ഒരു പാടു നാളുകളായി എന്തെങ്കിലും പോസ്റ്റിയിട്ട്. ഞാന്‍ ഗള്‍ഫില്‍ വന്നതിന്റെ ആഘാതത്തിലായിരുന്നു. ഞെട്ടല്‍ മാറി വരുന്നതേയുള്ളു. ഈ ജൂണ്‍ ഒന്നിനാണ് മസ്കറ്റ് എയര്‍പോര്‍ട്ടില്‍ കാലു കുത്തിയത് (ഇക്കാര്യത്തില്‍ എന്റെ കാലുകളോടുള്ള ദേഷ്യം ഇതുവരെ തീര്‍ന്നിട്ടില്ല, എന്തോന്നു കണ്ടാലും അപ്പോ കുത്തിക്കളയും, ഇതുങ്ങളുടെ ഒരു കാര്യം). വിമാനം ലാന്‍ഡ് ചെയ്യാന്‍ പോകുന്നു എന്ന അറിയിപ്പ് കേട്ടപ്പോള്‍ മുതല്‍ നോക്കിയിരിപ്പാണ് താഴേക്ക്. കടലിനോട് ചേര്‍ന്ന് വെറും ഒരു മണല്‍ത്തറ. ഇതാണോ ഗള്‍ഫ്. വിമാനം താഴ്ന്നു വരും തോറും കുറച്ച് പ്രതീക്ഷ വന്നു, മണ്ണു കൂട്ടിയിട്ടതു പോലെ ചില കുന്നുകള്‍, താഴ്വാരങ്ങളില് റോഡുകളും, കട്ടയടുക്കിയതുപോലെ കെട്ടിടങ്ങളും കാണുന്നുണ്ട്. വിമാനം ലാന്‍ഡ് ചെയ്തു. വിമാനത്തില്‍ നിന്നും ഞാന്‍ ഇറങ്ങിയ ഡോര്‍ മാറിപ്പോയെന്നാണ് ആദ്യം കരുതിയത്. വീട്ടില്‍ എപ്പോഴോ വഴിതെറ്റി അടുക്കളയിലെത്തിയപ്പോള്‍ അടുപ്പിനടുത്തു നിന്ന ഓര്‍മ്മ വന്നു. വിമാനത്തിലും അടുക്കളയുണ്ടോ? തീ പോലുള്ള കാറ്റ്. നേരേ ഇറങ്ങിയോടിയാണ് ബസില്‍ കയറിയത്. എയര്‍പോര്‍ട്ടില്‍ ബസ് നിറുത്തിയതും ഓടി അകത്തേക്ക്. അവിടുത്തെ ഇടപാടുകളൊക്കെ തീര്‍ത്ത് ലഗേജുമായി പുറത്തെത്തി, ഈശ്വരാ വീണ്ടും അടുപ്പിന്റെ ഓര്‍മ്മ. എന്റെ ബന്ധു അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു. ഞാന്‍ പുള്ളിക്കാരനെ ആദ്യമായി ബഹുമാനത്തോടെ നോക്കി; എന്റെ ഗള്‍ഫുകാരാ നിങ്ങളെ സമ്മതിക്കണം. അവിടെ ഒരു കൗണ്ടറില്‍ നിന്ന് ഒരു സിം കാര്‍ഡ് വാങ്ങി, ചുമ്മാ പാസ്പോര്‍ട്ട് കാണിച്ച് ഒരു ഒപ്പുമിട്ടതേയുള്ളു, സിം റെഡി. നാട്ടിലാണെങ്കില്‍ കിടക്കുന്ന ഫോട്ടോ, ഇരിക്കുന്ന ഫോട്ടോ, വീടിന്റെ പ്ലാന്‍, ആത്മകഥ, എന്തൊക്കെ വേണം ഒരു സിമ്മെടുക്കാന്‍. കാറില്‍ നേരേ നൂറ്റിയന്പതു കിലോമീറ്റര്‍ ദൂരെ നിസ്വ എന്ന സ്ഥലത്തേക്ക്.
