Monday, January 14, 2008

എന്റെ പാവം മൊബൈല്‍...(സംഭവ) കഥ.സമയം രാത്രി 09:45. സ്ഥലം എന്റെ ഓഫീസിലെ എല്ലാ സഹപ്രവര്‍ത്തകരുടെയും കൊച്ചു (വാടക) കൊട്ടാരം.


ഞാന്‍ സെറ്റിയില്‍ ആരോ ഒടിച്ചിട്ടതുപോലെ ചുരുണ്ട് കിടക്കുന്നു. ഷിബു എന്റെയടുത്തിരുന്ന്‌ മൊബൈലില്‍ സംസാരിക്കുകയാണ്. ഓരോ കോളും തീര്‍ന്ന്‌ കട്ട് ചെയ്യുമ്പോള്‍ അടുത്ത കോള്‍ വരും. എന്റെ മൊബൈല്‍ ആര്‍ക്കും വേണ്ടാതെ ഒരു പാവത്താനെപ്പോലെ സെറ്റിയില്‍ കിടപ്പുണ്ട്‌. പാവം, ഒരു മിസ്‌കാള്‍ കണ്ട കാലം മറന്നു. ഷിബുവിന്റെ ഫോണിലെ ഓരോ റിംഗിനും എന്റെ അസൂയ കൂടിക്കൂടി വരുന്നു.

അവന്റെ നോട്ടത്തില്‍ ‘കണ്ടോടാ..’ എന്നൊരു ഭാവമുണ്ടോ ?

കാല്‌ക്കീഴിലാണ് ഇരിപ്പ്‌. ഒരു ചവിട്ടു കൊടുത്താലോ ?
വേണ്ട, എനിക്ക്‌ തോന്നിയതാവും.
ഹേയ്‌, അല്ല തോന്നിയതല്ല. അവന്റെ ആ പുച്‌ഛത്തിലുള്ള ചിരി കണ്ടില്ലേ.
കൊടുത്തു ഒരു ചവിട്ട്‌. കാലിലാണ് കൊണ്ടത്‌. അവന്‍ ചിറഞ്ഞു നോക്കി, ഫോണ്‍ കട്ടു ചെയ്‌തു, ചാടിയെഴുന്നേറ്റു.

“നിനക്ക്‌ അസൂയയാ..”, അവന്‍ ആരംഭിച്ചു.

ഈശ്വരാ, നിന്റെ ദയ. എന്തു ചെയ്യണമെന്നറിയാതെ കിടക്കുകയായിരുന്നു. ഇനിയിപ്പോള്‍ ഇവനുമായുള്ള യുദ്ധം തന്നെ ഇന്നു പണി.

“നീയെന്താടാ ഒരു പുച്‌ഛത്തില്‍ നോക്കിയത്`. വേറാര്‍ക്കും ഫോണില്ലാത്ത പോലെ.”

“നിനക്കു ഫോണുള്ളതും ഇല്ലാത്തതും ഒരുപോലെയാ. എന്തിനാടാ ഇതു കൊണ്ടു നടക്കുന്നത്‌.”, അവനും യുദ്ധ സന്നദ്ധനായി.

“എടാ കണ്ണില്‍ കണ്ടവളുമാരെ വിളിയ്‌ക്കാനല്ല ഫോണ്‍”, എന്റെ അസൂയ മറനീക്കി പുറത്തു വന്നു.

“ആണുങ്ങളാവുമ്പോള്‍ പെണ്‍പിള്ളേര് വിളിയ്‌ക്കും.”


എന്റെ കാതിലൂടെ ഒരു കടവാവല്‍ പറന്നു പോയി. ആദ്യത്തെ ചവിട്ട്‌ ഒരു പക്ഷേ അവന്‍ ക്ഷമിച്ചുകാണും.ഇനി, വേണ്ട. സംഗതി സീരിയസാകും. അവനാള് ജിമ്മാ. അതുകൊണ്ട്‌ കൈക്രിയവേണ്ട. ഞാന്‍ വാക്യത്തില്‍ പ്രയോഗിച്ചു, “#$^$%^#@“.
തിരിച്ചും കിട്ടി. പുതിയൊരെണ്ണം. എല്ലാം കൊണ്ടും അവന്‍ തന്നെ കേമന്‍.
ഞാന്‍ പല്ലും കടിച്ച്‌ പിറുപിറുത്തു കൊണ്ട്‌ എന്റെ പാവം ഫോണുമായി പുറത്തിറങ്ങി.

റോഡില്‍ തിരക്കൊഴിഞ്ഞിട്ടില്ല. എ.ടി.എമ്മിലെ സെക്യൂരിറ്റി ഒരു കുടിയനുമായി വഴക്കുണ്ടാക്കുന്നു. വലിയ താത്പര്യം തോന്നിയില്ല. മൈന്‍ഡ് ചെയ്യാതെ വീണ്ടും നടന്നു. തട്ടുകടയെത്തിയപ്പോള്‍ അറിയാതെ നിന്നു, ഓം‌ലെറ്റിന്റെ കൊതിപ്പിയ്‌ക്കുന്ന മണം. എന്തെങ്കിലും കഴിച്ചിട്ടു പോകാം. ഒരു ഡബിള്‍ ഓം‌ലെറ്റ് തന്നെ ഓര്‍ഡര്‍ ചെയ്‌തു. ഞാന്‍ അപ്പോഴാണ് ഞെട്ടിയ്‌ക്കുന്ന ആ കാഴ്‌ച കണ്ടത്. തട്ടുകടക്കാ‍രന്റെ ചെവിയില്‍ ഇയര്‍ ഫോണ്‍ വച്ചിരിക്കുന്നു. അയാള്‍ ആരോടോ സംസാരിച്ച്‌ ചിരിച്ചു മറിക്കുകയാണ്. ഇവന്‍ പയ്യനാണ്, എന്തായാലും എന്റെയറിവില്‍ ഇതുവരെ കല്യാണം കഴിഞ്ഞിട്ടില്ല. ഏതോ പെണ്ണു തന്നെ ലൈനില്‍, ഞാന്‍ ഉറപ്പിച്ചു.

