Monday, May 01, 2017

ഓര്‍മ്മയില്‍ നിന്നും മറവി കൊണ്ടുപോകുന്നത്

കാലുകള്‍ നിന്നുപോയ ഘടികാരത്തില്‍
സമയം നിശ്ചലമായി ഉറങ്ങുന്നുണ്ടാവണം
മറവിയില്‍ മുങ്ങിച്ചാകാന്‍ ദിനങ്ങള്‍ മത്സരിക്കുന്നു
തൂവല്‍ പോലെ ദിവസങ്ങള്‍ പറന്നുപോകുന്നു
ഓര്‍മ്മകളുടെ ഭാരമില്ലാതെ..

ഒരു വിഡ്ഢിയോ ഭ്രാന്തനോ ആകുന്നത് എത്രയോ സുഖകരമാണ്‌
ഇതേ കഠിനപാതകളിലൂടെ അവന്‍ അനായാസം ഒഴുകിപ്പോകുന്നു,
നദിയിലെ ഒരിക്കലും പായല്‍ പിടിക്കാത്ത ഒരു കല്ലിനെപ്പോലെ,
സ്വയം ഒരു ഭാരമാകാതെ..

- വിനോജ് അഞ്ചല്‍


Wednesday, July 20, 2016

പാവം കുമാരന്‍ (മറ്റൊരു കദന കഥ)

പാവം കുമാരന്‍ (മറ്റൊരു കദന കഥ) - വിനോജ് അഞ്ചല്‍
-------------------
കണ്ണിനു മീതെ മൂടിക്കിടന്ന മണ്ണ് കൈ കൊണ്ട് മാറ്റി കുമാരന്‍ കണ്ണുകള്‍ തുറന്നു. ആഞ്ഞൊന്നു തുമ്മി, മൂക്കില്‍ നിന്നും കുറേ മണ്ണു തെറിച്ചു പോയി. കുഴിയില്‍ നിന്നും മെല്ലെ എഴുന്നേറ്റ് മുകളില്‍ കയറി. പാതി രാത്രി ആയിട്ടേ ഉള്ളൂ. കുഴി പിന്നിലെ മതിലിനു കുറച്ച് അടുത്താണ്‌. 
നാശം പിടിച്ചതുങ്ങള്‌, ഇവിടെയാണോ എന്നെക്കൊണ്ടു കുഴിച്ചിട്ടത് ? ഭാര്യയെയും മക്കളെയും പ്രാകി. ആ നാരകവും ചെമ്പരത്തിയുമെല്ലാം വെട്ടി നശിപ്പിച്ചിട്ടുണ്ട്. കുറ്റി മുല്ല കാണാനേയില്ല. എന്തുമാത്രം പൂക്കളായിരുന്നു. എല്ലാറ്റിനെയും ചീത്തവിളിച്ച്, അടുക്കളയില്‍ കയറി രണ്ടുമൂന്നു ചട്ടികളും എറിഞ്ഞു പൊട്ടിച്ച് ഒന്നു അര്‍മാദിക്കാനുള്ള കോളുണ്ടായിരുന്നു. ങ്ഹാ! എന്തു ചെയ്യാം, ചത്തു പോയില്ലേ? 

പക്ഷേ പ്രേതങ്ങള്‍ക്കൊക്കെ എന്തെല്ലാം ചെയ്യാനാകും. എത്രയോ സിനിമകളില്‍ കണ്ടിരിക്കുന്നു കരിമ്പനയുടെ പിന്നില്‍ നിന്ന് കൊമ്പന്‍ പല്ലും കാട്ടിച്ചിരിച്ച് ആളുകളെ പേടിപ്പിച്ചോടിക്കുന്ന പ്രേതങ്ങളെ. എന്തൊക്കെയായാലും ഇംഗ്ലീഷ് പ്രേതങ്ങളെ സമ്മതിക്കണം. അതുങ്ങള്‍ എന്തൊക്കെയാ ചെയ്തു കൂട്ടുന്നത്. ഓര്‍ത്തിട്ടു തന്നെ കൊതിയാകുന്നു. വല്ല ഇംഗ്ലണ്ടിലും പോയി ചത്താല്‍ മതിയാരുന്നു. കുറഞ്ഞ പക്ഷം ഭാനുമതിയെ കുനിച്ചു നിറുത്തി അവളുടെ മുതുകത്ത് രണ്ടിടി കൊടുക്കാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍. ഓരോ ഭര്‍ത്താക്കന്മാര്‍ പറയുന്നത് കേട്ട് കൊതിച്ചു പോയിട്ടുണ്ട്. ഒറ്റയടിക്ക് ഭാര്യയുടെ പല്ലുകൊഴിച്ച രാഘവന്റെ കഥ കേട്ട് എത്ര തവണ കോരിത്തരിച്ചു നിന്നിരിക്കുന്നു. ഭാര്യയെപേടി എന്ന പേരു ദോഷം ചാകുന്നതു വരെ മാറ്റാന്‍ കഴിഞ്ഞില്ല.
 
                പിന്നില്‍ നിന്നും എന്തോ ശബ്ദം, ഒന്നു നടുങ്ങിയെങ്കിലും പിന്നെ ധൈര്യം സംഭരിച്ചു, പ്രേതങ്ങള്‍ പേടിക്കാന്‍ പാടില്ല, പേടിപ്പിക്കാനേ പാടുള്ളൂ അതാ നാട്ടുനടപ്പ്‌. മെല്ലെ തിരിഞ്ഞു നോക്കി. 
അയ്യേ, ഒരു പൂച്ച! വളഞ്ഞു കുത്തി രോമങ്ങളെല്ലാം ഉയര്‍ത്തി മുരണ്ടുകൊണ്ട് മുള്ളന്‍‍പന്നിയെപ്പോലെ നില്പ്പാണ്‌. പാവം പേടിച്ചു പോയെന്നു തോന്നുന്നു. ഒരു കല്ലെടുത്തെറിഞ്ഞാലോ? വേണ്ട, മറ്റേതെങ്കിലും പ്രേതങ്ങള്‍ കണ്ടാല്‍ മാനം പോകും. ചുമ്മാ കൈ വീശി പൂച്ചയെ ഓടിക്കാന്‍ നോക്കി. ഭാഗ്യം!  പൂച്ച ഓടിക്കളഞ്ഞു, അല്ലെങ്കില്‍ കല്ലു തന്നെ എടുക്കേണ്ടി വന്നേനേ. 

