ആരും ചോദിച്ചിട്ടില്ലാത്ത ചോദ്യങ്ങള്‍ക്ക് എന്റെ സ്വന്തം ഉത്തരങ്ങള്‍...
Monday, July 07, 2008
ഭാവി വധുവിന്, ഒരു തുറന്ന കത്ത്
ഞാന്‍ ഇവിടെ അടിച്ചു പൊളിച്ച്, സുഖമായി കഴിയുകയല്ല. നീ ഇങ്ങനെ തുടങ്ങിയാല്‍ ഞാനിനി എന്തു ചെയ്യും. പെണ്ണുങ്ങളായാല്‍ കുറച്ച് ഉത്തരവാദിത്തബോധം വേണം. ഇവിടൊരുത്തന്‍ ഒറ്റക്കു കിടന്നു കഷ്ടപ്പെടുന്നത് നീ കാണുന്നില്ലേ. ഇനിയെങ്കിലും നിനക്കൊന്നു വന്നുകൂടേ? നിന്നെയും തിരക്കി ഞാന്‍ നടക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ഇനിയും കാക്കണോ ഞാന്‍? എല്ലാറ്റിനും ഒരു പരിധിയുണ്ട്. ഇനിയും ഇങ്ങനെ പോവുകയാണെങ്കില്‍, ഞാന്‍... പിന്നെ.... വേണ്ടെന്നു വച്ചു കളയും. നിന്റെ മുഖഛായയെങ്കിലുമുള്ള ഒരു പെണ്ണിനെയെങ്കിലും കണ്ടിരുന്നെങ്കില്‍, ഞാന്‍ ഇതിനു മുന്‍പ് കെട്ടിയേനെ. കാണാത്തത് നിന്റെ ഭാഗ്യം എന്നു കരുതിക്കോളൂ. നിനക്കെന്താടീ ഞാന്‍ പറയുന്നതൊന്നും മനസ്സിലാകുന്നില്ലേ? കഴിഞ്ഞ മാസം കഷ്ടിച്ച് കണ്ടെത്തിയെന്നു കരുതിയതാ, അപ്പോഴേക്കും പൊളിഞ്ഞു. അപ്പോഴാ മനസ്സിലായത് അത് നീയല്ലെന്ന്. ഇനി നിന്നെ കെട്ടിയാല്‍ തന്നെ എന്റെ അവസ്ഥ എന്താകുമെന്നറിയില്ല. എങ്കിലും ഒരു നാട്ടുനടപ്പെന്നു കരുതിയാ നിന്നെയും തപ്പി നടക്കുന്നത്. അല്ലാതെ... നിനക്കാണെങ്കില്‍ ഇതൊന്നും കണ്ട ഭാവമില്ല. ഓരോ ദിവസം കഴിയും തോറും എനിക്ക് (നിനക്കും) പ്രായം കൂടിക്കൂടി വരികയാണ്. ഒടുവില്‍ നേരില്‍ കാണുമ്പോള്‍ പ്രായം കൂടുതലാണെന്നു പറഞ്ഞ് വേണ്ടെന്നോ മറ്റോ പറഞ്ഞാല്‍, നിന്നെ ഞാന്‍....
എന്റെ പൊന്നു ഫീമെയിലേ ഈ കത്തു കണ്ടാലെങ്കിലും എനിക്ക് ഒരു ഇമെയില്‍ അയയ്ക്കുക. തുറന്ന കത്താണെന്നു കരുതി വിലകുറച്ചു കാണരുത്. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന് ഓര്‍ക്കുക, ഒന്നു വേണമെന്നു വയ്ക്കൂ, പ്ലീസ്....
എന്ന്,
സ്വന്തം പ്രതിശ്രുത വരന്‍.
ഇതാണോ ഗള്‍ഫ്...!!
റോഡിന്റെ ഇരുവശങ്ങളിലും വലിയ കെട്ടിടങ്ങള്‍ പ്രതീക്ഷിച്ചു. എവിടെ! കുറേ ദൂരത്തോളം ഇരുവശങ്ങളിലും കുന്നുകള്‍ മാത്രം. ഈശ്വരാ, ഒമാനില്‍ റോഡുകള്‍ മാത്രമേയുള്ളോ. ഇടയ്ക്കിടക്ക് ചിലയിടങ്ങളില്‍ കുറച്ചു കടകളും മറ്റും കണ്ടു. അത്രയും ആശ്വാസം. ഒടുവില്‍ നിസ്വയിലെത്തി ഏസി റൂമില്‍ കയറിയതും ശ്വാസം നേരെ വീണു. ഗള്‍ഫില്‍ ജീവിക്കാന്‍ വേണ്ട അടിസ്ഥാന ഘടകങ്ങള്‍ ഞാന്‍ മാറ്റിക്കുറിച്ചിട്ടു; വായു, വെള്ളം, ഭക്ഷണം, പാര്‍പ്പിടം, ഏസി. ഉച്ചക്ക് ഒന്നു കുളിച്ചു ഫ്രഷാകാമെന്നു കരുതി ബാത്റൂമില്‍ കയറി, പൈപ്പ് തുറന്നതും കൈപൊള്ളിച്ചു കൊണ്ട് തിളച്ച വെള്ളം വരുന്നു. ഹീറ്ററിന്റെ പൈപ്പായിരിക്കും, ഞാന്‍ അടുത്ത പൈപ്പ് തുറന്നു, തഥൈവ. ചമ്മി പുറത്തിറങ്ങി. എന്റെ ബന്ധു ചിരിച്ചു കൊണ്ട് നില്പ്പുണ്ട്. "ഇപ്പോ കുളിക്കാന്‍ പറ്റില്ല, വെള്ളം ഭയങ്കര ചൂടായിരിക്കും. രാത്രിയാകട്ടെ". അപ്പോള്‍ രാത്രിയായാല്‍ സംഗതി ഓക്കെ. ഞാന്‍ ആശ്വസിച്ചു. രാത്രിയാണ് ഞാന്‍ റൂമില്‍ നിന്നും പുറത്തിറങ്ങിയത്. സമയം എട്ടു മുപ്പത്. പുറത്തെ ചൂടിന് വലിയ മാറ്റമൊന്നുമില്ല. രാത്രിയും കണക്കു തന്നെ. ചെറിയ ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ച് റൂമിലെത്തി. നാളെ വൈകുന്നേരം സലാലയിലേക്ക് പോകണം, ആദ്യത്തെ കുറച്ചു മാസങ്ങള്‍ അവിടെയാണ് ജോലി (ഒരു കമ്പനിയില്‍ അക്കൗണ്ടന്റായാണ്). സലാല കേരളം പോലെയാണത്രെ. സന്തോഷം, കേരളം പോലെയാകണമെന്നില്ല, തല്‍ക്കാലം തമിഴ് നാടായാലും മതി. ഭാരത് മാതാ കി ജയ്. സലാലയിലേക്ക് ബസിലാണ് യാത്ര, തൊള്ളായിരം കിലോമീറ്ററോളം ഉണ്ടത്രെ യാത്ര. രാവിലെ ആറരയ്ക്ക് അവിടെയെത്തും. ബസില്‍ ഏസി ഉള്ളതു കാരണം ചൂടറിയുന്നില്ല. എന്തായാലും പുറത്തു നല്ല ചൂടായിരിക്കും. ആറ് മണി ആകാറായപ്പോള്‍ ബസ് ഒരു കുത്തനെയുള്ള ഇറക്കം ഇറങ്ങുകയായിരുന്നു. മലകള്‍ കയറിയിറങ്ങിയാണ് യാത്ര. മഞ്ഞ് മൂടിയ ദൂരെക്കാഴ്ച്ചകള്‍ കണ്ടപ്പോള്‍ തന്നെ സലാല എനിക്കിഷ്ടമായി. കുറച്ചു കൂടിപോയപ്പോള്‍ നല്ല പച്ചപ്പുള്ള സ്ഥലങ്ങള്‍ കണ്ടു. മരങ്ങളും, പുല്‍ത്തകിടികളും റോഡിനിരുവശത്തും വച്ചു പിടിപ്പിച്ചിട്ടുണ്ട്. കേരളം വൃത്തിയാക്കിയെടുത്തതു പോലെയുണ്ട്. ഇടയ്ക്കിടയ്ക്ക് തെങ്ങുകള്‍ കൂടി കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഇപ്പോള്‍ ഞാന്‍ സലാലക്കാരനാണ്. വാഴത്തോപ്പുകളും, തെങ്ങിന്‍ തോപ്പുകളും എല്ലാം ഉണ്ട് സലാലയില്‍. ഇവിടം പണ്ട് കടലായിരുന്നത്രെ. കേരളം പോലെ കടല്‍ പിന്‍ വാങ്ങി ഉണ്ടായതാണത്രെ സലാല. ഏതെങ്കിലും അറബി പരശുരാമന്‍ മഴു എറിഞ്ഞോ എന്നറിയില്ല :) ഇവിടെ എവിടെ കുഴിച്ചാലും വലുതും ചെറുതുമായ ഉരുളന്‍ കല്ലുകള്‍ കിട്ടും. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഇവിടെ മഴക്കാലമാണ്. ചിലപ്പോഴൊക്കെ ചെറിയ വെള്ളപ്പൊക്കങ്ങള്‍ പോലും ഉണ്ടാകാറുണ്ട്. മറ്റു സ്ഥലങ്ങളിലെ അറബികള്‍ ഇവിടെ ടൂറിനു വരും. ഈ സീസണില്‍ റൂമുകള്‍ക്കൊക്കെ ഭയങ്കര വാടകയാണ്. ചിലരൊക്കെ തുറസ്സായ സ്ഥലങ്ങളില്‍ ടെന്റുകള്‍ കെട്ടി താമസിക്കും. ഇവന്മാരുടെ ഭാവം കണ്ടാല്‍ തോന്നും മറ്റാരും മഴ കണ്ടിട്ടില്ലെന്ന്. എന്തായാലും നിശ്ശബ്ദമായി നൂലു പോലെ പെയ്യുന്ന സലാലയിലെ മഴ കാണാന്‍ ഒരു ഭംഗിയുണ്ട്. ഞാന്‍ ജോലി ചെയ്യുന്നത് ഒരു അറബിയുടെ കമ്പനിയിലാണ്, പുള്ളിയാണ് ജനറല്‍ മാനേജരും. ആള്‍ പാവമാണ്. പുള്ളിക്ക് നാലഞ്ച് ഇംഗ്ലീഷ് വാക്കുകള്‍ അറിയാം, അതും കൊണ്ടാണ് ജീവിതം, പാവം അറബി. അങ്ങേരുടെ മകന് (കൊച്ചറബി) ഇംഗ്ലീഷ് അറിയാം, പുള്ളി നല്ല കമ്പനിയാണ്. അത്രയേ ഉള്ളൂ ഇവിടെ ആശ്വസിക്കാന്‍; മുതലാളിമാരെ പേടിക്കേണ്ടല്ലോ.
ഇതൊക്കെ എന്റെ മാത്രം കാഴ്ച്ചപ്പാടുകളാണ് കേട്ടോ, ഒമാനിലെ മറ്റു സ്ഥലങ്ങളെ പറ്റി എനിക്കറിയില്ല. വലിയ വ്യത്യാസമൊന്നുമില്ലെന്നാണ് കേട്ടത്. ഒമാന്‍ വളര്‍ച്ചയുടെ പാതയിലാണ്. വളരട്ടെ..., കൂട്ടത്തില്‍ ഞാനും.
Monday, March 31, 2008
ഫനായിലെ മറ്റൊരു കവിത
sachi chahat to sada bezuban hoti hai,
pyar mai dard bhi mile to kya gabrana,
suna hai dard se chahat aur jawan hoti hai
കണ്ണുകള്‍ പ്രണയത്തില്‍ ഹൃദയത്തിന്റെ നാവാണ്.
