Friday, January 18, 2008

ഷിബുവും, ഡംബലും, പിന്നെ ഞാനും : (കദന) കഥ

നന്ദികെട്ടവന്‍ എന്ന പേരൊഴിവാക്കാന്‍ ആദ്യമേ പറയട്ടെ ഷിബുവിന് സ്വന്തമായി രണ്ടു ഡംബലുകള്‍ ഉണ്ട്‌, അതാണ് ഞാനും മറ്റെല്ലാ ശരീര സൌന്ദര്യാരാധകരും ഉപയോഗിയ്‌ക്കുന്നത്‌. പക്ഷേ, ആ ജീവിയുടെ മുന്നില്‍ ഞാന്‍ ഈ നന്ദി കാണിയ്‌ക്കാറില്ല.

[ ഡംബല്‍ കണ്ടിട്ടില്ലാത്തവര്‍ക്ക്‌ കാണനായി ഒരെണ്ണം ()-----(). ]

ഷിബുവിന് 3 തരം പെര്‍ഫ്യൂമുകളും, 2 പൌഡറുകളും (ഉച്ചയ്‌ക്ക്‌ ഒന്നു് രാവിലെ ഒന്ന്‌), 4 തരം ക്രീമുകളും ഉണ്ട്. ഇവയില്‍ ക്രീമുകള്‍ മാത്രം ഞങ്ങള്‍ (ഞങ്ങള്‍=ഞാന്‍+മറ്റുള്ളവര്‍) അടിച്ചു മാറ്റി ഉപയോഗിയ്‌ക്കാറുണ്ട്. ബാക്കിയെല്ലാം അവന്‍ മണത്തു കണ്ടു പിടിയ്‌ക്കും (നാണം കെട്ടവന്‍!). ഷിബുവിന് കണ്ണാടിയുടെ മുന്നില്‍ നിന്നാലേ ഡംബല്‍ പ്രയോഗം വരുള്ളു. വ്യയാമ(പ്രദര്‍ശന)ത്തിന് ശേഷം 5-10 മിനുട്ടുകള്‍ തന്റെ മസിലുകളെക്കുറിച്ചുള്ള പൊങ്ങച്ചവും, അന്യരെ പുച്‌ഛിക്കലുമാണ് പ്രത്യേകിച്ച്` എന്നെ (ഗര്‍‌ര്‍‌ര്‍‌ര്‍‌.. അവനെ ഞാന്‍ :-E ). പിന്നെ ക്രീം തേപ്പ്. കുളിക്കുന്നതിന് മുന്‍പ്‌ തേച്ചാല്‍ വെളുക്കുമത്രെ. വെളുക്കും, വെളുക്കും.. ഇങ്ങനെ പോയാല്‍ പോക്കറ്റും വെളുക്കും കുടുംബവും വെളുക്കും.

അന്നു ഞാന്‍ വല്ല്ലാത്ത ഒരു ഉടക്കു മൂഡിലായിരുന്നു (എന്താണെന്നറിയില്ല, ഈയിടെയായി ഒരു....). രാവിലെ നല്ല തണുപ്പുണ്ട്‌. ഷിബു ഡംബലെടുത്തതേയുള്ളു. ഇനിയിപ്പോ അരമണിക്കൂര്‍ പ്രതീക്ഷിക്കേണ്ട. വെറുതേയിരുന്നു മടുത്തു, ഇനി കുറച്ചു റെസ്റ്റെടുക്കാം. ഞാന്‍ താഴെ ഇരുന്നു. അവന്റെ മസിലുകള്‍ വികസിച്ചും ചുരുങ്ങിയും വരുന്നത്‌ കണ്ട്‌ അസൂയ തോന്നുന്നു. എന്റെ കൈ വെറുതേ പിടിച്ചു നോക്കി. കരച്ചില്‍ വരുന്നു. ങാ.. എനിക്കും ഒരു സമയം വരും (സമയം വരും, അന്നു വൈകിട്ടായിരിക്കും ശവമടക്ക്‌).


