മുടി ചീകി ശരിയാക്കി. കാറില്‍ ഇരിക്കുമ്പോള്‍ കാറ്റടിക്കാതിരുന്നാല്‍ മതി. ഈ കഷണ്ടി കണ്ടു പിടിച്ചവനെ എന്‍റെ കയ്യില്‍ കിട്ടിയാല്‍.... പോട്ടെ പ്രതികാരമൊക്കെ പിന്നെ വീട്ടാം, ഇപ്പോള്‍സമയമില്ല. അങ്ങനെ വീട്ടിലെ പരിപാടികള്‍ ഒക്കെ കഴിഞ്ഞു.
എല്ലാവരും ഇറങ്ങി, ഞാന്‍ കാറില്‍ കയറി സുഖമായി മുന്നില്‍ തന്നെ ഇരുന്നു, അളിയന്റെ കാറാണ്, അളിയന്‍ തന്നെ ഓടിക്കുന്നതും. രണ്ടര മണിക്കൂര്‍ എടുത്തു ആഡിറ്റോറിയത്തില്‍ എത്താന്‍. കാറില്‍ നിന്ന്‍ ഇറങ്ങി ആഡിറ്റോറിയത്തിന്റെ പുറത്ത് നിന്നു. ഇനി പെണ്‍വീട്ടുകാര്‍ വന്നു സ്വീകരിക്കണം, എന്നിട്ടേ അകത്തേയ്ക്ക് പോകാന്‍ പാടുള്ളൂ. ഞാന്‍ അപ്പോഴേയ്ക്കും ഒരു താരമായി കഴിഞ്ഞു എന്ന് തോന്നുന്നു. എല്ലാവരും അവിടുന്നും ഇവിടുന്നും ഒക്കെ നോക്കുന്നുണ്ട്. പെണ്‍വീട്ടുകാര്‍ താലപ്പൊലിയും വിളക്കും ഒക്കെയായി വന്നു. അളിയന്മാര്‍ (വധുവിന്‍റെ സഹോദരന്മാര്‍) വന്നു. മൂത്തയാള്‍ എന്‍റെ കാലില്‍ വെള്ളമൊഴിച്ച് കഴുകി. 'വേണ്ടായിരുന്നു, ഞാന്‍ കുളിച്ച കാര്യം ഇവര്‍ അറിഞ്ഞില്ലേ?' എന്തോ ആകട്ടെ. നെറ്റിയില്‍ ചന്ദനക്കുറി ഇട്ടു തന്ന്‍ ഒരു ബൊക്കെയും കയ്യില്‍ തന്നു, ഞാന്‍ അതും പിടിച്ച് എല്ലാവരോടും ഒപ്പം അകത്തേക്ക്. നിറയെ ആളുകളുടെ മുന്നില്‍ അവരെ അഭിമുഖീകരിച്ച് മണ്ഡപത്തില്‍ കയറി ഇരുന്നു. ഇത്രയും ആളുകളുടെ മുന്നില്‍ ആണെങ്കിലും ഏതോ ഒരു അന്തര്‍ലോകത്തില്‍ ആയിരുന്നു ഞാന്‍, ഒറ്റയ്ക്ക്. അതാവും ടെന്‍ഷന്‍ ഇല്ലാത്തത്.
പണ്ടത്തെ വീടുകളില്‍ ഒരു പലകക്കഷണത്തില്‍ ഇരുന്ന് ഇലയും ഇട്ട് ഊണ് വിളമ്പുന്നതും കാത്ത് നോക്കി ഇരിക്കുന്ന ഭാവത്തില്‍ ഞാന്‍ ഇരിപ്പാണ്. ഒന്ന് പിന്നിലേയ്ക്ക് തിരിഞ്ഞ് - “എടിയേ ഞാന്‍വന്നു” – എന്ന്‍വിളിച്ചു പറഞ്ഞാലോ ? ദൈവമേ എന്നെ ചിരിപ്പിക്കല്ലേ... വിവാഹ മണ്ഡപത്തില്‍എങ്കിലും മര്യാദയ്ക്ക് ഇരിക്ക് ചെറുക്കാ. സ്വയം അടക്കി. എന്തായാലും ഞാന്‍പറയുന്നതെങ്കിലും ഞാന്‍അനുസരിക്കുന്നുണ്ട്, അത്രയും ഭാഗ്യം. കാരണവന്മാര്‍ ചടങ്ങുകളുടെ ക്രമവും മറ്റും ചര്‍ച്ച ചെയ്യുകയാണ്. ഈശ്വരാ ഈ ലോകത്തില്‍എത്രയോ കല്യാണങ്ങള്‍നടന്നിരിക്കുന്നു, ഇവര്‍ക്കൊക്കെ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനം ആയില്ലേ ? ഏതു കല്യാണത്തിനു പോയാലും ഈ ചര്‍ച്ചകള്‍ കേള്‍ക്കണമല്ലോ. ഇനി അവളെക്കൊണ്ട് താലി കെട്ടിക്കുമോ ? സമയം പാഴാക്കേണ്ട എന്നു കരുതി ആഡിറ്റോറിയത്തില്‍വന്ന പരിചിത മുഖങ്ങള്‍എണ്ണി നോക്കാന്‍ ശ്രമിച്ചു. ക്യാമാറാമാന്മാര്‍ സ്റ്റാന്‍റ് ഉറപ്പിക്കുന്നു. ഇവന്മാര്‍ താലി കെട്ടിക്കഴിഞ്ഞു റീടേക്ക് പറയുമോ? വിവാഹത്തിനു പലതും അവരുടെ ഇഷ്ടത്തിനാണ്. അച്ഛനെന്താ മണ്ഡപത്തില്‍ കാര്യം എന്ന്‍ചോദിച്ചാല്‍ അച്ഛന്‍പോലും ഇറങ്ങിക്കൊടുക്കണം, അതാ കാലം. കല്യാണത്തിനു പോയാല്‍ താലികെട്ടിന്റെ സമയത്ത് പൊതുവേ താലികെട്ടിനു പകരം ക്യാമാറാമാന്മാരുടെ പിന്‍വശം ആണ് കാണാന്‍ കഴിയുക. എന്തായാലും ഇവിടെ ഞാന്‍ഏറ്റവും മുന്നിലാ, അവന്മാരുടെ ഒരു കളിയും നടക്കില്ല.