എവിടെ നിന്നൊക്കെയോ പട്ടികള്‍ ഓരിയിടുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. നാശങ്ങള്‍ ഇതിനൊന്നും ഉറക്കവുമില്ലേ ? 

"കുമാരാ !", പിന്നില്‍ നിന്നൊരു വിളി.
ദൈവമേ, പൂച്ച പോയപ്പോള്‍ അടുത്ത തൊല്ല ഇതേതാണ്‌ ?
തിരിഞ്ഞു നോക്കി. ഒരു വെളുത്ത രൂപം. ഒരു മനുഷ്യനാണ്‌.
"ആആആരാ.....!!!"

"എടാ ഞാനാടാ...."
"ആടോ ?!"
"എടാ ഞാനാ തോമാച്ചന്‍"

"കഴിഞ്ഞ വര്‍ഷം മരിച്ച......",  കുമാരന്റെ തൊണ്ട വരണ്ടു, "അയ്യോ പ്രേതം..."

"എടാ ഓടാതെ .... ", തോമാച്ചന്‍ വിടാന്‍ ഭാവമില്ല. 

"നീ ചത്തില്ലേ ഇനിയെന്തിനാ പേടിക്കുന്നത്", തോമാച്ചന്‍ ധൈര്യം കൊടുത്തു. 

കുമാരന്‍ ചമ്മലോടെ തിരിഞ്ഞു നിന്നു ചിരിച്ചു, 'ഹ ഹ, ചുമ്മാതെ തമാശയ്‌ക്ക്...'

"നീ ത്രേസ്യാമ്മയുടെ കല്ലറ കാണാന്‍ വരുന്നോ ?", ഒരു കുസൃതിച്ചിരിയോടെ തോമാച്ചന്‍ ചോദിച്ചു.
കുമാരന്‍ കണ്ണുമിഴിച്ചു "..എ..ഏത് ത്രേസ്യാമ്മ ?"
"നിന്റെ ഹൃദയഭാജനം...", അവറാച്ചന്‍ പൊട്ടിച്ചിരിച്ചു.
കുമാരന്റെ ആദ്യത്തെ അന്യമത സം‌രംഭമായിരുന്നു ത്രേസ്യാമ്മയോടുള്ള പ്രണയം. കുമാരന്റെ കണ്ണുകളില്‍ വല്ലാത്തൊരു തിളക്കം.
ത്രേസ്യാമ്മയുടെ കല്ലറയില്‍ തലോടുമ്പോള്‍ കുമാരന്റെ കൈകള്‍ വിറച്ചു. തോമാച്ചന്‍ ഒരു ചിരിയോടെ മാറി നിന്നു. 
പെട്ടെന്ന് കല്ലറയ്ക്കൊരിളക്കം.
തോമാച്ചന്‍ ശ്രദ്ധിച്ചു, എന്നിട്ട് വിളിച്ചു കൂവി, "എടാ ഓടിക്കോ ! അവളിപ്പോള്‍ വരും. അവിടെയാരും നില്ക്കുന്നത് അവള്‍ക്കിഷ്ടമല്ല."
കുമാരന്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല, അവന്‍ ആ പഴയ പത്താം ക്ലാസ്സുകാരനായി മാറി രോമാഞ്ചമണിഞ്ഞു നില്പ്പാണ്‌.
നിരങ്ങി നീങ്ങിയ കോണ്ക്രീറ്റ് പാളിയുടെ അടിയില്‍ നിന്ന് ത്രേസ്യാമ്മ എഴുന്നേറ്റു വന്നു.
കൈയുടെ അടിയില്‍ നിന്നും കല്ലറയുടെ പാളി നീങ്ങിയതു പോലുമറിയാതെ നില്ക്കുന്ന കുമാരന്റെ അടുത്ത് ചെന്ന് അല്പം കോപത്തോടെ ത്രേസ്സ്യാമ്മ ചോദിച്ചു,
"ആരാ ?"
കുമാരന്‍ സ്വബോധം വീണ്ടെടുത്തു. വീണ്ടും ഞെട്ടി. അയ്യോ ത്രേസ്സ്യാമ്മ ഇതാ മുന്നില്‍ ! പഴയ ഭംഗിയൊക്കെ പോയി, വയസ്സിയായി.
"ഞാന്‍ കുമാരന്‍, പണ്ട് പത്താം ക്ലാസില്‍ ഒരുമിച്ചു പഠിച്ച...", കുമാരന്‍ പകുതിയ്ക്ക് വച്ച് നിറുത്തി.
"ത്രേസ്യാമ്മയുടെ മുഖത്ത് ഭാവഭേദമൊന്നുമില്ല, "അതിന്‌...?"
കുമാരന്‍ ടെന്‍ഷന്‍ കുടിച്ചിറക്കുമ്പോലെ ഉമിനീരിറക്കി മിഴിച്ചു നില്പ്പാണ്‌, അവളെ പറഞ്ഞിട്ട് കാര്യമില്ല, ഇത്രയും വര്‍ഷമായില്ലേ, ഒക്കെ മറന്നു കാണും.
"വീണ്ടും പ്രേമലേഖനം തരാന്‍ വന്നതാണോ ?", ത്രേസ്യാമ്മയുടെ മുഖത്ത് ഒരു കുസൃതിച്ചിരി.
അപ്പോള്‍ അവള്‍ ഒന്നും മറന്നിട്ടില്ല. ഏകദേശം നൂറു കഷണങ്ങളായി തിരികെ കിട്ടിയ തന്റെ പ്രണയലേഖനം കുമാരന്റെ ഓര്‍മ്മയില്‍ മിന്നിമറഞ്ഞു. കുമാരനും ചിരിച്ചു.
"എന്നാ മരിച്ചത്", ത്രേസ്യാമ്മയുടെ കുശലാന്വേഷണം.
"ഇന്നലെ വൈകിട്ട്", കുമാരന്‍ പുഞ്ചിരിയോടെ പറഞ്ഞു.
"വീട്ടില്‍ ആരൊക്കെയുണ്ടു ?"
"ഭാര്യയും ഒരു മോളും", കുമാരന്‍ തന്റെ ചെറിയ പ്രാരാബ്ധ ലിസ്റ്റ് അവതരിപ്പിച്ചു.
"ത്രേസ്സ്യയുടെയോ", കുമാരന്‍ പ്രണയപൂര്‍‌വം ചോദിച്ചു
"ഞാന്‍ കല്യാണം കഴിച്ചിട്ടില്ല"
കുമാരന്‌ നെഞ്ചിലൂടെ ഒരു മണല്‍ ലോറി കയറിയിറങ്ങി പോയതു പോലെ തോന്നി.
"ഞാന്‍ അറിഞ്ഞില്ല...", നെഞ്ചും തലോടി കുമാരന്‍ നിരാശയോടെ പറഞ്ഞു.
ത്രേസ്സ്യാമ്മ ഒന്നും മിണ്ടിയില്ല. നഷ്ടപ്പെട്ട അവസരവും ഓര്‍ത്ത് നിരാശയോടെ കുമാരന്‍ തിരിഞ്ഞു നടന്നു.
"ഞാന്‍ പോകുന്നു", കുമാരന്റെ തിരിഞ്ഞുപോലും നോക്കാതെയുള്ള യാത്രാമൊഴി.
ഇടയ്ക്കു വച്ച് തോമാച്ചന്‍ കൂടെ കൂടി.
"കഷ്ടമായിപ്പോയി അല്ലേ, ഒന്നുകൂടി ശ്രമിക്കാമായിരുന്നു", തോമാച്ചന്റെ വക ഒരു കുത്ത്.
വെറുതേ തെറി വിളിച്ച് തോമാച്ചനെ പിണക്കണ്ട എന്നു കരുതി കുമാരന്‍ മറുപടിയൊന്നും പറഞ്ഞില്ല.

