സലാലയില്‍ ഞാന്‍ ഇപ്പോള്‍ എട്ട് മാസം തികച്ചു। പ്രത്യേകിച്ച് ആഘോഷമോ, ഗവണ്മെന്റ് അവധിയോ ഒന്നും ഉണ്ടായിരുന്നില്ല. എട്ട് മാസം എന്ന് കേട്ടാല്‍ മറ്റു ഗള്ഫുകാര് പുച്ഛിക്കും. എട്ടും, പതിനെട്ടും, ഇരുപത്തെട്ടും വര്‍ഷങ്ങള്‍ കഴിഞ്ഞ ആള്ക്കാര് കിടക്കുന്നു ലക്ഷക്കണക്കിന്. പിന്നെയാണോ നിന്റെ എട്ട് മാസം. എനിക്ക് എന്റെ എട്ട് മാസങ്ങള്‍ വലുത് തന്നെയാണ്. (വളഞ്ഞതാണേലും എന്റേതാ... എന്ന് സിമ്രാന് ഉവാച).
ഞാന്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ് താമസം. ഇവിടെ വാടക വളരെ വ്യത്യസ്ഥ നിരക്കുകളിലാണ്. ഒരേ സൗകര്യമുള്ള വീടുകള്‍ക്ക് തന്നെ ഒരേ സ്ഥലത്ത് പല റേറ്റാണ്. നാല്പത് റിയാല്‍ മുതല്‍ നൂറും ഇരുന്നൂറും റിയാല്‍ വരെ വേണം അല്‍പ്പം നല്ല ഫ്ലാറ്റോ വീടോ വേണമെങ്കില്‍. വെള്ളം, കറണ്ട് എന്നിവ വേറെ. പിന്നെ വാടക കമ്പനി നല്കുന്നതു കൊണ്ട് അത്രയും ആശ്വാസം. അടുത്ത വീട്ടില്‍ ആന്ധ്രാക്കാരാണ്. എന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു പയ്യന്റെ പെങ്ങളും, ഭര്‍ത്താവുമാണ്. അവര്‍ ഇടയ്ക്കൊക്ക ചിക്കന്‍ കറിയും മറ്റുമൊക്കെ കൊണ്ടുത്തരും. എന്തുവേണമെങ്കിലും ചോദിക്കണമെന്ന് എപ്പോഴും പറയും. ങും... എന്റെ പട്ടി ചോദിക്കും എന്നാണ് മനസ്സില്‍ പറയുന്ന മറുപടി, എന്തോ ഒരു മാനക്കേട് പോലെ. പക്ഷേ എന്റെ പാചക പരീക്ഷണങ്ങള്‍ എനിക്ക് തന്നെ സഹിക്കാനാവുന്നില്ല. ഇനിയിപ്പോ ഒരു പട്ടിയെ വാങ്ങുക തന്നെ വഴി :).
Cooked and Packed ഭക്ഷണ സാധനങ്ങളാണ് പ്രാധാന ആശ്രയം. ചിക്കന്‍ ഫ്രാങ്ക്, ഗ്രീന്‍ പീസ് എന്നിവയൊക്കെ സ്ഥിരമാക്കേണ്ടി വരുന്നു. മറ്റു കറികള്‍ ഉണ്ടാക്കുമ്പോള്‍ കറിപൗഡറുകളുടെ പിന്നിലെ പാചകക്കുറിപ്പാണ് സഹായത്തിനെത്തുക. ഈസ്റ്റേണും, നിറപറയുമൊക്കെ എക്സ്പോര്‍ട്ടിംഗ് നടത്തിയില്ലെങ്കില്‍ കഷ്ടപ്പെട്ടേനെ. ഒറ്റക്കാണല്ലോ താമസം എന്നതാണ് ഒരേ ഒരാശ്വാസം. എന്തെങ്കിലും പരീക്ഷണങ്ങള്‍ പരാജയപ്പെട്ടാലും ഒരു ആത്മഹത്യാ ശ്രമം എന്ന് പഴി കേട്ടാല്‍ മതിയല്ലോ, കൊലപാതക ശ്രമത്തെക്കാള് മെച്ചമല്ലേ? ഇവിടെ പാകിസ്ഥാന് റൊട്ടി കിട്ടും. അന്‍പത് ബൈസ മാത്രമേ വിലയുള്ളു ഒന്നിന് (നമ്മുടെ അഞ്ചോ ആറോ ഇന്ത്യന്‍ രൂപ വരും). നമ്മുടെ ചപ്പാത്തിയുടെ ഇരട്ടി കട്ടിയുണ്ടാകും. എങ്കിലും നല്ല മയമുണ്ട്, ടേസ്റ്റും വലിയ കുഴപ്പമില്ല.