യഥാര്‍ത്ഥ പ്രണയം എപ്പോഴും മൂകവുമാണ്.
പ്രണയം വേദന നല്‍കിയാലും എന്തുണ്ട് ഭയക്കാന്‍,
വേദനയില്‍ പ്രണയം കൂടുതല്‍ ചെറുപ്പമാകുമത്രെ.
Saturday, March 29, 2008
‘ഫനാ’ - പരിഭാഷ
Dur Humse Jaa Paoge Kaise,
Humko Bhool Paoge Kaise.
Hum Who Khushbu Jo Saanson Mein Utar Jaye,
Khud Apni Saanxon Ko Rok Paoge Kaise..
നിനക്കെന്നില്‍ നിന്നും അകലുവാനെങ്ങിനെ കഴിയും ?
എന്നെ മറക്കുവാന്‍ എങ്ങിനെ കഴിയും ?
ഞാന്‍ നിന്റെ ശ്വാസത്തില്‍ കലരുന്ന സുഗന്ധമാണ്,
സ്വന്തം ശ്വാസത്തെ തടയാന്‍ നിനക്കെങ്ങിനെ കഴിയും ?
[ ഹിന്ദി അറിയാവുന്നവരുടെ ശ്രദ്ധയ്‌ക്ക് : ഹിന്ദി അറിയാവുന്നവര്‍ക്ക് ഹിന്ദി അറിയാത്തവരെ ചീത്ത പറയാന്‍ ഇന്ത്യന്‍ നിയമപ്രകാരം യാതൊരു അവകാശവുമില്ലാത്തതാകുന്നു. എന്നെ ഒന്നും ചെയ്യരുത് പ്ലീസ്.... :) എല്ലാവരും ദയവായി അഭിപ്രായം പറയുക. ]
Thursday, March 27, 2008
മഴക്കുറിപ്പ്...
Friday, February 29, 2008
പ്രണയമഴ (കവിത)
ണ്ടൊരു പാട്ടു കേള്‍പ്പൂ ദൂരെ നിന്നും.
കരിയിലകള്‍ക്കു മുകളിലൂടെങ്ങുന്നോ
ഓടി വരുന്നോരു പഴയ മഴ;
എന്‍ ക്ലാസ്സുമുറിയുടെ മേല്‍ക്കൂരയില്‍ വന്നു
പ്രണയമായ് പെയ്യുന്നിരു ഹൃദയങ്ങളില്‍.
ഏറെ മുഖങ്ങള്‍ക്കിടയിലാണെങ്കിലും
പ്രിയമെഴുമാമുഖം മാത്രം കണ്ട്
പ്രണയാര്‍ദ്രമാമാ മിഴികളില്‍ നോക്കവേ
ഹൃദയത്തിലാ വിരല്‍ തൊടുന്ന പോലെ.
കണ്ണുകള്‍ ചേരുമ്പോള്‍ ഹൃദയം തുടിക്കുന്ന
പ്രണയത്തിന്‍ അത്‌ഭുതമറിയുന്നു ഞാന്‍,
നിന്‍ കണ്ണില്‍ നോക്കുമ്പോള്‍ ഈ ഭൂവിലന്നേരം
നാം രണ്ടും മാത്രമാണെന്ന പോലെ.
വര്‍ഷങ്ങള്‍ക്കിപ്പുറം ആ മുഖമോര്‍ക്കുമ്പോള്‍
ആര്‍ദ്രനായ് പോവൂ ഞാനെന്തു കൊണ്ടോ.
കാലത്തിനാവില്ല മറ്റൊന്നു നല്‍കുവാന്‍
പ്രണയത്തിന്‍ സുഖത്തിന്നു പകരം വയ്‌ക്കാന്‍.
Thursday, February 28, 2008
നിരാശ (കവിത)
കാലമേ,
നീ നിന്റെ ദംഷ്‌ട്രകളാല്‍
എന്റെ ഹൃദയം കടിച്ചു കീറുക,
ഇതു നീ ബാക്കി വയ്‌ക്കരുത്.
നിന്റെ തേരുരുള്‍ച്ചയില്‍ പിടച്ചെന്നെ
ഭയപ്പെടുത്തുന്നത് ഇവനാണ്.
തല ചായ്‌ച്ചു കരയാന്‍ സ്വന്തം തോളു പോലും
ഇല്ലാത്തവന് ഹൃദയം ഒരു ഭാരമാണ്,
അതുകൊണ്ട് ഇതു മാത്രം നീ ബാക്കി വയ്‌ക്കരുത്.
എന്റെ കൈകള്‍ കൂടി നീയെടുത്തേക്കുക
ഇനി എനിക്കൊന്നും സ്വന്തമാക്കാനില്ല.
ദാനമായിപ്പോലും ഒന്നും ലഭിക്കാനില്ലാത്തവന്
കൈകള്‍ വെറും അലങ്കാരമാണ്.
കാലുകള്‍ നിന്റെ കുട്ടികള്‍ക്കു കൊടുക്കുക,
അവര്‍ക്കത് കുതിരകളായേക്കാം.
ദൂരങ്ങള്‍ കീഴടക്കാനില്ലാത്തവന്
കാലുകള്‍ ഒരു ബാദ്ധ്യതയാണ്.
കണ്ണുകളും കാതുകളും കഴുകന്മാര്‍ക്കു കൊടുക്കുക
ഇവയെന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു.
അറിവുകളെ വെറുക്കുന്നവന്
ഇന്ദ്രിയങ്ങള്‍ ഒരു ശല്യമാണ്.
അസ്ഥികള്‍ മാത്രം ശേഷിച്ചേക്കാവുന്ന ഈ ഉടലില്‍
നീ ഒരു മനസ്‌സു കണ്ടെത്തിയാല്‍
കുറച്ചു സ്വപ്‌നങ്ങള്‍ മാത്രം ബാക്കി വച്ചേക്കുക;
എന്റെ ആയുസ്സില്‍ അവശേഷിച്ച ഒരു യുഗം
ഞാന്‍ അവയോടൊപ്പം കഴിഞ്ഞുകൊള്ളാം.