തോമാച്ചനും കുമാരനും നടന്ന് കുമാരന്റെ വീടിനടുത്തെത്തി. രണ്ടു പേരും മതിലില്‍ കയറി ഇരിപ്പായി. 
വായാടിയായിരുന്ന തോമാച്ചന്‍ അധികം സംസാരിക്കുന്നില്ല. ഇന്നത്തെ പരിപാടികള്‍ എന്തൊക്കെയാണെന്ന് ഒരു പിടിയുമില്ല.  ഉറങ്ങേണ്ടി വരുമോ ആവോ, രാവിലെ എന്തൊക്കെ ചെയ്യണം, ഭക്ഷണം കഴിക്കണോ, നൂറു നൂറു സംശയങ്ങളാണ്‌. തോമാച്ചന്റെ വൃത്തികെട്ട ചിരി കാണാന്‍ വയ്യാത്തതുകൊണ്ട് ഒന്നും ചോദിക്കാന്‍ തോന്നുന്നുമില്ല. ങാ, നോക്കട്ടെ, തനിയേ മനസ്സിലാകുമായിരിക്കും.

"ഞാനൊന്നു കറങ്ങീട്ടു വരാം", തോമാച്ചന്‍ മതിലില്‍ നിന്നും ഇറങ്ങി, തിരിഞ്ഞുനോക്കാതെ നടന്നു നീങ്ങി.
കുമാരന്‍ കണ്ണു മിഴിച്ചു, 'ഇവനിതെന്തു പറ്റി !', ആ എന്തോ ആകട്ടെ.
കുമാരനും മതിലില്‍ നിന്നും ഇറങ്ങി. വല്ലാത്ത മുഷിവ് തോന്നുന്നു. വീട്ടിനകത്ത് ഒന്നു കയറിനോക്കിയാലോ, അവരെയൊക്കെ ഒന്നു കാണാമല്ലോ. പിന്നിലൂടെ കയറാം. കുമാരന്‍ മെല്ലെ അടുക്കളഭാഗത്തേയ്ക്ക്  നീങ്ങി.
അടുക്കളയില്‍ വെളിച്ചം കാണുന്നുണ്ട്, അവള്‍ ലൈറ്റും കെടുത്തിയിട്ടില്ലേ! കറന്റ് ചാര്‍ജ് അവളുടെ തന്ത.... ഓ, ഇനിമുതല്‍ അത് പേടിക്കണ്ടല്ലോ, കുമാരന്‍ ആശ്വസിച്ചു.
ആരോ അടുക്കളയില്‍ ഉണ്ട്, അനക്കം കേള്‍ക്കുന്നുണ്ട്, നേരത്തേ കണ്ട ആ പൂച്ചയാവുമോ ? ചെറിയ ജനാലയിലൂടെ എത്തി നോക്കി.
അയ്യോ, ഭാനുമതി.....!! കുമാരന്‍ പെട്ടെന്ന് കുനിഞ്ഞു തറയിലിരുന്നു.
തലയ്ക്കുള്ളില്‍ ആരോ അയ്യേ പറയുന്നു. ശ്ശേ, പ്രേതമായിട്ടും ഭാര്യയെ പേടിക്കുകയെന്നു വച്ചാല്‍... പഴയ ഓരോ ദുഃശീലങ്ങള്‍. കുറച്ചു കാലമായിട്ട് രണ്ടു കുപ്പി കള്ളെങ്കിലും കേറ്റാതെ രാത്രിയില്‍ അവളുടെ മുന്നില്‍ പോയി നിന്ന ഓര്‍മ്മയില്ല. എന്തായാലും പ്രേതജീവിതത്തിന്റെ തുടക്കമല്ലേ, അവളെ ഒന്നു പേടിപ്പിച്ചു ഗംഭീരമാക്കാം, കുമാരന്റെ മുഖത്ത് നവരസങ്ങളില്‍ മൂന്നു നാലെണ്ണം മിന്നി മറഞ്ഞു. മുഖത്തെ രസം തുടച്ചു മാറ്റി കുമാരന്‍ വാതില്‍ക്കലേയ്ക്ക് നീങ്ങി.
പെട്ടെന്ന് വാതില്‍ തുറക്കപ്പെട്ടു. കുമാരന്റെ കണ്മുന്നില്‍ മുന്നില്‍ മഹാമേരുവായി ഭാനുമതി നിറഞ്ഞു... 
"ഉം... എന്താ ?", ഭാനുമതിയുടെ ചിരപരിചിതമായ ശബ്ദം, അല്ല, ഗര്‍ജ്ജനം കുമാരന്റെ കാതുകളെ പ്രകമ്പനം കൊള്ളിച്ചു. 