ഒന്നു രണ്ടവന്മാര്‍ മെനക്കെട്ടിരുന്ന്‌ ഷിബുവിനെ പുകഴ്ത്തുകയാണ്. “ഷിബുവിനെ ഇപ്പോള്‍ കണ്ടാല്‍ ഏതു കൊമ്പനും ഒന്നു പേടിയ്‌ക്കും”.


ഇതു കേട്ടതോടെ എന്റെ കണ്‍ട്രോള് പോയി‍. ഷിബുവിന്റെ മുഖത്താണെങ്കില്‍ ഒരു കുളിര്.


“ഇവനാര് പാപ്പാനോ, കൊമ്പനെ പേടിപ്പിക്കാന്‍.”, എന്റെ വക എളിയ കമന്റ്‌.


ഷിബുവിന്റെ മുഖം കറുത്തു, പല്ലുകടിച്ചുകൊണ്ട്‌ എന്റെ നേരെ ഒരു ചാട്ടം.


“പാപ്പാന്‍ നിന്റെ ത..“, പകുതി വച്ച്‌ അവന്‍ വിഴുങ്ങി.


ങേ...എന്റെ പാവം അച്ഛന്‍! ഇവനെ ഇന്നു ഞാന്‍ ശരിയാക്കും. ഞാന്‍ ചാടിയെഴുന്നേറ്റു.


“എടാ പട്ടീ..“, എന്റെ നാവില്‍ ഇത്രയേ വരത്തൊള്ളൂ‍.


എന്റെ കളരി പരമ്പര ദൈവങ്ങളേ (ആരെങ്കിലും പിടിച്ചു മാറ്റണേ) എന്നു പ്രാര്‍ത്ഥിച്ച്‌ ഞാന്‍ ഷിബുവിന്റെ നെഞ്ചിനുനേരെ ഇടത്തേക്കാലുയര്‍ത്തി ചവിട്ടി (ഈശ്വരാ ഈ കാല് പൊങ്ങുന്നില്ലല്ലോ, കഷ്‌ടിച്ച്‌ അവന്റെ വയറു വരെയെത്തി). രക്ഷപെട്ടു, മറ്റവന്മാര്‍ ഇടപെട്ടു.


“നീയാരെടാ വിജയകാന്തോ ? കാലുപൊക്കി ചവിട്ടാന്‍ ?“, കൂട്ടത്തിലൊരുത്തന്റെ താങ്ങ്‌.


പോട്ടെ, എന്നെ പിടിച്ചു മാറ്റിയതു കൊണ്ട്‌ ഞാന്‍ അവനോട്‌ ക്ഷമിച്ചു.ഷിബു കണ്ണുകള്‍ കലങ്ങിച്ചുവന്ന്‌ തിളച്ചു നില്‌ക്കുകയാ‍ണ്.


“നീയെന്താടാ ‘എന്നെ’ പേടിപ്പിക്കുന്നോ ?”, അവന്‍ വിടാന്‍ ഭാവമില്ല


ഈശ്വരാ, വേണ്ടായിരുന്നു. സ്വന്തം മാനം കാക്കാന്‍, ഞാന്‍ രണ്ടും കല്‌പ്പിച്ചിറങ്ങി. അവനെ പിടിച്ചു തള്ളാനാഞ്ഞു. ആരോ പിന്നില്‍ നിന്നും പിടിച്ചു, എന്റെ കാല്‍ അറിയാതെ ഉയര്‍ന്ന്‌ ഷിബുവിന്റെ..., അതേ അവിടെത്തന്നെ, കൊണ്ടു. ഷിബുവിന്റെ രണ്ട്‌ ഉണ്ടക്കണ്ണുകളും മാക്സിമം പുറത്തേക്കു തള്ളി. കക്ഷി സംഭവസ്ഥലവും പൊത്തിപ്പിടിച്ചു് കുനിഞ്ഞു നില്‌പ്പാണ്. മറ്റുള്ളവര്‍ അടുത്തു ചെന്ന്‌ ആശ്വസിപ്പിക്കുന്നു. തടവാന്‍ പറ്റാത്ത സ്ഥലമായതിനാല്‍ ആരും പ്രഥമ ശുശ്രൂഷയ്‌ക്ക്‌ മുതിരുന്നില്ല. ഞാന്‍ കുറ്റവാളിയെ പോലെ ദൂരെ മാറി നില്‍പ്പാണ്. ഒന്ന്‌ പോയി സംസാരിച്ചാലോ ? വേണ്ട, അവന്‍ കൂടുതല്‍ വയലന്റാകും.