Sunday, January 27, 2008
എന്റെ ദൈവം (കവിത)
ഹൃദയം നിറഞ്ഞു ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു,
കണ്ണു നിറഞ്ഞു ഞാന്‍ യാചിച്ചിരുന്നു,
എനിക്ക് എല്ലാറ്റിനും ദൈവം ഉണ്ടായിരുന്നു.
ദൈവം എനിക്ക് പ്രതീക്ഷയുടെ കൈ തന്നു,
ശാസ്‌ത്രം യാഥാര്‍ത്ഥ്യത്തിലേയ്‌ക്ക് തള്ളിയിട്ടു.
ഞാന്‍,
വിശ്വാസങ്ങളുടെ പഴമയും അഴുക്കും പുരണ്ട,
എന്റെ ദൈവത്തിന്റെ കറുത്ത കരങ്ങള്‍ വിട്ട്,
സൂത്രവാക്യങ്ങളും, നിര്‍വചനങ്ങളും തേടിപ്പോയി.
ഇപ്പോള്‍ ഞാന്‍,
ദൈവത്തിനും ശാസ്ത്രത്തിനും ഇടയ്‌ക്ക്
എവിടെയോ ആണ്,
അഥവാ, എവിടെയുമല്ല.
ഞാനിപ്പോള്‍ മൂകനാണ്,
നിലാവെന്നില്‍ കവിത നിറയ്‌ക്കുന്നില്ല,
പകരം പ്രകാശദൂരങ്ങളുടെ കണക്കുകള്‍ മാത്രം.
തിരകളെന്റെ മനസ്സുണര്‍ത്തുന്നില്ല,
ഏതോ പ്രകമ്പനങ്ങളുടെ ഓര്‍മ്മകള്‍ മാത്രം.
ഞാന്‍ ഒരു മടക്ക യാത്ര ആഗ്രഹിക്കുന്നു,
എന്റെ ആ പഴയ വീട്ടിലേയ്‌ക്ക്.
ഞാനും എന്റെ ദൈവവും കുറേ വിശ്വാസങ്ങളും,
വിളക്കെണ്ണയുടെ ഗന്ധവും ഭസ്‌മവും,
പഴമയില്‍ നിറം മങ്ങിയ വിളക്കും,
എന്റെ, പഴയ കുഞ്ഞു കാല്‌പ്പാടുകളും,
കൃഷ്‌ണതുളസിയും കൊന്നയും മുല്ലയും,
കവിതയുണര്‍ത്തുന്ന നിലാവും മഴയും,
സ്വപ്‌നവും പ്രതീക്ഷയും പിന്നെ,
നിറയെ സ്‌നേഹവുമുള്ള എന്റെ,
ആ പഴയ വീട്ടിലേയ്‌ക്ക്,
ഞാന്‍ തിരികെ പൊയ്‌ക്കോട്ടെ,
ആരേയും കൂട്ടാതെ....
എന്നെ വിട്ടേക്കൂ തിരികെ വരില്ല ഞാന്‍,
ഭീരുവെന്നാര്‍ത്താലും.
Wednesday, January 23, 2008
ഒറ്റയ്‌ക്ക് (കവിത)
ഞാനിവിടെ ഒറ്റയ്‌ക്കാണ്
കാഴ്‌ചകള്‍ കണ്ണുകളെ വിട്ടു പോയി
ശബ്ദങ്ങള്‍ ചെവികളെയും.
സ്വപ്‌നങ്ങള്‍ ഹൃദയം വിട്ടു,
ഓര്‍മ്മകള്‍ മനസ്സിനേയും.
ഈ അതിശൈത്യത്തില്‍
ഒരുടുപ്പു പോലുമില്ലാതെ
ഞാന്‍ ഒറ്റയ്‌ക്കാണ്.
ഞാന്‍ നെയ്‌ത സ്വപ്‌നങ്ങള്‍
ഉടുപ്പിനു പകരമാവില്ലെന്ന്
നീ എന്നെ വിട്ടു പോയി.
എന്റെ പിടിയില്‍ നിന്ന് ഊര്‍ന്നുപോയ,
നിന്റെ വിരലുകള്‍ ഒടുവിലെ സ്പര്‍ശം.
വെറുപ്പില്‍ കരുവാളിച്ച നിന്റെ മുഖം,
ഒടുവിലെ ഓര്‍മ്മ.
അകന്നു പോയ നിന്റെ കാലടികള്‍,
ഒടുവിലെ ശബ്‌ദം.
കണ്ണീരില്‍ മറഞ്ഞ് മങ്ങിയഎന്റെ മുറി,
ഒടുവിലെ കാഴ്‌ച.
ബാക്കിയായ ഒരു വെറും പ്രതീക്ഷ,
വളര്‍ന്ന് സ്വപ്‌നമായ്,
സ്വപ്‌നങ്ങള്‍ ഓര്‍മ്മകളായ്,
ഒടുവില്‍ നിന്റെ വിരല്‍സ്‌പര്‍ശ-
മാകുന്നതും കാത്ത്
ഞാനിവിടെ ഒറ്റയ്‌ക്കാണ്,
നീയില്ലാതെ...
Friday, January 18, 2008
ഷിബുവും, ഡംബലും, പിന്നെ ഞാനും : (കദന) കഥ
നന്ദികെട്ടവന്‍ എന്ന പേരൊഴിവാക്കാന്‍ ആദ്യമേ പറയട്ടെ ഷിബുവിന് സ്വന്തമായി രണ്ടു ഡംബലുകള്‍ ഉണ്ട്, അതാണ് ഞാനും മറ്റെല്ലാ ശരീര സൌന്ദര്യാരാധകരും ഉപയോഗിയ്‌ക്കുന്നത്. പക്ഷേ, ആ ജീവിയുടെ മുന്നില്‍ ഞാന്‍ ഈ നന്ദി കാണിയ്‌ക്കാറില്ല.