റോഡിന്റെ ഇരുവശങ്ങളിലും വലിയ കെട്ടിടങ്ങള്‍ പ്രതീക്ഷിച്ചു. എവിടെ! കുറേ ദൂരത്തോളം ഇരുവശങ്ങളിലും കുന്നുകള്‍ മാത്രം. ഈശ്വരാ, ഒമാനില്‍ റോഡുകള്‍ മാത്രമേയുള്ളോ. ഇടയ്ക്കിടക്ക് ചിലയിടങ്ങളില്‍ കുറച്ചു കടകളും മറ്റും കണ്ടു. അത്രയും ആശ്വാസം. ഒടുവില്‍ നിസ്വയിലെത്തി ഏസി റൂമില്‍ കയറിയതും ശ്വാസം നേരെ വീണു. ഗള്‍ഫില്‍ ജീവിക്കാന്‍ വേണ്ട അടിസ്ഥാന ഘടകങ്ങള്‍ ഞാന്‍ മാറ്റിക്കുറിച്ചിട്ടു; വായു, വെള്ളം, ഭക്ഷണം, പാര്‍പ്പിടം, ഏസി. ഉച്ചക്ക് ഒന്നു കുളിച്ചു ഫ്രഷാകാമെന്നു കരുതി ബാത്റൂമില്‍ കയറി, പൈപ്പ് തുറന്നതും കൈപൊള്ളിച്ചു കൊണ്ട് തിളച്ച വെള്ളം വരുന്നു. ഹീറ്ററിന്റെ പൈപ്പായിരിക്കും, ഞാന്‍ അടുത്ത പൈപ്പ് തുറന്നു, തഥൈവ. ചമ്മി പുറത്തിറങ്ങി. എന്റെ ബന്ധു ചിരിച്ചു കൊണ്ട് നില്‍പ്പുണ്ട്. "ഇപ്പോ കുളിക്കാന്‍ പറ്റില്ല, വെള്ളം ഭയങ്കര ചൂടായിരിക്കും. രാത്രിയാകട്ടെ". അപ്പോള്‍ രാത്രിയായാല്‍ സംഗതി ഓക്കെ. ഞാന്‍ ആശ്വസിച്ചു. രാത്രിയാണ് ഞാന്‍ റൂമില്‍ നിന്നും പുറത്തിറങ്ങിയത്. സമയം എട്ടു മുപ്പത്. പുറത്തെ ചൂടിന് വലിയ മാറ്റമൊന്നുമില്ല. രാത്രിയും കണക്കു തന്നെ. ചെറിയ ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ച് റൂമിലെത്തി. നാളെ വൈകുന്നേരം സലാലയിലേക്ക് പോകണം, ആദ്യത്തെ കുറച്ചു മാസങ്ങള്‍ അവിടെയാണ് ജോലി (ഒരു കമ്പനിയില്‍ അക്കൗണ്ടന്റായാണ്). സലാല കേരളം പോലെയാണത്രെ. സന്തോഷം, കേരളം പോലെയാകണമെന്നില്ല, തല്ക്കാലം തമിഴ് നാടായാലും മതി. ഭാരത് മാതാ കി ജയ്. സലാലയിലേക്ക് ബസിലാണ് യാത്ര, തൊള്ളായിരം കിലോമീറ്ററോളം ഉണ്ടത്രെ യാത്ര. രാവിലെ ആറരയ്ക്ക് അവിടെയെത്തും. ബസില്‍ ഏസി ഉള്ളതു കാരണം ചൂടറിയുന്നില്ല. എന്തായാലും പുറത്തു നല്ല ചൂടായിരിക്കും. ആറ് മണി ആകാറായപ്പോള്‍ ബസ് ഒരു കുത്തനെയുള്ള ഇറക്കം ഇറങ്ങുകയായിരുന്നു. മലകള്‍ കയറിയിറങ്ങിയാണ് യാത്ര. മഞ്ഞ് മൂടിയ ദൂരെക്കാഴ്ച്ചകള്‍ കണ്ടപ്പോള്‍ തന്നെ സലാല