‘യൂ റ്റൂ തട്ടുകടക്കാരാ...‘, എന്നിലെ അസൂയക്കാരന്‍ വീണ്ടും കോട്ടുവായിട്ടെഴുന്നേറ്റു.

പോക്കറ്റിലൊരു ചലനം. എന്താദ് ? എന്റെ പാവം ഫോണ്‍. ഇതാരാ ഈ സമയത്ത്‌ ?
മാനേജരോ മറ്റോ ആയിരി‌ക്കും, അങ്ങേരെ കൊണ്ടു മടുത്തു. രാത്രിയായാലും സ്വൈരം തരില്ലേ.
അല്ലല്ലോ, പുതിയ നമ്പരാണ്. ആരാണോ ആവോ ?
“ഹലോ..”, പ്രതീക്ഷയുണരുന്നു.
“ഹലോ, വിനൂ ? ”
“...ങാ..അതെ..”
“ഞാന്‍ കവിതയാണ് ”
“അയ്യോ കവിതയോ (ഏതു കവിത ? ആ, ആരോ ആകട്ടെ.)? എന്റെ ഫോണ്‍ നമ്പരെവിടുന്നു കിട്ടി ?. എന്താ ഇപ്പോ ?“
ഫോണ്‍ നമ്പര്‍ കൊടുത്തവനെ മനസ്സാ സ്‌തുതിച്ചു.
എങ്കിലും ആ ഷിബു ഇപ്പോള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍. അവനു കേള്‍പ്പിച്ചു കൊടുക്കാമായിരുന്നു.
ഓം‌‌ലെറ്റ്‌ ഓര്‍ഡര്‍ ചെയ്‌തും പോയല്ലോ. തിരികെ വീടുവരെ പോകുന്നതിന് മുന്‍പ്‌
ഈ കാള്‍ കഴിയും, ഉറപ്പ്‌. ങാ, എന്തോ ആകട്ടെ.
“ഒരു സന്തോഷ വാര്‍ത്തയുണ്ട്‌. എന്റെ വിവാഹം തീരുമാനിച്ചു.”, കവിതയുടെ(ദുഷ്‌ട) കിളിമൊഴി.
ഓ, അതു ശരി. ചുമ്മാതല്ല അവള്‍ക്ക്‌ ഇപ്പോ വിളി വന്നത്. ഏതവനാണോ ആവോ
എന്റെ ഫോണ്‍ നമ്പര്‍ കൊടുത്തത്‌. ഇവനെയൊക്കെ...
കല്യാണ തീയതിയും സ്ഥലവുമെല്ലാം പറഞ്ഞു, വരണേ എന്നൊരു ക്ഷണവുമായി കിളിമൊഴി
പെട്ടെന്നു തന്നെ അവസാനിച്ചു. അതെന്തായാലും നന്നായി.
അയ്യോ, എന്റെ ഓം‌‌ലെറ്റ്‌ !!


Free Website Counter

Free Counter

6 comments:

വിന്‍സ് said...

തുടക്കം നന്നായിരുന്നു.... ശെരിക്കും ഇഷ്ട്പെട്ടു.

പപ്പൂസ് said...

ഹ ഹ ഹ! രസിച്ചു. :)

ഒരു വാചകം പപ്പൂസിനെ നോവിപ്പിച്ചു:
"എ.ടി.എമ്മിലെ സെക്യൂരിറ്റി ഒരു കുടിയനുമായി വഴക്കുണ്ടാക്കുന്നു."

കുടിയന്‍മാര്‍ക്ക് അല്പം ബഹുമാനമൊക്കെ കൊടുക്കാം ;)

ദിലീപ് വിശ്വനാഥ് said...

കലക്കി കേട്ടൊ. ഇത്തിരി കൂടി മുറുക്കണം. മൊബൈല്‍ അല്ല, പോസ്റ്റ്. ശ്ശൊ.. മൊബൈല്‍ പോസ്റ്റ് അല്ല, ബ്ലോഗ് പോസ്റ്റ്.

വിനോജ് | Vinoj said...

വിന്‍സ്: നന്ദി
പപ്പൂസ് : സാരമില്ല, ക്ഷമിയ്‌ക്കൂ :)
വാല്‍മീകി: മുറുക്കാം, മഹര്‍ഷേ.. :)

A Cunning Linguist said...

goood one!!!!

നിഷേധി said...

സുന്ദരം......

ഒന്നു കൂടി നീട്ടിപ്പിടിക്കായിരുന്നു...:)

Powered By Blogger