സലാലയിലെ ഒമാനികള്‍ പൊതുവേ രണ്ടു തരക്കാരാണ്. സിറ്റിയില്‍ കഴിയുന്നവരും, ജബലികളും. ജബല്‍ എന്നാല്‍ മല, പര്‍വതം എന്നൊക്കെയാണ് അര്‍ത്ഥം. നമ്മള് കാട്ടുവാസികള്‍ എന്നു പറയുന്നതു പോലെയാണ്, ഒമാനികള്‍ക്ക് ജബലികള്‍. പരിഷ്കാരം കുറഞ്ഞ ആളുകളാണ് പൊതുവേ ജബലികള്‍. പാറിപ്പറന്ന മുടിയും വൃത്തി കുറഞ്ഞ വസ്ത്രങ്ങളുമായാണ് പൊതുവേ ജബലികളെ കാണാനാവുക. ബാങ്കിലോ മറ്റോ ആണെങ്കില്‍ പോലും വലിയ ബഹളവും മറ്റുമൊക്കെയാണ്. ക്യൂ ഒന്നും അവര്‍ക്ക് പ്രശ്നമല്ല. അവരോട് സമാധാനം എന്നൊരു വാക്കു പറഞ്ഞിട്ടു കാര്യമില്ല. ഒമാനികളുടെ വസ്ത്രം പൊതുവേ അറബികളുടേതു പോലെ തന്നെയാണ്. പക്ഷേ ഇവര്‍ നിറമുള്ള, വ്യത്യസ്ത ഡിസൈനുകള്‍ ഉള്ള വസ്ത്രങ്ങള്‍ തലക്കെട്ടിനായി ഉപയോഗിക്കുന്നു. ചിലര്‍ തൊപ്പി വച്ച് അതിനു മുകളിലൂടെ തുണി കെട്ടുന്നു. ചിലപ്പോള്‍ തൊപ്പി മാത്രവും ഉപയോഗിക്കും. ചടങ്ങുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ തലേക്കെട്ട് തീര്‍ച്ചയായും ഉണ്ടാകും. വാക്കിംഗ് സ്റ്റിക് പോലെ ഒരു വടിയും ഇവര്‍ ചടങ്ങുകളില്‍ ഉപയോഗിക്കും. ഇവരുടെ നൃത്തത്തില്‍ ഈ വടി മസ്റ്റാണ്. വളരെ കുറഞ്ഞ സ്റ്റെപ്പുകള്‍ ഉപയോഗിച്ചുള്ള ഇവരുടെ നൃത്തം കാണാന്‍ നല്ല ഭംഗിയാണ്, നൃത്തത്തിന്റെ ഭംഗിയില്‍ സംഗീതത്തെ ഒഴിച്ചു നിറുത്താനാവില്ല, അതും ഇമ്പമുള്ളതു തന്നെ. ഒമാനികള്‍ക്ക് അവരുടെ ളോഹപോലുള്ള വസ്ത്രത്തില്‍ കഴുത്തിനോട് ചേര്‍ന്ന് ഒരു വള്ളി കാണാം. സ്ത്രീകള്‍ പിന് വശത്ത് ഇറക്കം കൂടിയ പര്‍ദ്ദയാണ് ഉപയോഗിക്കുക. അവര്‍ റോഡിലൂടെ നടക്കുമ്പോള്‍ പിന്നില്‍ നടക്കുന്നത് സൂക്ഷിച്ചുവേണം. അവര്‍ പര്‍ദ്ദ തറയിലൂടെ വലിച്ചിഴച്ചാണ് നടക്കുക. അതില്‍ ചവിട്ടാതെ നോക്കി നടന്നില്ലെങ്കില്‍ വലിച്ചു കൂടെ കൊണ്ടു പോകും :).
