Free Counter
ഹൃദയങ്ങള്‍ മുറിയുന്നത്...
ഈ ഞായറാഴ്ചയും പതിവുപോലെ എറണാകുളം മറൈന്‍ഡ്രൈവില്‍. CID മൂസയുടെ ഷൂട്ടിംഗ് നടന്ന ഭാഗത്താണ് ഞാനിരിക്കുന്നത്. ഇന്ന് ഒറ്റക്കാണ്, കൂട്ടുകാരെല്ലാം സിനിമയ്ക്കു പോയി. കായലില്‍ നിന്നും ചെറിയ ദുര്‍ഗന്ധമുള്ള കാറ്റടിക്കുന്നു, ചൂടും തണുപ്പും മാറി മാറി വരുന്ന വല്ലാത്തൊരു കാറ്റ്. എതിര്‍വശത്ത് കായലിലേക്ക് നോക്കിക്കൊണ്ട് രണ്ടു പെണ്‍കുട്ടികള്‍ ഇരിക്കുന്നുണ്ട്. ചുവന്ന ചുരിദാറിട്ട കുട്ടി നല്ല സുന്ദരിയാണ്. നല്ല വലിയ കണ്ണുകളും, നീളമുള്ള മുടിയും. കാലിലെ നഖങ്ങളില്‍ നല്ല ചുവന്ന ക്യൂട്ടെക്സ് പുരട്ടിയിട്ടുണ്ട്. കാലിന്മേല് കാല് വച്ചു, വലത്തേക്കാല് ആട്ടിക്കൊണ്ടാണിരിപ്പ്. ഞാന്‍ ചുറ്റും നോക്കി. എല്ലാ പയ്യന്മാരുടെയും നോട്ടം അവളിലാണ്. ഈശ്വരാ, പ്രതീക്ഷവേണ്ട. എല്ലാവന്മാരും നല്ല സുന്ദരന്മാരാണ്. എറണാകുളത്ത് സുന്ദരന്മാര്ക്കും, സുന്ദരികള്‍ക്കും ഒരു പഞ്ഞവുമില്ല. ഞാന്‍ വ്യാമോഹം വെടിഞ്ഞു നല്ല കുട്ടിയായി. ഇനി അവള് എന്നെ നോക്കിയാല്‍തന്നെ, മൈന്‍ഡ് ചെയ്യാതിരിക്കുന്നതു കൊണ്ട് ഒരു പ്ലസ് പോയിന്റ് കിട്ടിയാല്‍ കിട്ടട്ടെ. ഞാന്‍ ഉടനെതന്നെ പ്രകൃതി സ്നേഹിയായി മാറി, കായലിലേക്കായി നോട്ടം. എന്തോ, മനസ്സനുവദിക്കുന്നില്ല. ആരോ പിടിച്ചു തിരിക്കുമ്പോലെ എന്റെ തലയും കണ്ണുകളും അവളിലേക്കു തന്നെ പോകുന്നു. അവളൊന്നു നോക്കിയെങ്കില്‍. ചില പയ്യന്മാര് ജീവിതത്തില്‍ ആദ്യമായി ഒരു പെണ്ണിനെ കാണുന്നതുപോലെ തുറിച്ചു നോക്കിയിരിപ്പാണ്, ചിലര്‍ വെറുതെ എന്തൊക്കെയോ വളിപ്പു വിളിച്ചു പറഞ്ഞു ഉച്ചത്തില്‍ ചിരിക്കുന്നു, എല്ലാം അവളുടെ ഒരു നോട്ടത്തിനു വേണ്ടിത്തന്നെ. എനിക്കു ഉറപ്പാണ്. എത്ര ശ്രമിച്ചാലും അറിയാതെ ഇടയ്ക്കിടയ്ക്കു കണ്ണുകള്‍ അവരിലേക്കു തിരിയുന്നത് പെണ്‍കുട്ടികള്‍ പെട്ടെന്നു പിടിച്ചെടുക്കും, അവരാരാ സാധനങ്ങള്‍. ലക്ഷ്മി(എന്റെ ഒരു സുഹൃത്ത്) ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് ആണുങ്ങള് ഏതു ഉദ്ദേശത്തോടെ നോക്കിയാലും സ്ത്രീകള്‍ക്കു മനസ്സിലാകുമെന്ന്. ലക്ഷ്മിക്ക് ഒരു പ്രണയമുണ്ടായിരുന്നു, പക്ഷെ അത് ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടിട്ട് ഒരു വര്‍ഷത്തിനു ശേഷമായിരുന്നു. അതിനു മുന്‍പേ ഞാന്‍ ചോദിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ.... ചോദിക്കാത്ത ചോദ്യങ്ങളുടെ കടം കൂടിക്കൂടി വരുന്നു.