[ ഡംബല്‍ കണ്ടിട്ടില്ലാത്തവര്‍ക്ക് കാണനായി ഒരെണ്ണം ()-----(). ]
ഷിബുവിന് 3 തരം പെര്‍ഫ്യൂമുകളും, 2 പൌഡറുകളും (ഉച്ചയ്‌ക്ക് ഒന്നു് രാവിലെ ഒന്ന്), 4 തരം ക്രീമുകളും ഉണ്ട്. ഇവയില്‍ ക്രീമുകള്‍ മാത്രം ഞങ്ങള്‍ (ഞങ്ങള്‍=ഞാന്‍+മറ്റുള്ളവര്‍) അടിച്ചു മാറ്റി ഉപയോഗിയ്‌ക്കാറുണ്ട്. ബാക്കിയെല്ലാം അവന്‍ മണത്തു കണ്ടു പിടിയ്‌ക്കും (നാണം കെട്ടവന്‍!). ഷിബുവിന് കണ്ണാടിയുടെ മുന്നില്‍ നിന്നാലേ ഡംബല്‍ പ്രയോഗം വരുള്ളു. വ്യയാമ(പ്രദര്‍ശന)ത്തിന് ശേഷം 5-10 മിനുട്ടുകള്‍ തന്റെ മസിലുകളെക്കുറിച്ചുള്ള പൊങ്ങച്ചവും, അന്യരെ പുച്‌ഛിക്കലുമാണ് പ്രത്യേകിച്ച്` എന്നെ (ഗര്‍ര്‍ര്‍ര്‍.. അവനെ ഞാന്‍ :-E ). പിന്നെ ക്രീം തേപ്പ്. കുളിക്കുന്നതിന് മുന്‍പ് തേച്ചാല്‍ വെളുക്കുമത്രെ. വെളുക്കും, വെളുക്കും.. ഇങ്ങനെ പോയാല്‍ പോക്കറ്റും വെളുക്കും കുടുംബവും വെളുക്കും.
അന്നു ഞാന്‍ വല്ല്ലാത്ത ഒരു ഉടക്കു മൂഡിലായിരുന്നു (എന്താണെന്നറിയില്ല, ഈയിടെയായി ഒരു....). രാവിലെ നല്ല തണുപ്പുണ്ട്. ഷിബു ഡംബലെടുത്തതേയുള്ളു. ഇനിയിപ്പോ അരമണിക്കൂര്‍ പ്രതീക്ഷിക്കേണ്ട. വെറുതേയിരുന്നു മടുത്തു, ഇനി കുറച്ചു റെസ്റ്റെടുക്കാം. ഞാന്‍ താഴെ ഇരുന്നു. അവന്റെ മസിലുകള്‍ വികസിച്ചും ചുരുങ്ങിയും വരുന്നത് കണ്ട് അസൂയ തോന്നുന്നു. എന്റെ കൈ വെറുതേ പിടിച്ചു നോക്കി. കരച്ചില്‍ വരുന്നു. ങാ.. എനിക്കും ഒരു സമയം വരും (സമയം വരും, അന്നു വൈകിട്ടായിരിക്കും ശവമടക്ക്).
ഒന്നു രണ്ടവന്മാര്‍ മെനക്കെട്ടിരുന്ന് ഷിബുവിനെ പുകഴ്ത്തുകയാണ്. “ഷിബുവിനെ ഇപ്പോള്‍ കണ്ടാല്‍ ഏതു കൊമ്പനും ഒന്നു പേടിയ്‌ക്കും”.
ഇതു കേട്ടതോടെ എന്റെ കണ്‍ട്രോള് പോയി. ഷിബുവിന്റെ മുഖത്താണെങ്കില്‍ ഒരു കുളിര്.
“ഇവനാര് പാപ്പാനോ, കൊമ്പനെ പേടിപ്പിക്കാന്‍.”, എന്റെ വക എളിയ കമന്റ്.
ഷിബുവിന്റെ മുഖം കറുത്തു, പല്ലുകടിച്ചുകൊണ്ട് എന്റെ നേരെ ഒരു ചാട്ടം.
“പാപ്പാന്‍ നിന്റെ ത..“, പകുതി വച്ച് അവന്‍ വിഴുങ്ങി.
ങേ...എന്റെ പാവം അച്ഛന്‍! ഇവനെ ഇന്നു ഞാന്‍ ശരിയാക്കും. ഞാന്‍ ചാടിയെഴുന്നേറ്റു.
“എടാ പട്ടീ..“, എന്റെ നാവില്‍ ഇത്രയേ വരത്തൊള്ളൂ.
എന്റെ കളരി പരമ്പര ദൈവങ്ങളേ (ആരെങ്കിലും പിടിച്ചു മാറ്റണേ) എന്നു പ്രാര്‍ത്ഥിച്ച് ഞാന്‍ ഷിബുവിന്റെ നെഞ്ചിനുനേരെ ഇടത്തേക്കാലുയര്‍ത്തി ചവിട്ടി (ഈശ്വരാ ഈ കാല് പൊങ്ങുന്നില്ലല്ലോ, കഷ്‌ടിച്ച് അവന്റെ വയറു വരെയെത്തി). രക്ഷപെട്ടു, മറ്റവന്മാര്‍ ഇടപെട്ടു.
“നീയാരെടാ വിജയകാന്തോ ? കാലുപൊക്കി ചവിട്ടാന്‍ ?“, കൂട്ടത്തിലൊരുത്തന്റെ താങ്ങ്.
പോട്ടെ, എന്നെ പിടിച്ചു മാറ്റിയതു കൊണ്ട് ഞാന്‍ അവനോട് ക്ഷമിച്ചു.ഷിബു കണ്ണുകള്‍ കലങ്ങിച്ചുവന്ന് തിളച്ചു നില്‌ക്കുകയാണ്.
