Thursday, March 27, 2008

മഴക്കുറിപ്പ്...

സ്വന്തം നാടു കാണാനെത്തി സംതൃപ്‌തിയോടെ മടങ്ങുന്ന മഹാബലിയെപ്പോലെ വെറുതേ പെയ്‌തു മടങ്ങലല്ല മഴയുടെ നിയോഗം. അതിനുമപ്പുറം എന്തൊക്കെയോ അര്‍ത്ഥ തലങ്ങള്‍ ഓരോ മഴയ്‌ക്കും നാം കല്‍പ്പിക്കുന്നുണ്ട്. മഴയോട്‌ സ്വന്തം സുഹൃത്തിനോടെന്ന പോലെ മനസ്സു തുറക്കുന്ന എത്രയോ പേരുണ്ടാകും ? മനസ്‌സുകളില്‍ പ്രണയവും കവിതയും നിറച്ച്‌ സംതൃപ്‌തിയോടെ മടങ്ങുന്ന മഴ ചിലപ്പോള്‍ സമയം തെറ്റി വന്ന്‌ ദുരിതം വിതച്ച്‌, ശാപങ്ങളേറ്റു വാങ്ങി, കുറ്റബോധത്തോടെ തല താഴ്ത്തി തിരിച്ചു പോകുന്നു. അമ്മയുടെ മടിയില്‍ തലവച്ചു കിടക്കുന്ന കുട്ടിയെപ്പോലെ, ആ വിരലുകളുടെ അതേ സാന്ത്വനം നുകര്‍ന്ന്‌ മഴയുടെ ഇരുണ്ട ചിറകിനടിയില്‍ അഭയം തിരയുന്ന എത്രയോ വേദനിക്കുന്ന മനസ്സുകള്‍. ആരോരുമില്ലാത്തവര്‍ക്ക്‌ മഴയെങ്കിലും ഉണ്ടാവും, ദൈവത്തിന്റെ സാന്ത്വനമായി. കട്ടിലില്‍ ചുരുണ്ടു കിടക്കുമ്പോള്‍ കണ്ണുകള്‍ ജനാലയിലേക്കായിരിക്കും. പുറത്ത്‌ മഴയുടെ വെള്ളിനൂലുകള്‍ വീഴുന്നതും നോക്കി കിടക്കുമ്പോള്‍ ഓര്‍മ്മകളിലേക്ക്‌ ഇരച്ചു കയറിവരും ഒരു നൂറ്‌ മഴകള്‍, എന്നോ പെയ്‌തു തീര്‍ന്നവ. ഓരോ മഴ കാണുമ്പോഴും ഓര്‍മ്മകളിലെവിടെ നിന്നോ കരിയിലകള്‍ക്കു മുകളിലൂടെ ശബ്‌ദമുണ്ടാക്കിക്കൊണ്ട് ഒരു പഴയ മഴ ഓടി വരും. നനഞ്ഞൊലിച്ച്‌ സ്‌ക്കൂളില്‍ ചെന്നു കയറിയ ആ പഴയ മഴക്കാലം ഓര്‍ക്കുമ്പോഴേ ശരീരം നനയുന്നതുപോലെ തോന്നാറില്ലേ. അല്ലെങ്കിലും നിമിഷനേരം കൊണ്ട്‌ ഓര്‍മ്മകളുടെ വസന്തം വിരിയിക്കാന്‍ മഴയ്‌ക്കല്ലാതെ ആര്‍ക്കു കഴിയും ?

6 comments:

ശ്രീ said...

"കട്ടിലില്‍ ചുരുണ്ടു കിടക്കുമ്പോള്‍ കണ്ണുകള്‍ ജനാലയിലേക്കായിരിക്കും. പുറത്ത്‌ മഴയുടെ വെള്ളിനൂലുകള്‍ വീഴുന്നതും നോക്കി കിടക്കുമ്പോള്‍..."

വളരെ ശരിയാണ്. മഴ എനിയ്ക്കും വളരെ പ്രിയപ്പെട്ടതാണ്. ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു നല്ല നൂല്‍മഴ നനഞ്ഞതു പോലെ...
:)

Rare Rose said...

