നാഡി ജ്യോതിഷം
ഈ പേര് ആദ്യമായി കേട്ടപ്പോള്‍ എനിക്കു തോന്നിയത് നമ്മുടെ നാഡി പിടിച്ചു നോക്കി ഭാവി പ്രവചിക്കുന്ന പരിപാടിയാണെന്നാണ്. പക്ഷെ ഇന്റര്‍നെറ്റില്‍ ഒരു അന്വേഷണം നടത്തിയപ്പോഴാണ് സംഗതി വേറെയാണെന്നു മനസ്സിലായത്. ഭാവിയെ കുറിച്ചറിയാനുള്ള ആകാംക്ഷ ശരിക്കും അടക്കാന്‍ പറ്റാത്ത ഒന്നാണ്. നാഡി ജ്യോതിഷത്തില്‍ താളിയോല വായിച്ചാണ് ഭാവി പ്രവചനം. പുരാതന കാലത്ത് ഋഷിമാര്‍ എഴുതി വച്ച താളിയോലകളില്‍ ഈ ലോകത്ത് ജനിച്ചിട്ടുള്ള എല്ലാ മനുഷ്യരുടെയും ജീവിതം മുഴുവനും രേഖപ്പെടുത്തിയിട്ടുണ്ടത്രെ. ഇത്തരം താളിയോലകള്‍ കോപ്പി ചെയ്ത് പല ആളുകളും വ്യത്യസ്ഥ സ്ഥലങ്ങളില്‍ പ്രവചനം നടത്തുന്നുണ്ട്. ഇതില്‍ പ്രധാന സ്ഥലങ്ങളെല്ലാം തമിഴ്‌നാട്ടിലാണ് (മധുരയില്‍ പ്രത്യേകിച്ചും). ഞാന്‍ ഇത്തരത്തില്‍ ഒരു സ്ഥലം തിരുവനന്തപുരത്തുള്ളതായി അറിഞ്ഞു അവിടെ പോയി. മുന്‍കൂര്‍ ബുക്ക് ചെയ്തു വേണം പോകാന്‍. ജാതകം കൊണ്ടു വരാന്‍ ആവശ്യപ്പെട്ടിരുന്നു. താളിയോലകള്‍ തമിഴ് ശ്ലോകങ്ങളായാണ് എഴുതിയിരിക്കുന്നത്. ആദ്യം നമ്മുടെ ഓല ഏതാണെന്നു കണ്ടു പിടീക്കണം, അതിനു വേണ്ടി തള്ള വിരലിന്റെ അടയാളം വാങ്ങും. അതില്‍ ഒരു പ്രത്യേക രേഖ നോക്കിയാണ് ഓരോ വ്യക്തിയുടെയും ഓല കണ്ടെത്തുക. എന്റെ വിരലിലെ രേഖക്ക് വായില്‍ കൊള്ളാത്ത ഏതോ ഒരു പേരു പറഞ്ഞു (സത്യമായും ഓര്‍മ്മയില്ല). എന്റെ രേഖ നോക്കി അയാള്‍ (ഓല വായിക്കുന്നയാള്‍, ഒരു ചെറുപ്പക്കാരനാണ്. ഒരു വയസ്സന്‍ തമിഴനെയാണ് ഞാന്‍ പ്രതീക്ഷിച്ചത്.) ഉള്ളില്‍ പോയി ഒരു കെട്ട് ഓല(ആനയ്ക്കു തിന്നാനും മാത്രം ഇല്ല കേട്ടോ, ഒരു ചെറിയ കെട്ട് താളിയോല) എടുത്തു കൊണ്ടു വന്നു. കനം കുറഞ്ഞ തടിയോ മറ്റോ അതിന്റെ ആദ്യവും അവസാനവും ബയന്റുപോലെ വച്ചിട്ടുണ്ട്. അതിലെ രണ്ട് ദ്വാരങ്ങളിലൂടെ നൂലുകടത്തി യാണ് ഓലകള്‍ ബന്ധിച്ചിരിക്കുന്നത്. ഓല വായിക്കുന്ന മുറി ഒരു വലിയ പൂജാ മുറി പോലെ തന്നെ. അയാള്‍ ആദ്യം നാഡി ജ്യോതിഷത്തെപറ്റി ഒരു ചെറിയ വിശദീകരണത്തിനു ശേഷം ഓല കെട്ടഴിച്ചു. ഒരു പ്രാര്‍ത്ഥന ഉച്ചത്തില്‍ ചൊല്ലി. ഓരോ ഓലയും വായിച്ച് അതില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്നു ചോദിക്കും, എല്ലാ കാര്യങ്ങളും ഒത്തു വന്നാല്‍ അതാണ് ശരിയായ ഓല. ഒരു കാര്യമെങ്കിലും തെറ്റിയാല്‍ അടുത്ത ഓല എടുത്തു വായിക്കും (എനിക്കു ഒരു തരം reverse quiz രീതി പോലെ തോന്നി).