"ഞ..ഞ...ഞാന്‍...", കുമാരന്‌ തൊണ്ടവരണ്ടു. 
"ഇവിടെക്കിടന്ന് കറങ്ങാതെ ആ കുഴിയില്‍ പോയി കിടക്ക് മനുഷ്യാ....!", ഭാനുവിന്റെ കാളി അവതാരം അലറിപ്പറഞ്ഞു.
കുമാരന്‍ വിറച്ചുകൊണ്ട് തിരിഞ്ഞു നടന്നു, ഓടി, പാഞ്ഞു...കുഴിയില്‍ തിരികെ പോയി കിടന്നിട്ടേ കുമാരന്‍ അടങ്ങിയുള്ളൂ.
"ചത്താലും സ്വൈരം തരില്ല", പിറുപിറുത്തുകൊണ്ട് ഭാനുമതി തിരിഞ്ഞു വാതില്‍ വലിച്ചടച്ചു.
(...തുടരും)

Tuesday, October 23, 2012

എന്റെ വിവാഹ ദിവസം


അയ്യോ ഇന്ന്‍ എന്റെ കല്യാണം ആണല്ലോ ! അലാറം അടിച്ചപ്പോള്‍ ഞെട്ടി എഴുന്നേറ്റു. രാവിലെ ഉണര്‍ന്നപ്പോള്‍ അല്ല കല്യാണത്തിന്റെ കാര്യം ഓര്‍ത്തത്, രാത്രിയേ തയ്യാറായി കിടന്നതാണ് നേരത്തേ ഉണരാന്‍. ഇന്നത്തെ ദിവസത്തിന്റെ  പ്രത്യേകത ഓര്‍ത്തപ്പോള്‍ പെട്ടെന്ന്‍ ഒരു ഞെട്ടല്‍. പണ്ട് ടൂറിന് പോകാന്‍രാവിലെ എഴുന്നേറ്റത് പോലെ ഒരു ഉന്മേഷവും തോന്നുന്നുണ്ട്. തണുപ്പത്ത് കുളിക്കുന്ന കാര്യം ഓര്‍ക്കുമ്പോഴാ... കല്യാണ ദിവസമായിപ്പോയി, അല്ലായിരുന്നെങ്കില്‍നേരെ തിരിഞ്ഞ് കിടന്ന്‍ ഉറക്കം തുടരാമായിരുന്നു.

വീട്ടില്‍ കുളിക്കാന്‍ പറ്റില്ല, കാരണം കല്യാണവീടാണ് എന്നൊരു ചിന്ത കിണറിനു മാത്രം ഇല്ല, പുള്ളി ഒരു മാസമായി വേണ്ടത്ര വെള്ളം ഉത്പാദിപ്പിക്കുന്നില്ല. ശമ്പളം ഇല്ലാത്ത ജോലിയല്ലേ ഇങ്ങനെ ഒക്കെ മതി എന്ന് കരുതുന്നുണ്ടാവും. അപ്പുറത്തെ വീട്ടില്‍ പോയി വേണം കുളിയും തേവാരവും ഒക്കെ. മുല്‍ഹി താത്ത ഇന്നലെയേ പറഞ്ഞിരുന്നു, എല്ലാവരും അവിടെ ചെന്ന് കുളിച്ചോളാന്‍. അനിയനും അമ്മയും ചേച്ചിയും അളിയനും  ഒക്കെ ഉണര്‍ന്നിട്ടുണ്ട്. പുറത്ത് പൂവന്‍ കൂവി വിളിക്കുന്നു, എന്തോ, പതിവില്ലാത്ത ഒരു സ്നേഹം തോന്നുന്നു അവനോട്; നേരവും കാലവും നോക്കാതെ എപ്പോഴും കൂവുന്നവന്‍ എന്നൊരു അഭിപ്രായം എനിക്ക് അവനെക്കുറിച്ച് ഉണ്ടായിരുന്നത് തല്‍ക്കാലം ഞാന്‍ മറന്നു. പുറത്ത് ഒരു ഐശ്വര്യ  പൂര്‍ണ്ണമായ അന്തരീക്ഷം, മാനത്ത് ചെറിയ വെളിച്ചം പരന്നിട്ടുണ്ട്. അല്ല ഇതിന് എന്തോ പറയുമല്ലോ, പ്രഭാതത്തിന്‍റെ.... ആ.. എന്തോ ആകട്ടെ. ചെറുകഥയൊക്കെ പിന്നെയെഴുതാം. തല്‍ക്കാലം പോയി കുളിക്കാനുള്ള വഴി നോക്കാം, തോര്‍ത്തും ബ്രഷും സോപ്പും എടുത്ത് ഇറങ്ങി.
     