എനിക്കിഷ്ടമായി. കുറച്ചു കൂടിപോയപ്പോള്‍ നല്ല പച്ചപ്പുള്ള സ്ഥലങ്ങള്‍ കണ്ടു. മരങ്ങളും, പുല്‍ത്തകിടികളും റോഡിനിരുവശത്തും വച്ചു പിടിപ്പിച്ചിട്ടുണ്ട്. കേരളം വൃത്തിയാക്കിയെടുത്തതു പോലെയുണ്ട്. ഇടയ്ക്കിടയ്ക്ക് തെങ്ങുകള്‍ കൂടി കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഇപ്പോള്‍ ഞാന്‍ സലാലക്കാരനാണ്. വാഴത്തോപ്പുകളും, തെങ്ങിന് തോപ്പുകളും എല്ലാം ഉണ്ട് സലാലയില്‍. ഇവിടം പണ്ട് കടലായിരുന്നത്രെ. കേരളം പോലെ കടല്‍ പിന് വാങ്ങി ഉണ്ടായതാണത്രെ സലാല. ഏതെങ്കിലും അറബി പരശുരാമന് മഴു എറിഞ്ഞോ എന്നറിയില്ല :) ഇവിടെ എവിടെ കുഴിച്ചാലും വലുതും ചെറുതുമായ ഉരുളന്‍ കല്ലുകള്‍ കിട്ടും. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഇവിടെ മഴക്കാലമാണ്. ചിലപ്പോഴൊക്കെ ചെറിയ വെള്ളപ്പൊക്കങ്ങള്‍ പോലും ഉണ്ടാകാറുണ്ട്. മറ്റു സ്ഥലങ്ങളിലെ അറബികള്‍ ഇവിടെ ടൂറിനു വരും. ഈ സീസണില്‍ റൂമുകള്‍ക്കൊക്കെ ഭയങ്കര വാടകയാണ്. ചിലരൊക്കെ തുറസ്സായ സ്ഥലങ്ങളില്‍ ടെന്റുകള്‍ കെട്ടി താമസിക്കും. ഇവന്മാരുടെ ഭാവം കണ്ടാല്‍ തോന്നും മറ്റാരും മഴ കണ്ടിട്ടില്ലെന്ന്. എന്തായാലും നിശ്ശബ്ദമായി നൂലു പോലെ പെയ്യുന്ന സലാലയിലെ മഴ കാണാന്‍ ഒരു ഭംഗിയുണ്ട്. ഞാന്‍ ജോലി ചെയ്യുന്നത് ഒരു അറബിയുടെ കമ്പനിയിലാണ്, പുള്ളിയാണ് ജനറല്‍ മാനേജരും. ആള് പാവമാണ്. പുള്ളിക്ക് നാലഞ്ച് ഇംഗ്ലീഷ് വാക്കുകള്‍ അറിയാം, അതും കൊണ്ടാണ് ജീവിതം, പാവം അറബി. അങ്ങേരുടെ മകന് (കൊച്ചറബി) ഇംഗ്ലീഷ് അറിയാം, പുള്ളി നല്ല കമ്പനിയാണ്. അത്രയേ ഉള്ളൂ ഇവിടെ ആശ്വസിക്കാന്‍; മുതലാളിമാരെ പേടിക്കേണ്ടല്ലോ.
ഇതൊക്കെ എന്റെ മാത്രം കാഴ്ച്ചപ്പാടുകളാണ് കേട്ടോ, ഒമാനിലെ മറ്റു സ്ഥലങ്ങളെ പറ്റി എനിക്കറിയില്ല. വലിയ വ്യത്യാസമൊന്നുമില്ലെന്നാണ് കേട്ടത്. ഒമാന്‍ വളര്‍ച്ചയുടെ പാതയിലാണ്. വളരട്ടെ..., കൂട്ടത്തില്‍ ഞാനും.
12 comments:
hahaha,,
yes dear this is gulf !!!
Wish you Good luck!