ആദ്യത്തെ ഓലയില്‍ ഒരു ശ്ലോകം വായിച്ചിട്ടു ചോദിച്ചു,
"നിങ്ങളുടെ അച്ഛന്റെ പേര് കൃഷ്ണന്‍ എന്നു അര്‍ഥം വരുന്നതാണോ ? "
"അതെ"
"നിങ്ങള്‍ കുടുംബത്തിലെ മൂത്തയാളാണ് ?"
"അല്ല്ല"
"അപ്പോള്‍ ഈ ഓലയല്ല", അയാള്‍ അടുത്ത ഓലയെടുത്തു...
ഇങ്ങനെ തെറ്റിയും ശരിയായും ഒടുവില്‍ ഒരു ഓല എടുത്തു വായിക്കുന്നതിനിടയില്‍ എന്റെ മലയാള ജനന മാസം, അമ്മയുടെ പേരിന്റെ സൂചന (കുട്ടി എന്നര്‍ത്ഥം വരുന്ന പേരാണോ, k,c,p,b ഇവയില്‍ ഏതെങ്കിലും അക്ഷരത്തിലാണോ പേരു തുടങ്ങുന്നത്) ഇവയെല്ലാം ചോദിച്ചു. ഒടുവില്‍ കിട്ടിയ ഓലയില്‍ ഇവയെല്ലാം ശരിയായി വന്നു, അച്ഛന്റെ പേര്, എന്റെ പേര്, അമ്മയുടെ പേര്, ജനിച്ച ദിവസം, സഹോദരങ്ങളുടെ എണ്ണം, എന്റെ നക്ഷത്രം എന്നിവ. ഇതില്‍ പലതും ഞാന്‍ നേരത്തെ പറഞ്ഞ reverse quiz മോഡലില്‍ ഊഹിച്ചതാണോ എന്നൊരു സംശയം മനസ്സില്‍ കിടന്നു പുളയ്ക്കുന്നു. എങ്കിലും അച്ഛന്റെയും , അമ്മയുടെയും(ബേബി) പേരുകള്‍ ശരിയായി പറഞ്ഞത് ഒരു മതിപ്പുണ്ടാക്കി. എന്റെ പേരും കൂട്ടത്തില്‍ പറഞ്ഞു, പക്ഷേ എന്റെ പേര് ഞാന്‍ ആദ്യം അവരെ വിളിച്ചപ്പോഴേ ഫോണിലൂടെ പറഞ്ഞിരുന്നു, അതു കൊണ്ട് അതു ശൂ....
എന്റെ ഓല എടുത്തതിനു ശേഷം, ഓല വായിക്കുന്ന സമയം മുതലുണ്ടാകുന്ന അനുഭവങ്ങള്‍ പ്രവചിക്കുന്ന ഭാഗം വായിച്ചു. നമ്മള്‍ എന്നാണ് ഈ ഓല വായിപ്പിക്കുവാന്‍ എത്തുക എന്ന് കൂടി അതിലുണ്ടെന്ന് അയാള്‍ പറഞ്ഞു. എന്റെ വിവാഹം നടക്കുന്ന മാസം, ഭാര്യയുടെ ലക്ഷണങ്ങള്‍ (ശരീരത്തിലെ ചില അടയാളങ്ങള്‍, നിറം തുടങ്ങിയവ), ജോലി ഉടനെ മാറും, പിന്നെ... കുട്ടികള്‍, സാമ്പത്തികാവസ്ഥ തുടങ്ങി കുറേ കാര്യങ്ങള്‍ പറഞ്ഞു. ഏതൊക്കെ ശരിയാകുമെന്നു കണ്ടറിയേണം.
ഇക്കൂട്ടത്തില്‍ ആദ്യത്തേത് ജോലി മാറ്റമാണ്. അതു ശരിയായാല്‍ എല്ലാവരെയും അറിയിക്കാം, പിന്നെ ഈ വര്‍ഷാവസാനം വിവാഹം, അതും നടന്നാല്‍ അറിയിക്കാം. ഇത്രയും ശരിയായാല്‍ പിന്നെ ബാക്കിയൊക്കെ വിശ്വസിക്കാം, അല്ലേ ?