ഇവരുടെ പര്‍ദ്ദയുടെ ഈ എക്സ്ട്രാ ഇറക്കത്തെക്കുറിച്ച് ഒരു കാരണം കേട്ടു (അതോ കഥയോ)। പണ്ട് ഇവര്‍ മണലാരണ്യത്തില്‍ കഴിഞ്ഞിരുന്ന കാലത്ത് സ്ത്രീകളുടെ കാല്‍പ്പാടുകള്‍ നോക്കി വരുന്ന കാടന്മാരായ പുരുഷന്മാര് ഇവരെ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടു പോകുമായിരുന്നുവത്രെ. അതുകൊണ്ട് നടക്കുന്ന വഴിയിലെ കാല്‍പ്പാടുകള്‍ മായ്ച്ചു കളയാനായാണത്രെ പിന്നില്‍ ഇറക്കം കൂടിയ വസ്ത്രങ്ങള്‍ ധരിച്ചിരുന്നത്. ഒമാനികള്‍, ഞാന്‍ കണ്ടിടത്തോളം, കൂടുതലും സ്ത്രീലമ്പടന്മാരാണ്. പെണ്ണെന്നു കേട്ടാല്‍ കമഴ്ന്നു വീഴുന്നവര്‍. എന്റെ നിരീക്ഷണത്തില്‍ ഇവിടുത്തെ സ്ത്രീകള്‍ തന്നെയാണ് പര്‍ദ്ദ കണ്ടുപിടിച്ചത്. കാരണം ഇവന്മാരുടെ നോട്ടം തന്നെ. ഒരിക്കല്‍ ഞാന്‍ പോസ്റ്റ് ഓഫീസില്‍ നില്ക്കുമ്പോള് ഒരു മിസിരി (ഈജിപ്ഷ്യന്‍) സ്ത്രീ ടി ഷര്‍ട്ടും ജീന്‍സും ധരിച്ച് തിരികെ ഇറങ്ങിപ്പോകുന്നു. ഞാന്‍ ക്യൂ നില്ക്കുന്ന കൗണ്ടറില്‍ ഇരുന്ന ഒമാനി, അവരെ കാണാന്‍ എന്റെ പോസ്റ്റ് കവറും മാറ്റിവച്ച് എഴുന്നേറ്റു നിന്നു നോക്കി, അവര്‍ കാഴ്ച്ചയില്‍ നിന്നും മറയുന്നതു വരെ. എങ്ങിനെ പര്‍ദ്ദ കണ്ടുപിടിക്കാതിരിക്കും. ആവശ്യമാണല്ലോ (അത്യാവശ്യം) കണ്ടു പിടിത്തത്തിന്റെ മാതാവ്. അങ്ങിനെ അവര്‍ പര്‍ദ്ദ കണ്ടു പിടിച്ചു. ഇവിടെ നോമ്പു പോലും പിടിക്കാത്തവര്‍ ഉണ്ട്. ഇടക്കു ഒളിച്ചു വെള്ളം കുടിക്കുന്നവര്‍, ഹോട്ടലുകളില്‍ ഒളിച്ചിരുന്നു ഭക്ഷണം കഴിക്കുന്നവര്‍, അങ്ങിനെ... കള്ളന്മാര് എവിടെയാ മാഷേ ഇല്ലാത്തത് ?
അപ്പോ... ശരി പിന്നെ കാണാം...
2 comments:
സലാല കുറിപ്പുകള്‍ കൊള്ളാം. പര്ദ്ദയെപറ്റിയുള്ള ഇങ്ങനെ ഒരു വിശേഷം ആദ്യമായാണ് കേള്‍ക്കുന്നത്.
എന്നിട്ട് ഭക്ഷണം ഉണ്ടാക്കാന്‍ പഠിച്ചോ?
;)
നന്ദി. പഠിച്ചു വരുന്നു.
Post a Comment