“നീയെന്താടാ ‘എന്നെ’ പേടിപ്പിക്കുന്നോ ?”, അവന്‍ വിടാന്‍ ഭാവമില്ല
ഈശ്വരാ, വേണ്ടായിരുന്നു. സ്വന്തം മാനം കാക്കാന്‍, ഞാന്‍ രണ്ടും കല്‌പ്പിച്ചിറങ്ങി. അവനെ പിടിച്ചു തള്ളാനാഞ്ഞു. ആരോ പിന്നില്‍ നിന്നും പിടിച്ചു, എന്റെ കാല്‍ അറിയാതെ ഉയര്‍ന്ന് ഷിബുവിന്റെ..., അതേ അവിടെത്തന്നെ, കൊണ്ടു. ഷിബുവിന്റെ രണ്ട് ഉണ്ടക്കണ്ണുകളും മാക്സിമം പുറത്തേക്കു തള്ളി. കക്ഷി സംഭവസ്ഥലവും പൊത്തിപ്പിടിച്ചു് കുനിഞ്ഞു നില്‌പ്പാണ്. മറ്റുള്ളവര്‍ അടുത്തു ചെന്ന് ആശ്വസിപ്പിക്കുന്നു. തടവാന്‍ പറ്റാത്ത സ്ഥലമായതിനാല്‍ ആരും പ്രഥമ ശുശ്രൂഷയ്‌ക്ക് മുതിരുന്നില്ല. ഞാന്‍ കുറ്റവാളിയെ പോലെ ദൂരെ മാറി നില്‍പ്പാണ്. ഒന്ന് പോയി സംസാരിച്ചാലോ ? വേണ്ട, അവന്‍ കൂടുതല്‍ വയലന്റാകും.
ഹൊ, അവന്‍ നിവര്‍ന്നു. എന്റമ്മോ, ദാ സ്‌ലോമോഷനില്‍ എന്റടുത്തേക്ക് വരുന്നു.
ക്യാമറ, ആക്ഷന്‍, ഡയലോഗ്..
“എടാ...”, അവന്‍ വിരല്‍ ചൂണ്ടി എന്റെ നേര്‍ക്ക്. കണ്ണില്‍ നിന്നും തീപ്പൊരി പാറുന്നു (ചുമ്മാ). ഞാന്‍ പതുങ്ങി, ഇപ്പോ അടിവീഴും.
“എടാ...ഞാന്‍ മൂത്രമൊഴിച്ചിട്ടു വരട്ടെ... വല്ല കുഴപ്പവുമുണ്ടെങ്കില്‍... നിന്നെ...”, അവന്‍ നേരെ ബാത്ത്‌റൂമിലേയ്‌ക്ക്.
അയ്യേ...ഇവന്‍.... എന്തായാലും മറ്റുള്ളവരുടെ മുന്നില്‍ സ്വന്തം മാനം കളയരുതല്ലൊ, ഞാന്‍ മസിലും പിടിച്ചു നിന്നു. അല്ല, ഇനി വല്ല കുഴപ്പവുമുണ്ടെങ്കില്‍...? അവനു വേണ്ടിക്കൂടി ഞാന്‍ മൂത്രമൊഴിക്കേണ്ടി വരുമോ ? പിന്നല്ല.
‘ഈശ്വരാ, അവന്‍ മൂത്രമൊഴിയ്‌ക്കണേ’ എന്ന് ലോകത്തില്‍ ആദ്യമായി പ്രാര്‍ത്ഥിച്ചയാള്‍ എന്ന റെക്കോര്‍ഡ് എന്റെ പേരിലായി എന്ന് അപ്പോള്‍ ഞാനറിഞ്ഞു. ‘അവിടെ‘ ചവിട്ടു കിട്ടിയതിന്റെ വിവിധ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുകയാണ് മറ്റുള്ളവര്‍. തല്ലുകൊള്ളികള്‍, എല്ലാവന്മാര്‍ക്കും ചവിട്ടോ അടിയോ കൊണ്ടിട്ടുണ്ട്. ദാ ഷിബു പുറത്തിറങ്ങി. എല്ലാവരും ആകാംക്ഷയോടെ നോക്കി. അവന്റെ മുഖത്ത്` ഒരു ആശ്വാസം കാണുന്നുണ്ട്. കൊച്ചു കള്ളന്‍, മൂത്രമൊഴിച്ചു അല്ലേ. എന്റെ ശ്വാസം നേരെ വീണു. പിന്നെ അധികം വൈകിയില്ല, ഞാന്‍ ഓടി ബാത്ത്‌റൂമില്‍ കയറിയതും കുളിച്ചതും ഭക്ഷണം കഴിച്ചതും, ഓഫീസിലേക്കോടിയതും റെക്കോര്‍ഡ് സമയത്തിലായിരുന്നു.
അന്നു വൈകിട്ടാണ് കഥയുടെ ‘കദന‘ഭാഗം നടന്നത്. എനിക്ക് അത്യാവശ്യമായി 2000 രൂപ വേണം. എല്ലാവരോടും തെണ്ടി.
മലര്‍ത്തിക്കാണിച്ച കൈകള്‍ = (മൊത്തം സ്റ്റാഫിന്റെ എണ്ണം x 2) - 2 (ഞാന്‍ പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പാണേ. ഭയങ്കര കണക്കാ). മൈനസ് ചെയ്ത രണ്ട്, ഷിബുവിന്റെ കറുത്ത കരങ്ങളാണ്.
ഇനി ആരോടു ചോദിക്കും. ആകപ്പാടെ പൈസ കയ്യിലുള്ളത് ഷിബുവിനാണ്. രാവിലത്തെ സംഭവ വികാസങ്ങള്‍ വച്ചു നോക്കിയാല്‍ അവന്‍ രൂപ തരാനുള്ള വിദൂര സാധ്യത പോലുമില്ല. എന്തായാലും ഒന്നു ശ്രമിച്ചു നോക്കാം. നാണമില്ലാത്തവന് ഒന്നും നഷ്‌ടപ്പെടാനില്ലല്ലോ. അവന്‍ എന്നെക്കൊണ്ടും മൂത്രംപോക്ക് ടെസ്റ്റ് ചെയ്യിക്കുമോ എന്നൊരു പേടിയുണ്ട്. ഷിബുവിന്റടുത്തുപോയി ഇരുന്നു (ഇരന്നത് പിന്നീടാണ്). ഷിബു കമ്പ്യൂട്ടറില്‍ കണ്ണും നട്ടിരിപ്പാണ്. എന്നെ കണ്ടു കാണും, മഹാപാപി മൈന്‍ഡ് ചെയ്യുന്നില്ല.