മുല്‍ഹി താത്ത ഉണര്‍ന്നിട്ടുണ്ട്, നിസ്കാരം കഴിഞ്ഞ് ഉറങ്ങിയിട്ടുണ്ടാവില്ല, പാവം ബുദ്ധിമുട്ടായോ ആവോ. താത്ത ഉത്സാഹത്തോടെ ക്ഷണിച്ചു, അവരൊക്കെ എവിടെ എന്ന്‍ തിരക്കി, പിന്നാലെ വരുന്നുണ്ട് എന്ന് പറഞ്ഞു കുളിമുറിയിലേയ്ക്ക് കയറി. ഇന്നത്തെ കുളി സ്പെഷ്യല്‍ ആണ്, ഈ തണുപ്പത്ത്, അതിരാവിലെ, ഇങ്ങനെ ഒരു കുളി പതിവില്ലാത്തതാണ്. ഇന്ന്‍ പതിവുള്ള മടി മാറ്റി വച്ചു. എന്താണെന്നറിയില്ല സോപ്പൊക്കെ എത്ര തേച്ചിട്ടും മതിയാവുന്നില്ല. വിശാലമായി കുളിച്ചിറങ്ങി. ഇന്നത്തെ താരം ഞാനാണ്, എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. ഇന്നത്തെ എന്‍റെ പേര് പയ്യന്‍ എന്നാണ്, ഇന്നത്തെ ദിവസം ആരെങ്കിലും പയ്യന്‍ എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം കല്യാണ പയ്യന്‍ എന്നാണ്. അവിടെ അവള്‍ പെണ്ണ്‌.  ഒരു തരത്തില്‍ ഒരു ഡിസ്പോസിബിള്‍ പേര്.  കുളിയൊക്കെ കഴിഞ്ഞ് വീട്ടില്‍ എത്തി. അനിയന്‍ കുളിക്കാന്‍ പോകാന്‍ ഇറങ്ങുന്നു, എല്ലാ കാര്യങ്ങളും അവന്റെ മേല്‍നോട്ടത്തില്‍ ആണ്. ഗള്‍ഫുകാര്‍ പൊതുവേ കല്യാണ ദിവസം വന്നിറങ്ങി താലിയും കെട്ടി തിരികെ പോകുന്നവരാണ്, പാവങ്ങള്‍. പക്ഷേ ബന്ധുക്കള്‍ക്ക് മിനക്കേട് കൂടും. ഇവിടെ എന്റെ അനിയനാണ് രക്ത സാക്ഷി. എല്ലാത്തിനും അവന്‍തന്നെ ഓട്ടം.

വീഡിയോക്കാര്‍ വരുന്നതിനു മുന്‍പ് ഒരുങ്ങണം, അല്ലെങ്കില്‍ അവര്‍ അടിവസ്ത്രം മുതല്‍ എല്ലാം വീണ്ടും ഇടുവിച്ച് വീഡിയോ പിടിക്കും. അല്പം ഒരു ധൃതിയില്‍ തന്നെ ഒരുങ്ങി. പൌഡര്‍ അല്പം അധികം ആയിക്കോട്ടെ, വീഡിയോയില്‍ അറിയില്ല. ഒരുങ്ങി റൂമിന് പുറത്തിറങ്ങിയപ്പോള്‍ പുറത്ത് ഒരു കല്യാണ വീടിന്‍റെ അന്തരീക്ഷം ശരിക്കും വന്നു കഴിഞ്ഞു. എല്ലാവരും കുളിച്ചൊരുങ്ങി നില്‍പ്പുണ്ട്. മാമനും മാമിയും തലേന്നേ വന്നിരുന്നു, അവരും റെഡി. എന്റെ കുഞ്ഞന്മാര്‍ -ചേച്ചിയുടെ മക്കള്‍- പോലും റെഡിയായി നില്‍പ്പാണ്. എന്തുകൊണ്ടോ ടെന്‍ഷന്‍ ഒന്നും തോന്നുന്നില്ല, ഭാഗ്യം. വീഡിയോക്കാര്‍ എത്തി. ഇവന്‍ നേരത്തേ പണി പറ്റിച്ചോ എന്നൊരു നോട്ടം എന്‍റെ വേഷത്തിലേയ്ക്ക് വരുന്നുണ്ട്. എന്നോടാണോ കളി എന്നൊരു അഹങ്കാരത്തോടെ ഞാനും നോക്കി. മുഖത്ത് വേണ്ടത്ര പുച്ഛം വന്നോ എന്നൊരു സംശയം. സ്റ്റില്‍ ഫോട്ടോഗ്രാഫറും എത്തി. പുള്ളിക്കാരന്‍ ജോലിക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത ആളാണ്‌. പുള്ളിയ്ക്ക് ഞാന്‍ കുറഞ്ഞ പക്ഷം മുടിയെങ്കിലും വീണ്ടും ചീകണം. ഈശ്വരാ കഷണ്ടിയൊക്കെ മറച്ച് കഷ്ടപ്പെട്ട് ചീകി വച്ചിരിക്കുകയാ. അല്പം ശബ്ദം കുറച്ച് പുള്ളിക്കാരനെ കാര്യം പറഞ്ഞു ബോധവത്കരിച്ചു. പുള്ളി കൊമ്പ്രമൈസിനു തയ്യാറായി. കുറഞ്ഞ പക്ഷം ഷര്‍ട്ടിന്‍റെ ബട്ടണ്‍ അളിയനെ കൊണ്ട് ഇടുവിയ്ക്കണം. നഷ്ടമൊന്നുമില്ലാത്ത കാര്യം. ഞാന്‍ രണ്ടു ബട്ടണ്‍ അഴിച്ചു. അളിയന്‍ ബട്ടണ്‍ ഇടുന്നത് ഫോട്ടോയും എടുത്തു വീഡിയോയും പിടിച്ചു. വിവാഹ വീഡിയോകള്‍ കണ്ടാല്‍ തോന്നും വിവാഹ ദിവസം ആണ് വരന്‍  ആദ്യമായി തുണിയുടുക്കുന്നതും ഒരുങ്ങുന്നതും എന്ന്. എല്ലാം മറ്റുള്ളവര്‍ കൈ വച്ചാണ് ശരിയാക്കുന്നത്. അമ്മയെ കൊണ്ട് എനിക്ക് പൌഡറും ഇടുവിച്ചു. ഇതെന്താ സുന്ദരന് പൌഡര്‍ ഇടീല്‍ മത്സരമോ ? സുന്ദരന്‍ എന്ന് ഉദ്ദേശിച്ചത് എന്നെ തന്നെ ആണ്. ഒരു കൂട്ടച്ചിരി പേടിച്ച് ചോദ്യം ആത്മഗതമാക്കി ഒതുക്കി.