:)
സലാലയെക്കുറിച്ച് വായിച്ചപ്പോള്‍ അവിടം കാണണമെന്ന് തോന്നുന്നു...അതൊന്നും നടക്കില്ലെന്നും അറിയാം...സലാലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുമല്ലോ?
സസ്നേഹം,
ശിവ
അതേലൊ...ഇതു തന്നെയാ ഗള്‍ഫ്!
ഞാനും ഗള്ഫിലാണേ....
സലാല കേരളം പോലെയാണെന്നു കേട്ടിട്ടുണ്ട്; എന്നെപ്പോലെയുള്ള നാടന്‍ മലയാളികള്‍ക്ക് സലാലയുടെ ഭംഗി നുകരുവാന്‍ വേണ്ടീ ഫോട്ടോസുകള്‍ പോസ്റ്റുമെന്നു പ്രതീക്ഷിക്കുന്നു..ആശംസകള്‍
ഹിത്രേയുള്ളോ ഗള്‍ഫ്? സിമ്മെടുക്കാന്‍ മാത്രം കൊള്ളാവുന്ന സ്ഥലം!
താങ്കള്‍ പരബ്ഞത് ഒക്കെ ശരിയാണ്. ഇത്രയേ ഉള്ളോ എന്ന് ചോതിച്ചാല്‍ ഇത്രയേ ഉള്ളൂ , ഇത്രയും ഉണ്ടോ എന്ന് ചോതിച്ചാല്‍ , ഇത്രയും ഉണ്ട് എന്നൊക്കെ പറയാം. ഗള്‍ഫില്‍ വന്ന സ്തിതിക്ക് രണ്ടാമത് ചോതിച്ച ചോദ്യമാണ് ഓര്‍ക്കേണ്ടത്. അല്ലെങ്കില്‍ ഇത്രയേ ഉള്ളോ എന്ന് ചോതിച്ചിട്ടു മടങ്ങേണ്ടി വരും.
അതാണ് ഗള്‍ഫ്.
Hi Faris, thanks, and welcome.
ദേശാഭിമാനി, നന്ദി.
കുട്ടമണി, :) :) :)
ശിവ, തീര്‍ച്ചയായും, നന്ദി.
oab: തന്നെ?
ഹരീഷ് ഒരു ക്യാമറ വാങ്ങട്ടെ, എന്നിട്ടാകാം.,
ധ്വനി: നന്ദി. പിന്നെന്തിനൊക്കെകൊള്ളാം എന്ന് ഞാന്‍ കണ്ടുപിടിച്ചുവരുന്നതേയുള്ളൂ. നോക്കട്ടെ.
ഞാനേ, താങ്കള്‍ പറഞ്ഞത് ശരിയാണ്.
എല്ലാവര്ക്കും നന്ദിയുണ്ട്.
"എന്റെ ഗള്‍ഫുകാരാ നിങ്ങളെ സമ്മതിക്കണം. അവിടെ ഒരു കൗണ്ടറില്‍ നിന്ന് ഒരു സിം കാര്‍ഡ് വാങ്ങി, ചുമ്മാ പാസ്പോര്‍ട്ട് കാണിച്ച് ഒരു ഒപ്പുമിട്ടതേയുള്ളു, സിം റെഡി. നാട്ടിലാണെങ്കില്‍ കിടക്കുന്ന ഫോട്ടോ, ഇരിക്കുന്ന ഫോട്ടോ, വീടിന്റെ പ്ലാന്‍, ആത്മകഥ, എന്തൊക്കെ വേണം ഒരു സിമ്മെടുക്കാന്‍." ഹഹ!
sarikku ithonnumalla gulf gulf ithinteyum appurathanu njan ippol saudiyilanu njan anbhavikkunnathallee............ binoj valarnnillenkilum oman valarum athurappaa.......... enthu kondennal ivide thozhilalikal nannayillenkilum muthalali nannayal mathi...
Hi! Shajan, wish you better luck.
ഒമാനെങ്കിലും വളരട്ടെ. :-)
Post a Comment