“ഷിബൂ...”, രണ്ടും കല്‍പ്പിച്ചു വിളിച്ചു.
“ങും...?”, മുഖത്തു നോക്കാതെ (മാടന്‍) മുരണ്ടു.
“പിന്നെ... വര്‍ക്കൊക്കെ തീര്‍ന്നോ ?”, ഞാന്‍ സോപ്പെടുത്തു പതപ്പിച്ചു.
“ങാ, ഏകദേശം. എന്താ...? “, കടുപ്പത്തിലാണ് മറു ചോദ്യം (വെള്ളം കുറവാണ്, സോപ്പ് പതയുന്നില്ല.
നിന്റമ്മൂമ്മേ കെട്ടിക്കുന്നോന്നറിയാന്‍, പിന്നല്ലാണ്ട്... ഞാന്‍ പല്ലുകടിച്ചു.
“ ഏയ് ചുമ്മാ ചോദിച്ചതാ...”, ഇത്രയുമേ പറഞ്ഞുള്ളു (പേടിയുണ്ടേ).
“എന്നാലും രാവിലത്തെപ്പണി കടുത്തു പോയി. എന്റെ ജീവന്‍ പോയതു പോലാരുന്നു.”, ഷിബു മനസ്സു തുറന്നു.
രക്ഷപെട്ടു, ഇതിലേ പിടിച്ചു കയറാം.
“അയ്യോ, അതൊരു അബദ്ധം പറ്റിയതാ. വേണമെന്നു കരുതി ചെയ്‌തതല്ല (ആഗ്രഹിച്ചതാണെങ്കിലും). ഇപ്പോ കുഴപ്പം വല്ലതുമുണ്ടോ”, ഞാന്‍ ദീനാനുകമ്പനായി.
“ഹേയ്, ഇല്ല”, ഷിബു ചിരിച്ചു.
“ഞാന്‍ വെറുതേ തമാശയ്‌ക്ക് കളിയാക്കുന്നെന്നേയുള്ളു, കേട്ടോ, ഷിബുവിന്റെ ബോഡി എന്തൊക്കെ പറഞ്ഞാലും കിടിലന്‍ തന്നാ..”, ഞാന്‍ അവന്റെ കയ്യില്‍ പിടിച്ചു ഞെക്കി നോക്കി, “ഇരുമ്പു പോലുണ്ട്”. കണവ മീന്‍ ഞെക്കി നോക്കിയ പോലുണ്ട്. എന്തു ചെയ്യാനാ, പണം കണ്ണു മറയ്‌ക്കുന്നു.
“ഷിബു ലീവിന് പോകുന്നില്ലേ”, സോപ്പ് വീണ്ടും പതഞ്ഞു തുടങ്ങി.
“ഓ, ഇനി അടുത്ത മാസമേ പോകുന്നുള്ളു. ...ഈ ഞായറാഴ്ച്ച നീ ബീച്ചില്‍ വരുന്നോ, കോവളത്ത്“.
സോപ്പിന്റെ പവറേ (ചുമ്മാതല്ല ലക്സാ, ലക്സ്).
“പിന്നെന്താ പോയിക്കളയാം...”, ഞാന്‍ ഇളിച്ചു കാട്ടി (സത്യമായും അത് ചിരിയല്ലായിരുന്നു).
“ശരി ഞാന്‍ ചായ കുടിച്ചില്ല. പോട്ടെ ?”, ഞാന്‍ എഴുന്നേറ്റു തിരിഞ്ഞു.
ഷിബു വീണ്ടും കമ്പ്യൂട്ടറിലേക്കാക്കി നോട്ടം.
ഞാന്‍ നാടകീയമായി തിരിഞ്ഞു നോക്കി, ചോദിച്ചു, “ഷിബൂ, പിന്നേ... ഒരു 2000 രൂപ തരാനുണ്ടാവുമോ, അടുത്തയാഴ്ച്ച തിരിച്ചു തരാം”.
മനസ്സില്‍ ഞാന്‍ തലതല്ലി പ്രാര്‍ത്ഥിച്ചു.
“ ഓക്കെ, അടുത്തയാഴ്‌ച്ച തന്നെ തരണം..”, ഷിബു പേഴ്‌സില്‍ നിന്നും പൈസയെടുത്തു തന്നു.
ജയ് ലക്സ്.
ഇത്ഥം, വിനോജ് വിരചിത, ഷിബു കാണ്ഡഹ, രണ്ടാം പാദഹ, സമാപ്‌തഹ (ഹ കൂടിപ്പോയോ ? ക്ഷമിക്കുഹ.)
Free Counter
Monday, January 14, 2008
എന്റെ പാവം മൊബൈല്‍...(സംഭവ) കഥ.
അവന്റെ നോട്ടത്തില്‍ ‘കണ്ടോടാ..’ എന്നൊരു ഭാവമുണ്ടോ ?
കാല്‌ക്കീഴിലാണ് ഇരിപ്പ്. ഒരു ചവിട്ടു കൊടുത്താലോ ?
വേണ്ട, എനിക്ക് തോന്നിയതാവും.
ഹേയ്, അല്ല തോന്നിയതല്ല. അവന്റെ ആ പുച്‌ഛത്തിലുള്ള ചിരി കണ്ടില്ലേ.
കൊടുത്തു ഒരു ചവിട്ട്. കാലിലാണ് കൊണ്ടത്. അവന്‍ ചിറഞ്ഞു നോക്കി, ഫോണ്‍ കട്ടു ചെയ്‌തു, ചാടിയെഴുന്നേറ്റു.
“നിനക്ക് അസൂയയാ..”, അവന്‍ ആരംഭിച്ചു.