അടുത്തത് ചടങ്ങ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ചില കാര്യങ്ങള്‍. യോഗയുടെ ഫലം ചെയ്യുന്ന ചില വ്യായാമങ്ങള്‍. ബന്ധു ജനങ്ങളുടെ കാലില്‍ തൊട്ടു അനുഗ്രഹം വാങ്ങല്‍ ആണ്‌ സംഭവം. മുട്ടുമടക്കിയാലും കുഴപ്പമില്ലാത്ത യോഗാസനം ആയതിനാല്‍ ബുദ്ധി മുട്ടില്ലാതെ കുനിഞ്ഞു പലകാലുകള്‍ മാറി മാറി തൊട്ട് അനുഗ്രഹം വാങ്ങി. എല്ലാവര്‍ക്കും വെറ്റിലയും അടയ്ക്കയും കൊടുത്തു. അടയ്ക്കയ്ക്കൊക്കെ ഇപ്പൊ എന്താ വില. അത് കൊണ്ടാവും പല വീടുകളിലും ഓരോരുത്തര്‍ക്കും ഓരോന്ന് കൊടുക്കാതെ ഒരേ അടയ്ക്കയും വെറ്റിലയും തന്നെയാണ് മാറി മാറി കൊടുത്ത് അനുഗ്രഹം വാങ്ങുന്നത്. വളരെ നല്ല പരിഷ്കാരം, അത്രയും ചിലവെങ്കിലും കുറഞ്ഞു കിട്ടും. അനുഗ്രഹിക്കുന്നവര്‍ തലയില്‍ തൊടുമ്പോള്‍ ഒരു അസ്വസ്ഥത. ഈ മുടി ചീകി വയ്ക്കാന്‍ പെട്ട പാട് ഇവര്‍ക്കറിയാമോ. ഇറങ്ങുന്നതിനു മുന്‍പ് ഒന്ന് കൂടി മുടി ചീകി  ശരിയാക്കി. കാറില്‍ ഇരിക്കുമ്പോള്‍ കാറ്റടിക്കാതിരുന്നാല്‍ മതി. ഈ കഷണ്ടി കണ്ടു പിടിച്ചവനെ എന്‍റെ കയ്യില്‍ കിട്ടിയാല്‍.... പോട്ടെ പ്രതികാരമൊക്കെ പിന്നെ വീട്ടാം, ഇപ്പോള്‍സമയമില്ല. അങ്ങനെ വീട്ടിലെ പരിപാടികള്‍ ഒക്കെ കഴിഞ്ഞു.

എല്ലാവരും ഇറങ്ങി, ഞാന്‍ കാറില്‍ കയറി സുഖമായി മുന്നില്‍ തന്നെ ഇരുന്നു, അളിയന്റെ കാറാണ്, അളിയന്‍ തന്നെ ഓടിക്കുന്നതും. രണ്ടര മണിക്കൂര്‍ എടുത്തു ആഡിറ്റോറിയത്തില്‍ എത്താന്‍. കാറില്‍ നിന്ന്‍ ഇറങ്ങി ആഡിറ്റോറിയത്തിന്റെ പുറത്ത് നിന്നു. ഇനി പെണ്‍വീട്ടുകാര്‍ വന്നു സ്വീകരിക്കണം, എന്നിട്ടേ അകത്തേയ്ക്ക് പോകാന്‍ പാടുള്ളൂ. ഞാന്‍ അപ്പോഴേയ്ക്കും ഒരു താരമായി കഴിഞ്ഞു എന്ന് തോന്നുന്നു. എല്ലാവരും അവിടുന്നും ഇവിടുന്നും ഒക്കെ നോക്കുന്നുണ്ട്. പെണ്‍വീട്ടുകാര്‍ താലപ്പൊലിയും വിളക്കും ഒക്കെയായി വന്നു. അളിയന്മാര്‍ (വധുവിന്‍റെ സഹോദരന്മാര്‍) വന്നു. മൂത്തയാള്‍ എന്‍റെ കാലില്‍ വെള്ളമൊഴിച്ച് കഴുകി. 'വേണ്ടായിരുന്നു, ഞാന്‍ കുളിച്ച കാര്യം ഇവര്‍ അറിഞ്ഞില്ലേ?' എന്തോ ആകട്ടെ. നെറ്റിയില്‍ ചന്ദനക്കുറി ഇട്ടു തന്ന്‍ ഒരു ബൊക്കെയും കയ്യില്‍ തന്നു, ഞാന്‍ അതും പിടിച്ച് എല്ലാവരോടും ഒപ്പം അകത്തേക്ക്. നിറയെ ആളുകളുടെ മുന്നില്‍ അവരെ അഭിമുഖീകരിച്ച് മണ്ഡപത്തില്‍ കയറി ഇരുന്നു. ഇത്രയും ആളുകളുടെ മുന്നില്‍ ആണെങ്കിലും ഏതോ ഒരു അന്തര്‍ലോകത്തില്‍ ആയിരുന്നു ഞാന്‍, ഒറ്റയ്ക്ക്. അതാവും ടെന്‍ഷന്‍ ഇല്ലാത്തത്.