ഹൊ, അവന്‍ നിവര്‍ന്നു. എന്റമ്മോ, ദാ സ്‌ലോമോഷനില്‍ എന്റടുത്തേക്ക്‌ വരുന്നു.


ക്യാമറ, ആക്ഷന്‍, ഡയലോഗ്‌..


“എടാ...”, അവന്‍ വിരല്‍ ചൂണ്ടി എന്റെ നേര്‍ക്ക്‌. കണ്ണില്‍ നിന്നും തീപ്പൊരി പാറുന്നു (ചുമ്മാ). ഞാന്‍ പതുങ്ങി, ഇപ്പോ അടിവീഴും.


“എടാ...ഞാന്‍ മൂത്രമൊഴിച്ചിട്ടു വരട്ടെ... വല്ല കുഴപ്പവുമുണ്ടെങ്കില്‍... നിന്നെ...”, അവന്‍ നേരെ ബാത്ത്‌റൂമിലേയ്‌ക്ക്‌.


അയ്യേ...ഇവന്‍.... എന്തായാലും മറ്റുള്ളവരുടെ മുന്നില്‍ സ്വന്തം മാനം കളയരുതല്ലൊ, ഞാന്‍ മസിലും പിടിച്ചു നിന്നു. അല്ല, ഇനി വല്ല കുഴപ്പവുമുണ്ടെങ്കില്‍...? അവനു വേണ്ടിക്കൂടി ഞാന്‍ മൂത്രമൊഴിക്കേണ്ടി വരുമോ ? പിന്നല്ല.


‘ഈശ്വരാ, അവന്‍ മൂത്രമൊഴിയ്‌ക്കണേ’ എന്ന്‌ ലോകത്തില്‍ ആദ്യമായി പ്രാര്‍ത്ഥിച്ചയാള്‍ എന്ന റെക്കോര്‍ഡ് എന്റെ പേരിലായി എന്ന്‌ അപ്പോള്‍ ഞാനറിഞ്ഞു. ‘അവിടെ‘ ചവിട്ടു കിട്ടിയതിന്റെ വിവിധ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുകയാണ് മറ്റുള്ളവര്‍. തല്ലുകൊള്ളികള്‍, എല്ലാവന്മാര്‍ക്കും ചവിട്ടോ അടിയോ കൊണ്ടിട്ടുണ്ട്‌. ദാ ഷിബു പുറത്തിറങ്ങി. എല്ലാവരും ആകാംക്ഷയോടെ നോക്കി. അവന്റെ മുഖത്ത്` ഒരു ആശ്വാസം കാണുന്നുണ്ട്‌. കൊച്ചു കള്ളന്‍, മൂത്രമൊഴിച്ചു അല്ലേ. എന്റെ ശ്വാസം നേരെ വീണു. പിന്നെ അധികം വൈകിയില്ല, ഞാന്‍ ഓടി ബാത്ത്‌റൂമില്‍ കയറിയതും കുളിച്ചതും ഭക്ഷണം കഴിച്ചതും, ഓഫീസിലേ‌ക്കോടിയതും റെക്കോര്‍ഡ്‌ സമയത്തിലായിരുന്നു.