ഈശ്വരാ, നിന്റെ ദയ. എന്തു ചെയ്യണമെന്നറിയാതെ കിടക്കുകയായിരുന്നു. ഇനിയിപ്പോള്‍ ഇവനുമായുള്ള യുദ്ധം തന്നെ ഇന്നു പണി.
“നീയെന്താടാ ഒരു പുച്‌ഛത്തില്‍ നോക്കിയത്`. വേറാര്‍ക്കും ഫോണില്ലാത്ത പോലെ.”
“നിനക്കു ഫോണുള്ളതും ഇല്ലാത്തതും ഒരുപോലെയാ. എന്തിനാടാ ഇതു കൊണ്ടു നടക്കുന്നത്.”, അവനും യുദ്ധ സന്നദ്ധനായി.
“എടാ കണ്ണില്‍ കണ്ടവളുമാരെ വിളിയ്‌ക്കാനല്ല ഫോണ്‍”, എന്റെ അസൂയ മറനീക്കി പുറത്തു വന്നു.
“ആണുങ്ങളാവുമ്പോള്‍ പെണ്‍പിള്ളേര് വിളിയ്‌ക്കും.”
തിരിച്ചും കിട്ടി. പുതിയൊരെണ്ണം. എല്ലാം കൊണ്ടും അവന്‍ തന്നെ കേമന്‍.
ഞാന്‍ പല്ലും കടിച്ച് പിറുപിറുത്തു കൊണ്ട് എന്റെ പാവം ഫോണുമായി പുറത്തിറങ്ങി.
റോഡില്‍ തിരക്കൊഴിഞ്ഞിട്ടില്ല. എ.ടി.എമ്മിലെ സെക്യൂരിറ്റി ഒരു കുടിയനുമായി വഴക്കുണ്ടാക്കുന്നു. വലിയ താത്പര്യം തോന്നിയില്ല. മൈന്‍ഡ് ചെയ്യാതെ വീണ്ടും നടന്നു. തട്ടുകടയെത്തിയപ്പോള്‍ അറിയാതെ നിന്നു, ഓംലെറ്റിന്റെ കൊതിപ്പിയ്‌ക്കുന്ന മണം. എന്തെങ്കിലും കഴിച്ചിട്ടു പോകാം. ഒരു ഡബിള്‍ ഓംലെറ്റ് തന്നെ ഓര്‍ഡര്‍ ചെയ്‌തു. ഞാന്‍ അപ്പോഴാണ് ഞെട്ടിയ്‌ക്കുന്ന ആ കാഴ്‌ച കണ്ടത്. തട്ടുകടക്കാരന്റെ ചെവിയില്‍ ഇയര്‍ ഫോണ്‍ വച്ചിരിക്കുന്നു. അയാള്‍ ആരോടോ സംസാരിച്ച് ചിരിച്ചു മറിക്കുകയാണ്. ഇവന്‍ പയ്യനാണ്, എന്തായാലും എന്റെയറിവില്‍ ഇതുവരെ കല്യാണം കഴിഞ്ഞിട്ടില്ല. ഏതോ പെണ്ണു തന്നെ ലൈനില്‍, ഞാന്‍ ഉറപ്പിച്ചു.
‘യൂ റ്റൂ തട്ടുകടക്കാരാ...‘, എന്നിലെ അസൂയക്കാരന്‍ വീണ്ടും കോട്ടുവായിട്ടെഴുന്നേറ്റു.
പോക്കറ്റിലൊരു ചലനം. എന്താദ് ? എന്റെ പാവം ഫോണ്‍. ഇതാരാ ഈ സമയത്ത് ?
മാനേജരോ മറ്റോ ആയിരിക്കും, അങ്ങേരെ കൊണ്ടു മടുത്തു. രാത്രിയായാലും സ്വൈരം തരില്ലേ.
അല്ലല്ലോ, പുതിയ നമ്പരാണ്. ആരാണോ ആവോ ?
“ഹലോ..”, പ്രതീക്ഷയുണരുന്നു.
“ഹലോ, വിനൂ ? ”
“...ങാ..അതെ..”
“ഞാന്‍ കവിതയാണ് ”
“അയ്യോ കവിതയോ (ഏതു കവിത ? ആ, ആരോ ആകട്ടെ.)? എന്റെ ഫോണ്‍ നമ്പരെവിടുന്നു കിട്ടി ?. എന്താ ഇപ്പോ ?“
ഫോണ്‍ നമ്പര്‍ കൊടുത്തവനെ മനസ്സാ സ്‌തുതിച്ചു.
എങ്കിലും ആ ഷിബു ഇപ്പോള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍. അവനു കേള്‍പ്പിച്ചു കൊടുക്കാമായിരുന്നു.
ഓംലെറ്റ് ഓര്‍ഡര്‍ ചെയ്‌തും പോയല്ലോ. തിരികെ വീടുവരെ പോകുന്നതിന് മുന്‍പ്
ഈ കാള്‍ കഴിയും, ഉറപ്പ്. ങാ, എന്തോ ആകട്ടെ.
“ഒരു സന്തോഷ വാര്‍ത്തയുണ്ട്. എന്റെ വിവാഹം തീരുമാനിച്ചു.”, കവിതയുടെ(ദുഷ്‌ട) കിളിമൊഴി.
ഓ, അതു ശരി. ചുമ്മാതല്ല അവള്‍ക്ക് ഇപ്പോ വിളി വന്നത്. ഏതവനാണോ ആവോ
എന്റെ ഫോണ്‍ നമ്പര്‍ കൊടുത്തത്. ഇവനെയൊക്കെ...
കല്യാണ തീയതിയും സ്ഥലവുമെല്ലാം പറഞ്ഞു, വരണേ എന്നൊരു ക്ഷണവുമായി കിളിമൊഴി
പെട്ടെന്നു തന്നെ അവസാനിച്ചു. അതെന്തായാലും നന്നായി.
അയ്യോ, എന്റെ ഓംലെറ്റ് !!
Free Counter