വാല്‍ കഷണം : കഴിഞ്ഞ ജന്മം, അടുത്ത ജന്മം എന്നിവയും അവര്‍ വേണമെങ്കില്‍ പറഞ്ഞു തരും. ഓരോ വിഷയവും ഓരോ കാണ്ഡമാണ്. ഒരു കാണ്ഡം വായിക്കുവാന്‍ 250 രൂപ. പൊതുവായി എല്ലാ കാര്യങ്ങളും അറിയുവാന്‍ 250 രൂപ. ഇങ്ങിനെയാണ് റേറ്റുകള്‍. ഞാന്‍ അവര്‍ക്കു പരസ്യം ചെയ്യുകയാണെന്നു കരുതരുത്. എന്റെ കാര്യത്തില്‍ പറഞ്ഞതെന്തെങ്കിലുമൊക്കെ ശരിയാകാതെ ഞാന്‍ ഇതു recommend ചെയ്യില്ല. ഞാന്‍ ഒന്നും അന്ധമായി വിശ്വസിക്കാത്തതു പോലെ തന്നെ, ഒന്നും അന്ധമായി അവിശ്വസിക്കുന്നുമില്ല. നമുക്കു നോക്കാം...
Nadi Astrology / Naadi Astrology / Jyothisham / Nadi Jyothisham
13 comments:
വിനോജ് കൊള്ളാം.ഞാനൊരു വിശ്വാസിയേ ആയിരുന്നില്ല,ഇപ്പൊള്‍ പക്ഷേ ചിലനേരങ്ങളില്‍ അന്ധവിശ്വാസി കൂടിയാണു.നാട്ടില്‍ വരുമ്പോള്‍ പേരു ബൂക് ചെയ്യാം അല്ലേ?
പക്ഷേ സംഗതി ചീറ്റിപ്പോയാല്‍ എന്റെ ഫോണ്‍ നമ്പര്‍ ചോദിക്കരുത്(ഫയര്‍ ചെയ്യാന്‍), പ്ലീസ്.... എന്തായാലും എന്റെ കാര്യത്തില്‍ ഇനിയും എന്തെങ്കിലും ശരിയായി വരുമ്പോള്‍ അറിയിക്കാം. ഓക്കേ... പിന്നേ താങ്കളുടെ പേനയിലെ മഷി തീര്‍ന്നോ ? ഇപ്പോ കമന്റെഴുത്തു മാത്രമേ ഉള്ളോ ? എന്തെങ്കിലുമൊക്കെ എഴുതു മാഷേ....
vinoj
വിനോജ് ഈ പരിപാടി കള്ളത്തരമാനെന്നാണ് എന്റെ അറിവ്. കാരണം എന്റെ ഒരു സുഹൃത്ത് പോയിരുന്നു അവിടെ അയാള്‍ പറഞ്ഞത് പല രീതിയിലും ഇവര്‍ നമ്മളെ പറ്റി അന്വേഷിച്ച ശേഷമാണത്രേ നമ്മെ വിളിക്കുന്നതെന്നാണ്. പലകാര്യങ്ങള് ചോദിച്ചിട്ട് അവസാനം ഒരു കന്ക്ലുഷനില്‍ എത്തുകയനെന്നാണ് എന്റെ അറിവ്. പിന്നെ വ്യക്തമായ വിവരമില്ലാതെ ആരെയും പറ്റി നമ്മള്‍ ഒന്നും പറയാന്‍ പാടില്ലല്ലോ ഉദാഹരണത്തിന് ഇപ്പൊ ചൂടുപിടിച്ചു നടക്കുന്ന എസ് കത്തി വിവാദം തന്നെ അല്ലെ...