നിമിഷനേരം കൊണ്ടു ഓര്‍മ്മകളുടെ വസന്തം വിരിയിക്കാന്‍ മഴക്കല്ലാതെ ആര്‍ക്കു കഴിയും..തീര്‍ത്തും സത്യമാണതു..ഓരോ മഴയും ഓരോ ഓര്‍മ്മകളായി മനസ്സില്‍ പെയ്തു ,തോരുമ്പോള്‍ കിട്ടുന്ന കുളിര്‍മ്മയും നനവും ഒന്നു വേറെ തന്നെയാണു...മഴക്കുറിപ്പുകള്‍ നന്നായിരിക്കുന്നു.. :-)

വിനോജ് | Vinoj said...

നന്ദി ശ്രീ.
നന്ദി Rare Rose...

sv said...

സ്വപ്നങ്ങല്‍ പെയ്തു തോരാത്ത മഴ പൊലെ ...
നിന്നെ കാത്തിരിക്കുന്ന നിന്‍റെ മഴ കാലം....



നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

വിനോജ് | Vinoj said...

നന്ദി എസ്.വി. സ്വാഗതം

എം.എച്ച്.സഹീര്‍ said...

മനസ്സിന്റെ മുറ്റത്ത്‌-
പെയ്തു തോരാത്ത മഴ,
മനസ്സിന്റെ നനവാണ'മഴ,
മനസ്സിന്റെ മധുരമാണ'മഴ,
മനസ്സിന്റെ കുളിരാണ'മഴ,
മഴ പെയ്യുന്ന രാത്രിയില്‍
ജാലകത്തിനരുകിലിരുന്ന്
ഭിത്തിയില്‍ കവിളുരുമി
ഓര്‍മ്മകളുടെ മുറ്റത്തു കൂടി
നടക്കാന്‍ കൊതിയാണ്‌.
തമ്മില്‍ കാണുന്ന ചങ്ങാതിയോട്‌
ഒന്നു മിണ്ടാന്‍,
ഒരു പീലി തുണ്ട്‌ കടം ചോദിക്കാന്‍,
തല്ലു കൊള്ളാതിരിക്കാന്‍ പുസ്തകതാളില്‍
അവന്‍ ഒളിപ്പിച്ച തളിരില കട്ടെടുക്കാന്‍,
മനപാഠമാക്കിയ പദ്യം മലയാളം മാഷിനോട്‌
ഈണത്തില്‍ ചെല്ലികേള്‍പ്പിക്കാന്‍,
ക്ലാസ്സ്‌ കഴിഞ്ഞ്‌ മടങ്ങുമ്പോള്‍
ഇഷ്ടക്കാരിയ്ക്ക്‌ വേണ്ടി നിക്കറിന്റെ
കീശയില്‍ കാത്തു വച്ച തേന്‍ മിഠായി
കൊടുക്കാന്‍, ഉദയന്‍ ചേട്ടന്റെ
സൈക്കിളിന്‌ മുന്നിലിരുന്ന് വീട്ടിലേക്ക്‌ പായാന്‍,
ഉമ്മായുടെ കൈയില്‍ നിന്ന്
മുളക്‌ ചമ്മന്തി ചേര്‍ത്ത കുഴച്ച ഒരുള ചോറുണ്ണാന്‍....
അങ്ങെനെയങ്ങേനെ... പക്ഷെ...ഇപ്പോഴും-
മനസ്സില്‍ മഴ പെയ്യതുകൊണ്ടേയിരിക്കുകയാണ്‌.
കുട എനിക്കിഷ്ടമല്ല. നനയണം...നന്നായി നനയണം....
മനസ്സ്‌ നനയുംവരെ നനയണം......
മഴ കണ്ടു..കണ്ടു..ഹാവൂ....മഴ..പെയ്യട്ടെ നന്നായി പെയ്യട്ടെ..ഇനിയും...യി നിയും പെയ്യട്ടെ..കുളിരട്ടെ മനസ്സും,മണ്ണും....

Powered By Blogger