കാത്തിരിപ്പ് ഒരുപാട് നീണ്ടില്ല, അതാ എന്‍റെ പെങ്കൊച്ച് വരുന്നുണ്ട്. മണ്ഡപത്തിന് വലംവച്ച് അവള്‍അടുത്ത് വന്നിരുന്നു. ആ സീനിന് ഞാന്‍ ലൈക്കടിച്ചു, കുറേനേരമായി ഒറ്റയ്ക്ക് ഇരിപ്പാണേ. ചടങ്ങുകളൊക്കെ തുടങ്ങി. ചേച്ചിക്ക് സഹായിക്കാന്‍അവസരമുണ്ടാക്കാതെ താലി ഞാന്‍തന്നെ ശരിക്കും കെട്ടി. ഞാന്‍ ആരാ മോന്‍. അങ്ങനെ വലം വയ്ക്കാന്‍തുടങ്ങി. ഞാന്‍ അവളുടെ കയ്യും പിടിച്ച് ഒന്ന്‍ രണ്ട് എന്ന്‍ എണ്ണി ഓരോ വലവും പൂര്‍ത്തിയാക്കി. ഇങ്ങനെ കയ്യും പിടിച്ച് നടക്കാന്‍ ഒരു സുഖമുണ്ട്. മൂന്ന്‍ തവണ ആയപ്പോള്‍ പൂജാരി പറഞ്ഞു മതിയെന്ന്, കഷ്ടമായിപ്പോയി, അല്ലെങ്കിലും ഈ ചടങ്ങുകള്‍ ഒക്കെ ഇങ്ങനെയാ ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതൊക്കെ കൂടുതല്‍കാണും, സുഖമുള്ള ചടങ്ങുകള്‍ പെട്ടെന്ന്‍ തീരുകയും ചെയ്യും. ചടങ്ങുകള്‍ കഴിഞ്ഞതോടെ ക്യാമറാമാന്മാരുടെ സമയമായി. എല്ലാ ബന്ധുക്കളെയും സുഹൃത്തുക്കളെയും മാറി മാറി നിറുത്തി ഫോട്ടോ എടുത്തു. ഞങ്ങളെ ചേര്‍ത്തു നിറുത്തി എടുത്ത എല്ലാ ഫോട്ടോയും എനിക്ക് ഇഷ്ടപ്പെട്ടു. പെണ്ണും ചെറുക്കനും എത്ര ചേന്നു നിന്നാലും ഇവന്മാര്‍ക്ക് തൃപ്തിയാവില്ല എന്നത് തന്നെ കാരണം. കുറച്ചു കൂടെ, കുറച്ചു കൂടെ എന്ന്‍പറഞ്ഞു കൊണ്ടേ ഇരിക്കും. എന്തൊക്കെ കുറ്റം പറഞ്ഞാലും അവര്‍ നല്ല സ്നേഹമുള്ളവരാ ;)
കല്യാണ വിശേഷങ്ങള്‍ തല്‍ക്കാലം ഇത്രയേ ഉള്ളൂ. ഇപ്പോള്‍ ജീവിതം സന്തോഷപ്രദം, സുഖം, സ്വസ്ഥം. പിന്നെ വീഡിയോ വല്ലപ്പോഴും ഇട്ട് കാണുന്നതും, സ്റ്റില്‍ആല്‍ബം കാണുന്നതും ഒരു സുഖം തന്നെയാണേ... അവരെ അന്ന് കുറ്റപ്പെടുത്തിയെങ്കിലും പിന്നീട് പലപ്പോഴും നമ്മള്‍ നന്ദിയോടെ ഓര്‍ക്കും ഒരു പക്ഷേ അവര്‍ കൂടുതല്‍ കഷ്ടപ്പെടാന്‍ തയ്യാറാവുന്നതും അതിനുവേണ്ടി തന്നെയാവും.
(June 7, 2012)