വിനോജ്,
ആദ്യമായി ആണ് ഈ ബ്ലോഗ് സന്ദര്‍ശിക്കുന്നത്. ഈ കാര്യം വായിച്ചപ്പൊള്‍ എന്റെ അനുഭവം ഓര്‍ത്തു പോയി. അത് ഇവിടെ പങ്കു വയ്ക്ക്ട്ടെ. ഇങ്ങനെ നാഡീ ജ്യോതിഷത്തെ പറ്റി കേള്‍ക്കുന്നതു കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‍. അന്ന് ഞാനും എന്റെ ചില സുഹൃത്തുക്കളും കൂടി ഇതൊന്നു പരീക്ഷിക്കണം എന്ന് വിചാരിച്ച് അവിടെ പോയി. പക്ഷെ അതു തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ ആണ്‍. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ ആണ്‍ പോയത്. അവിടെ എത്തിയപ്പോള്‍ ഞങ്ങളുടെ ഒരൊരുത്തരുടെയും വിരലടയാളം എടുക്കുകയും ഓരൊരുത്തരെയും ഓല ലഭിക്കുന്നതിനനുസരിച്ച് വിളിക്കുകയും ചെയ്തു. ഓലയെ പറ്റിയും അത് തെരഞ്ഞെടുക്കുന്ന രീതിയെല്ലാം വിനോജ് പറഞ്ഞത് തന്നെ. പക്ഷെ അതിന്‍ മുന്‍പായി ഞങ്ങളുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും തന്നെ അവര്‍ ചോദിച്ചിരുന്നില്ല. ഓല്‍ വായിച്ചു തുടങ്ങിയപ്പോള്‍ ഞങ്ങളോട് ചില കാര്യങ്ങള്‍ ചോദിക്കുമെന്നും അതു ശരിയാണെങ്കില്‍ ശരി എന്നും തെറ്റാണെങ്കില്‍ തെറ്റ് എന്നും പറയണമെന്നു പറഞ്ഞിരുന്നു. ചോദിച്ചത് പേരിന്റെ ആദ്യത്തെ അക്ഷരം അങ്ങനെ ആണോ, പേരില്‍ ഇത്ര അക്ഷരം ഉണ്ടോ ഇങ്ങനെ ഒക്കെ ആയിരുന്നു. ആ ചോദ്യങ്ങളൊന്നും ഒരു റിവേഴ്സ് ക്വിസ് പോലെ കാര്യങ്ങള്‍ മനസ്സില്ലാക്കാന്‍ പറ്റുന്ന ഒന്നായിരുന്നില്ല എന്നതു വാസ്തവം തന്നെ ആണ്‍. പിന്നീട് ഓരോരുത്തരുടെയും ശരിയായ ഓല എടുത്തതിനു ശേഷം അവരവരുടെ കാര്യങ്ങള്‍ പറഞ്ഞതെല്ലാം ഞങ്ങളെ അത്ഭുതപ്പെടുത്തുകയും ചെയ്തു. എന്നെ സംബന്ധിച്ച് എന്റെ പേര്‍(മുന്‍പു ചോദിക്കുകയോ പറയുകയോ ചെയ്തിരുന്നില്ല), അച്ഛന്റെ പേര്‍, അമ്മയുടെ പേര്‍ തുടങ്ങി എല്ലാം ശരിയായ് പറയുകയും ചെയ്തു. പിന്നീട് സംഭവിച്ച കാര്യങ്ങള്‍ ഒട്ടു മിക്കതും അന്ന് പറഞ്ഞതു തന്നെ ആയിരുന്നു. അന്ന് അവരെ കളിയാക്കുകയും ഇങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അതൊന്നു പരീക്ഷിക്കണമെന്നും പറഞ്ഞ ഞങ്ങള് എല്ലാവരും പിന്നീട് ഇതിനെ പറ്റി വളരെ അത്ഭുതപ്പെടാറുണ്ട്.
അനുഭവം പങ്കുവച്ചതിനു നന്ദി, രാജേഷ്. ഞാന്‍ പോയ സ്ഥലം അത്ര ശരിയായിരുന്നില്ലെന്നു തോന്നുന്നു. എങ്കിലും, എനിക്കു ഭാവിയില്‍ നടക്കുമെന്നു പറഞ്ഞ കാര്യങ്ങള്‍ ഒന്നുപോലും ഫലിച്ചില്ല.
ഞാനും പോയിരുന്നു. 3 വര്‍ഷം കഴിഞ്ഞിട്ടും പറഞ്ഞ ഒരു കാര്യവും നടന്നില്ല.
ഏതെങ്കിലും ഒരു കാര്യം അന്ധ വിശ്വാസം ആണെന്നും അതില്‍ കഴമ്പില്ലെന്നും ശുദ്ധ തട്ടിപ്പ് ആണെന്നും തെളിഞ്ഞാല്‍ കൂടി ഉള്ളിലുള്ള വിശ്വാസി അതിനെ അങ്ങിനെ അങ്ങ് നിരാകരിക്കാന്‍ തയ്യാറില്ല അല്ലെ സുഹൃത്തേ?
:) ippo theere vishwasamilla.
THATTIPPANO ?
പൊള്ളാച്ചിയിൽ എവിടെയാണ് സുഹൃത്തേ അവിടത്തെ Contact No: ഉണ്ടോ Detail ഒന്നു തരാവോ
പൊള്ളാച്ചിയിൽ എവിടെയാണ് സുഹൃത്തേ അവിടത്തെ Contact No: ഉണ്ടോ Detail ഒന്നു തരാവോ
വൈത്തീശ്വരൻ കോവിൽ.
ഒരു ശിവ സ്വാമി ഉണ്ടെന്നും,
അങ്ങേര് Correct ആണെന്നും കേട്ടിട്ടുണ്ട്.
തട്ടിപ്പുകാർ ആണത്രെ ഭൂരിഭാഗവും എന്ന് പറയുന്നു.
Post a Comment