പണ്ടത്തെ വീടുകളില്‍ ഒരു പലകക്കഷണത്തില്‍ ഇരുന്ന് ഇലയും ഇട്ട് ഊണ് വിളമ്പുന്നതും കാത്ത് നോക്കി ഇരിക്കുന്ന ഭാവത്തില്‍ ഞാന്‍ ഇരിപ്പാണ്.  ഒന്ന് പിന്നിലേയ്ക്ക് തിരിഞ്ഞ് - “എടിയേ ഞാന്‍വന്നു” – എന്ന്‍വിളിച്ചു പറഞ്ഞാലോ ? ദൈവമേ എന്നെ ചിരിപ്പിക്കല്ലേ... വിവാഹ മണ്ഡപത്തില്‍എങ്കിലും മര്യാദയ്ക്ക് ഇരിക്ക് ചെറുക്കാ. സ്വയം അടക്കി. എന്തായാലും ഞാന്‍പറയുന്നതെങ്കിലും ഞാന്‍അനുസരിക്കുന്നുണ്ട്, അത്രയും ഭാഗ്യം. കാരണവന്മാര്‍ ചടങ്ങുകളുടെ ക്രമവും മറ്റും ചര്‍ച്ച ചെയ്യുകയാണ്. ഈശ്വരാ ഈ ലോകത്തില്‍എത്രയോ കല്യാണങ്ങള്‍നടന്നിരിക്കുന്നു, ഇവര്‍ക്കൊക്കെ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനം ആയില്ലേ ? ഏതു കല്യാണത്തിനു പോയാലും ഈ ചര്‍ച്ചകള്‍ കേള്‍ക്കണമല്ലോ. ഇനി അവളെക്കൊണ്ട് താലി കെട്ടിക്കുമോ ? സമയം പാഴാക്കേണ്ട എന്നു കരുതി ആഡിറ്റോറിയത്തില്‍വന്ന പരിചിത മുഖങ്ങള്‍എണ്ണി നോക്കാന്‍ ശ്രമിച്ചു. ക്യാമാറാമാന്മാര്‍ സ്റ്റാന്‍റ് ഉറപ്പിക്കുന്നു. ഇവന്മാര്‍ താലി കെട്ടിക്കഴിഞ്ഞു റീടേക്ക് പറയുമോ? വിവാഹത്തിനു പലതും അവരുടെ ഇഷ്ടത്തിനാണ്. അച്ഛനെന്താ മണ്ഡപത്തില്‍ കാര്യം എന്ന്‍ചോദിച്ചാല്‍ അച്ഛന്‍പോലും ഇറങ്ങിക്കൊടുക്കണം, അതാ കാലം. കല്യാണത്തിനു പോയാല്‍ താലികെട്ടിന്റെ സമയത്ത് പൊതുവേ താലികെട്ടിനു പകരം ക്യാമാറാമാന്മാരുടെ പിന്‍വശം ആണ് കാണാന്‍ കഴിയുക. എന്തായാലും ഇവിടെ ഞാന്‍ഏറ്റവും മുന്നിലാ, അവന്മാരുടെ ഒരു കളിയും നടക്കില്ല.

കാത്തിരിപ്പ് ഒരുപാട് നീണ്ടില്ല, അതാ എന്‍റെ പെങ്കൊച്ച് വരുന്നുണ്ട്. മണ്ഡപത്തിന് വലംവച്ച് അവള്‍അടുത്ത് വന്നിരുന്നു. ആ സീനിന് ഞാന്‍ ലൈക്കടിച്ചു, കുറേനേരമായി ഒറ്റയ്ക്ക് ഇരിപ്പാണേ. ചടങ്ങുകളൊക്കെ തുടങ്ങി. ചേച്ചിക്ക് സഹായിക്കാന്‍അവസരമുണ്ടാക്കാതെ താലി ഞാന്‍തന്നെ ശരിക്കും കെട്ടി. ഞാന്‍ ആരാ മോന്‍. അങ്ങനെ വലം വയ്ക്കാന്‍തുടങ്ങി. ഞാന്‍ അവളുടെ കയ്യും പിടിച്ച് ഒന്ന്‍ രണ്ട് എന്ന്‍ എണ്ണി ഓരോ വലവും പൂര്‍ത്തിയാക്കി. ഇങ്ങനെ കയ്യും പിടിച്ച് നടക്കാന്‍ ഒരു സുഖമുണ്ട്. മൂന്ന്‍ തവണ ആയപ്പോള്‍ പൂജാരി പറഞ്ഞു മതിയെന്ന്, കഷ്ടമായിപ്പോയി, അല്ലെങ്കിലും ഈ ചടങ്ങുകള്‍ ഒക്കെ ഇങ്ങനെയാ ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതൊക്കെ കൂടുതല്‍കാണും, സുഖമുള്ള ചടങ്ങുകള്‍ പെട്ടെന്ന്‍ തീരുകയും ചെയ്യും. ചടങ്ങുകള്‍ കഴിഞ്ഞതോടെ ക്യാമറാമാന്മാരുടെ സമയമായി. എല്ലാ ബന്ധുക്കളെയും സുഹൃത്തുക്കളെയും മാറി മാറി നിറുത്തി ഫോട്ടോ എടുത്തു. ഞങ്ങളെ ചേര്‍ത്തു നിറുത്തി എടുത്ത എല്ലാ ഫോട്ടോയും എനിക്ക് ഇഷ്ടപ്പെട്ടു. പെണ്ണും ചെറുക്കനും എത്ര ചേന്നു നിന്നാലും ഇവന്മാര്‍ക്ക് തൃപ്തിയാവില്ല എന്നത് തന്നെ കാരണം. കുറച്ചു കൂടെ, കുറച്ചു കൂടെ എന്ന്‍പറഞ്ഞു കൊണ്ടേ ഇരിക്കും. എന്തൊക്കെ കുറ്റം പറഞ്ഞാലും അവര്‍ നല്ല സ്നേഹമുള്ളവരാ ;)