ചിന്തകള്‍ കാടു കയറുന്നു. ആ കുട്ടി...? കണ്ണുകള്‍ വീണ്ടും അവളെത്തേടി. അവള് അവിടെത്തന്നെയുണ്ട്. ഒരു നിമിഷം എന്റെ ഹൃദയം നിലച്ചുപോകുന്ന പോലെ തോന്നി. അവള് എന്നെ നോക്കുന്നു. എന്റെ കണ്ണുകളുമായി ഒരുനിമിഷം... ആ വിടര്‍ന്ന കണ്ണുകള്‍, പെട്ടെന്നുതന്നെ ലക്ഷ്യമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ച് അവള് താഴേക്കു നോക്കിയിരുന്നു. ഞാന്‍ ഇടങ്കണ്ണിട്ടു നോക്കി. പയ്യന്മാര് പലരും എന്നെ നോക്കുന്നുണ്ട്. ഓ പോകാന്‍ പറ. എങ്കിലും ഞാനാകെ ടെന്‍ഷനിലായി, ഹൃദയം പടപടാന്നു മിടിക്കുന്നു. സുന്ദരികളുടെ കണ്ണില്‍ ദൈവം കാന്തം വച്ചുപിടിപ്പിച്ചിട്ടുണ്ടാവുമോ, ആണുങ്ങളുടെ ഹൃദയമിടിപ്പു കൂട്ടുന്ന കാന്തം ? അവള് ഇടങ്കണ്ണിട്ടു നോക്കുന്നുണ്ട്. കൂട്ടുകാരിയോടെന്തോ പറയുന്നു. ഇപ്പോള്‍ അവളും ഒന്നു നോക്കി. ഈശ്വരാ.. ലൈനായോ ? എന്നിലെ ഭീരു തലപൊക്കി, വേണ്ടായിരുന്നു. ഇനി ഒരു സ്റ്റെപ്പെങ്കിലും മുന്നോട്ടു പോകണമെങ്കില്‍ അങ്ങോട്ടു പോയി സംസാരിക്കണം. ഓ... അവര്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്. കൂട്ടുകാരി പേഴ്സും, മൊബൈല്‍ ഫോണുമൊക്കെ കയ്യിലൊതുക്കിവയ്ക്കുന്നുണ്ട്. കൂട്ടുകാരി എഴുന്നേറ്റിട്ട് അവള്‍ക്കു കൈ കൊടുത്തു. ഞാനറിയാതെ നെറ്റി ചുളിച്ചു. കൂട്ടുകാരിയുടെ കൈ പിടിച്ച് അവള് എഴുന്നേറ്റു, ബ്രിഡ്ജിനടുത്തേക്കു നടക്കാന്‍ തുടങ്ങി. എന്തോ ഒരു വല്ലാതെ... ദൈവമേ... അവളുടെ ഇടത്തേക്കാല്...? അതു കൃത്രിമക്കാലാണോ ? എന്റെ തൊണ്ട വരണ്ടു. അവള് തല മെല്ലെ ചരിച്ച് എന്നെ നോക്കി. എന്തുകൊണ്ടോ ഞാന്‍ ചെറുതായി പുഞ്ചിരിച്ചു, അവളും. അവര്‍ നടന്നു പോയി. ബ്രിഡ്ജിന്റെ പടികളില്‍ കൂട്ടുകാരിയുടെ തോളില്‍ താങ്ങി അവള് കയറുന്നതു കാണാം. അവള് ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കുമോ ? എന്തോ, ഞാനതാഗ്രഹിച്ചില്ല. അന്നു ഞാന്‍ ഒരു പാടു നേരം അവിടെത്തന്നെയിരുന്നു, പതിവില്ലാതെ. മനസ്സ് ധ്യാനത്തിലെന്നപോലെ ഏകാഗ്രമാണ്. മനസ്സില്‍ അവള് മാത്രം. എന്റെ വിവാഹത്തെക്കുറിച്ചോര്‍ത്തു, ഈ കുട്ടിയെ വിവാഹം കഴിക്കാന്‍ ഞാന്‍ തയ്യാറാകുമോ ? സാധ്യതയില്ല, പക്ഷെ ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ എനിക്കങ്ങിനെ തോന്നുന്നു.
3 comments:
കൃത്രിമക്കാല്‍ ഒരു ന്യൂനതയാണോ വിനോജ്?അതു സാരമില്ല പക്ഷേ കാഴ്ച്ചയ്ക്കപ്പുറത്തെ ന്യൂനതകള്‍ അറിയുകതന്നെ വേണം.എഴുതിയ ശൈലി കൊള്ളാം .ആശംസകള്‍!
നന്ദി. പിന്നെ, വൈകല്യങ്ങള്‍ കുറവായി ഞാന്‍ കാണുന്നില്ല കേട്ടോ. കാഴ്ചക്കപ്പുറത്തെ - എന്ന പ്രയോഗം കണ്ടപ്പോഴാണ് ഒരു പുതിയ പോസ്റ്റിന്റെ കാര്യം ഓര്‍ത്തത്. നാഡി ജ്യോതിഷത്തെപ്പറ്റി കേട്ടിട്ടുണ്ടോ ? ഞാന്‍ ഈയിടെ അങ്ങിനെ ഒരിടത്തു പോയിരുന്നു. വിശദമായി അടുത്ത പോസ്റ്റില്‍...
വിനോജ്,എന്തുതന്നെ ആയാലും എഴുതൂ.ഇപ്പോള്‍ ആകെക്കൂടിയുള്ള വായന ബ്ലോഗുകള്‍ മാത്രമാണു.
Post a Comment