അന്നു വൈകിട്ടാണ് കഥയുടെ ‘കദന‘ഭാഗം നടന്നത്‌. എനിക്ക്‌ അത്യാവശ്യമായി 2000 രൂപ വേണം. എല്ലാവരോടും തെണ്ടി.മലര്‍ത്തിക്കാണിച്ച കൈകള്‍ = (മൊത്തം സ്റ്റാഫിന്റെ എണ്ണം x 2) - 2 (ഞാന്‍ പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പാണേ. ഭയങ്കര കണക്കാ). മൈനസ് ചെയ്ത രണ്ട്, ഷിബുവിന്റെ കറുത്ത കരങ്ങളാണ്.

ഇനി ആരോടു ചോദിക്കും. ആകപ്പാടെ പൈസ കയ്യിലുള്ളത്‌ ഷിബുവിനാണ്. രാവിലത്തെ സംഭവ വികാസങ്ങള്‍ വച്ചു നോക്കിയാല്‍ അവന്‍ രൂപ തരാനുള്ള വിദൂര സാധ്യത പോലുമില്ല. എന്തായാലും ഒന്നു ശ്രമിച്ചു നോക്കാം. നാണമില്ലാത്തവന് ഒന്നും നഷ്‌ടപ്പെടാനില്ലല്ലോ. അവന്‍ എന്നെക്കൊണ്ടും മൂത്രംപോക്ക്‌ ടെസ്റ്റ് ചെയ്യിക്കുമോ എന്നൊരു പേടിയുണ്ട്‌. ഷിബുവിന്റടുത്തുപോയി ഇരുന്നു (ഇരന്നത്‌ പിന്നീടാണ്). ഷിബു കമ്പ്യൂട്ടറില്‍ കണ്ണും നട്ടിരിപ്പാണ്. എന്നെ കണ്ടു കാണും, മഹാപാപി മൈന്‍‌ഡ് ചെയ്യുന്നില്ല.


“ഷിബൂ...”, രണ്ടും കല്‍പ്പിച്ചു വിളിച്ചു.


“ങും...?”, മുഖത്തു നോക്കാതെ (മാടന്‍) മുരണ്ടു.


“പിന്നെ... വര്‍ക്കൊക്കെ തീര്‍ന്നോ ?”, ഞാന്‍ സോപ്പെടുത്തു പതപ്പിച്ചു.


“ങാ, ഏകദേശം. എന്താ...? “, കടുപ്പത്തിലാണ് മറു ചോദ്യം (വെള്ളം കുറവാണ്, സോപ്പ്‌ പതയുന്നില്ല.

നിന്റമ്മൂമ്മേ കെട്ടിക്കുന്നോന്നറിയാന്‍, പിന്നല്ലാണ്ട്‌... ഞാന്‍ പല്ലുകടിച്ചു.


“ ഏയ്‌ ചുമ്മാ ചോദിച്ചതാ...”, ഇത്രയുമേ പറഞ്ഞുള്ളു (പേടിയുണ്ടേ).


“എന്നാലും രാവിലത്തെപ്പണി കടുത്തു പോയി. എന്റെ ജീവന്‍ പോയതു പോലാരുന്നു.”, ഷിബു മനസ്സു തുറന്നു.


രക്ഷപെട്ടു, ഇതിലേ പിടിച്ചു കയറാം.


“അയ്യോ, അതൊരു അബദ്ധം പറ്റിയതാ. വേണമെന്നു കരുതി ചെയ്‌തതല്ല (ആഗ്രഹിച്ചതാണെങ്കിലും). ഇപ്പോ കുഴപ്പം വല്ലതുമുണ്ടോ”, ഞാന്‍ ദീനാനുകമ്പനായി.


“ഹേയ്‌, ഇല്ല”, ഷിബു ചിരിച്ചു.


