Sunday, January 27, 2008

എന്റെ ദൈവം (കവിത)

ഞാന്‍ ദൈവത്തോടൊപ്പം സന്തുഷ്‌ടനായിരുന്നു,
ഹൃദയം നിറഞ്ഞു ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു,
കണ്ണു നിറഞ്ഞു ഞാന്‍ യാചിച്ചിരുന്നു,
എനിക്ക്‌ എല്ലാറ്റിനും ദൈവം ഉണ്ടായിരുന്നു.

ദൈവം എനിക്ക്‌ പ്രതീക്ഷയുടെ കൈ തന്നു,
ശാസ്‌ത്രം യാഥാര്‍ത്ഥ്യത്തിലേയ്‌ക്ക്‌ തള്ളിയിട്ടു.
ഞാന്‍,
വിശ്വാസങ്ങളുടെ പഴമയും അഴുക്കും പുരണ്ട,
എന്റെ ദൈവത്തിന്റെ കറുത്ത കരങ്ങള്‍ വിട്ട്,
സൂത്രവാക്യങ്ങളും, നിര്‍വചനങ്ങളും തേടിപ്പോയി.

ഇപ്പോള്‍ ഞാന്‍,
ദൈവത്തിനും ശാസ്ത്രത്തിനും ഇടയ്‌ക്ക്‌
എവിടെയോ ആണ്,
അഥവാ, എവിടെയുമല്ല.

ഞാനിപ്പോള്‍ മൂകനാണ്,
നിലാവെന്നില്‍ കവിത നിറയ്‌ക്കുന്നില്ല,
പകരം പ്രകാശദൂരങ്ങളുടെ കണക്കുകള്‍ മാത്രം.
തിരകളെന്റെ മനസ്സുണര്‍ത്തുന്നില്ല,
ഏതോ പ്രകമ്പനങ്ങളുടെ ഓര്‍മ്മകള്‍ മാത്രം.

ഞാന്‍ ഒരു മടക്ക യാത്ര ആഗ്രഹിക്കുന്നു,
എന്റെ ആ പഴയ വീട്ടിലേയ്‌ക്ക്‌.

ഞാനും എന്റെ ദൈവവും കുറേ വിശ്വാസങ്ങളും,
വിളക്കെണ്ണയുടെ ഗന്ധവും ഭസ്‌മവും,
പഴമയില്‍ നിറം മങ്ങിയ വിളക്കും,
എന്റെ, പഴയ കുഞ്ഞു കാല്‌പ്പാടുകളും,
കൃഷ്‌ണതുളസിയും കൊന്നയും മുല്ലയും,
കവിതയുണര്‍ത്തുന്ന നിലാവും മഴയും,
സ്വപ്‌നവും പ്രതീക്ഷയും പിന്നെ,
നിറയെ സ്‌നേഹവുമുള്ള എന്റെ,
ആ പഴയ വീട്ടിലേയ്‌ക്ക്‌,
ഞാന്‍ തിരികെ പൊയ്‌ക്കോട്ടെ,
ആരേയും കൂട്ടാതെ....
എന്നെ വിട്ടേക്കൂ തിരികെ വരില്ല ഞാന്‍,
ഭീരുവെന്നാര്‍ത്താലും.

4 comments:

Sharu (Ansha Muneer) said...

ആ തിരികെപോക്ക് വിശ്വാസത്തിലേക്കാണോ? എങ്കില്‍ അത് ഭീരുത്വമല്ല.... കവിത നന്നായി

വിനോജ് | Vinoj said...

നന്ദി ഷാരൂ‍. തിരികെപ്പോക്ക്‌ വിശ്വാസത്തിലേക്ക്‌ തന്നെയാണ്. :)

Teena C George said...

ഇതെന്റേയും കൂടി കാര്യമാണെന്ന് തോന്നിപ്പോകുന്നു! എത്ര ദൂരം പോന്നു എന്ന് നിശ്ചയമില്ല! തിരികെ പോകണം എന്ന് തോന്നുമ്പോളും, എങ്ങനെ എങ്ങോട്ട് എന്തിന്... ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഒരുപാട് ബാക്കിയാവുന്നു...

വിനോജ് | Vinoj said...

നന്ദി ടീനാ. സ്വന്തം വീടുപേക്ഷിച്ചു പോകാന്‍ ആര്‍ക്കുമാകില്ല. . എത്ര ദൂരെ പോയാലും ഓര്‍മ്മകളിലെവിടെ നിന്നോ അത്‌ തിരികെ വിളിച്ചുകൊണ്ടേയിരിക്കും. നമ്മുടെ ആത്മാവിന്റെ തേങ്ങല്‍ പോലെ.

Powered By Blogger