“ഞാന്‍ വെറുതേ തമാശയ്‌ക്ക്‌ കളിയാക്കുന്നെന്നേയുള്ളു, കേട്ടോ, ഷിബുവിന്റെ ബോഡി എന്തൊക്കെ പറഞ്ഞാലും കിടിലന്‍ തന്നാ..”, ഞാന്‍ അവന്റെ കയ്യില്‍ പിടിച്ചു ഞെക്കി നോക്കി, “ഇരുമ്പു പോലുണ്ട്”. കണവ മീന്‍ ഞെക്കി നോക്കിയ പോലുണ്ട്‌. എന്തു ചെയ്യാനാ, പണം കണ്ണു മറയ്‌ക്കുന്നു.


“ഷിബു ലീവിന് പോകുന്നില്ലേ”, സോപ്പ് വീണ്ടും പതഞ്ഞു തുടങ്ങി.


“ഓ, ഇനി അടുത്ത മാസമേ പോകുന്നുള്ളു. ...ഈ ഞായറാഴ്ച്ച നീ ബീച്ചില്‍ വരുന്നോ, കോവളത്ത്‌“.


സോപ്പിന്റെ പവറേ (ചുമ്മാതല്ല ലക്സാ, ലക്സ്‌).


“പിന്നെന്താ പോയിക്കളയാം...”, ഞാന്‍ ഇളിച്ചു കാട്ടി (സത്യമായും അത്‌ ചിരിയല്ലായിരുന്നു).


“ശരി ഞാന്‍ ചായ കുടിച്ചില്ല. പോട്ടെ ?”, ഞാന്‍ എഴുന്നേറ്റു തിരിഞ്ഞു.


ഷിബു വീണ്ടും കമ്പ്യൂട്ടറിലേക്കാക്കി നോട്ടം.


ഞാന്‍ നാടകീയമായി തിരിഞ്ഞു നോക്കി, ചോദിച്ചു, “ഷിബൂ, പിന്നേ... ഒരു 2000 രൂപ തരാനുണ്ടാവുമോ, അടുത്തയാഴ്ച്ച തിരിച്ചു തരാം”.


മനസ്സില്‍ ഞാന്‍ തലതല്ലി പ്രാര്‍ത്ഥിച്ചു.


“ ഓക്കെ, അടുത്തയാഴ്‌ച്ച തന്നെ തരണം..”, ഷിബു പേഴ്‌സില്‍ നിന്നും പൈസയെടുത്തു തന്നു.


ജയ്‌ ലക്സ്.ഇത്ഥം, വിനോജ്‌ വിരചിത, ഷിബു കാണ്ഡഹ, രണ്ടാം പാദഹ, സമാപ്‌തഹ (ഹ കൂടിപ്പോയോ ? ക്ഷമിക്കുഹ.)

Free Counter

Free Counter

5 comments:

ദിലീപ് വിശ്വനാഥ് said...

ജാഡയില്ലാത്ത കലക്കന്‍ എഴുത്ത്.
ഇങ്ങനെ തന്നെ വേണം കൂട്ടുകാരായാല്‍.

ശ്രീ said...

നല്ല എഴുത്ത്, വിനോജേ...

:)

മൂര്‍ത്തി said...

രസമുണ്ട് വായിക്കാന്‍..(ഇത് സോപ്പല്ല :))

വിനോജ് | Vinoj said...

കമന്റിയവര്‍ക്കും, കമന്റാതെ കടന്നു പോയവര്‍ക്കും, നന്ദി, വീണ്ടും വരിക.

ഏ.ആര്‍. നജീം said...

ശരിക്കും ആസ്വദിച്ചു വായിച്ചൂട്ടോ... നന്നായി എഴുതിയിരിക്കുന്നു....

"ഈശ്വരാ, അവന്‍ മൂത്രമൊഴിയ്‌ക്കണേ’ എന്ന്‌ ലോകത്തില്‍ ആദ്യമായി പ്രാര്‍ത്ഥിച്ചയാള്‍ എന്ന റെക്കോര്‍ഡ് എന്റെ പേരിലായി" .... ഹ ഹാ, ചിരിയടക്കാന്‍ ഞാന്‍ പെടുന്ന പാടേ... :)

Powered By Blogger