കല്യാണ വിശേഷങ്ങള്‍ തല്‍ക്കാലം ഇത്രയേ ഉള്ളൂ. ഇപ്പോള്‍ ജീവിതം സന്തോഷപ്രദം, സുഖം, സ്വസ്ഥം. പിന്നെ വീഡിയോ വല്ലപ്പോഴും ഇട്ട് കാണുന്നതും, സ്റ്റില്‍ആല്‍ബം കാണുന്നതും ഒരു സുഖം തന്നെയാണേ... അവരെ അന്ന് കുറ്റപ്പെടുത്തിയെങ്കിലും പിന്നീട് പലപ്പോഴും നമ്മള്‍ നന്ദിയോടെ ഓര്‍ക്കും ഒരു പക്ഷേ അവര്‍ കൂടുതല്‍ കഷ്ടപ്പെടാന്‍ തയ്യാറാവുന്നതും അതിനുവേണ്ടി തന്നെയാവും.
(June 7, 2012)

Tuesday, February 03, 2009

സലാല കുറിപ്പുകള്‍

സലാലയില്‍ ഞാന്‍ ഇപ്പോള്‍ എട്ട് മാസം തികച്ചു। പ്രത്യേകിച്ച് ആഘോഷമോ, ഗവണ്മെന്റ് അവധിയോ ഒന്നും ഉണ്ടായിരുന്നില്ല. എട്ട് മാസം എന്ന് കേട്ടാല്‍ മറ്റു ഗള്‍ഫുകാര്‍ പുച്ഛിക്കും. എട്ടും, പതിനെട്ടും, ഇരുപത്തെട്ടും വര്‍ഷങ്ങള്‍ കഴിഞ്ഞ ആള്‍ക്കാര്‍ കിടക്കുന്നു ലക്ഷക്കണക്കിന്‌. പിന്നെയാണോ നിന്റെ എട്ട് മാസം. എനിക്ക് എന്റെ എട്ട് മാസങ്ങള്‍ വലുത് തന്നെയാണ്‌. (വളഞ്ഞതാണേലും എന്റേതാ... എന്ന് സിമ്രാന്‍ ഉവാച).

ഞാന്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്‌ താമസം. ഇവിടെ വാടക വളരെ വ്യത്യസ്ഥ നിരക്കുകളിലാണ്‌. ഒരേ സൗകര്യമുള്ള വീടുകള്‍ക്ക് തന്നെ ഒരേ സ്ഥലത്ത് പല റേറ്റാണ്‌. നാല്പത് റിയാല്‍ മുതല്‍ നൂറും ഇരുന്നൂറും റിയാല്‍ വരെ വേണം അല്പ്പം നല്ല ഫ്ലാറ്റോ വീടോ വേണമെങ്കില്‍. വെള്ളം, കറണ്ട് എന്നിവ വേറെ. പിന്നെ വാടക കമ്പനി നല്‍കുന്നതു കൊണ്ട് അത്രയും ആശ്വാസം. അടുത്ത വീട്ടില്‍ ആന്ധ്രാക്കാരാണ്‌. എന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു പയ്യന്റെ പെങ്ങളും, ഭര്‍ത്താവുമാണ്‌. അവര്‍ ഇടയ്ക്കൊക്ക ചിക്കന്‍ കറിയും മറ്റുമൊക്കെ കൊണ്ടുത്തരും. എന്തുവേണമെങ്കിലും ചോദിക്കണമെന്ന് എപ്പോഴും പറയും. ങും... എന്റെ പട്ടി ചോദിക്കും എന്നാണ്‌ മനസ്സില്‍ പറയുന്ന മറുപടി, എന്തോ ഒരു മാനക്കേട് പോലെ. പക്ഷേ എന്റെ പാചക പരീക്ഷണങ്ങള്‍ എനിക്ക് തന്നെ സഹിക്കാനാവുന്നില്ല. ഇനിയിപ്പോ ഒരു പട്ടിയെ വാങ്ങുക തന്നെ വഴി :).

Cooked and Packed ഭക്ഷണ സാധനങ്ങളാണ്‌ പ്രാധാന ആശ്രയം. ചിക്കന്‍ ഫ്രാങ്ക്, ഗ്രീന്‍ പീസ് എന്നിവയൊക്കെ സ്ഥിരമാക്കേണ്ടി വരുന്നു. മറ്റു കറികള്‍ ഉണ്ടാക്കുമ്പോള്‍ കറിപൗഡറുകളുടെ പിന്നിലെ പാചകക്കുറിപ്പാണ്‌ സഹായത്തിനെത്തുക. ഈസ്റ്റേണും, നിറപറയുമൊക്കെ എക്സ്പോര്‍ട്ടിംഗ് നടത്തിയില്ലെങ്കില്‍ കഷ്ടപ്പെട്ടേനെ. ഒറ്റക്കാണല്ലോ താമസം എന്നതാണ്‌ ഒരേ ഒരാശ്വാസം. എന്തെങ്കിലും പരീക്ഷണങ്ങള്‍ പരാജയപ്പെട്ടാലും ഒരു ആത്മഹത്യാ ശ്രമം എന്ന് പഴി കേട്ടാല്‍ മതിയല്ലോ, കൊലപാതക ശ്രമത്തെക്കാള്‍ മെച്ചമല്ലേ? ഇവിടെ പാകിസ്ഥാന്‍ റൊട്ടി കിട്ടും. അന്‍പത് ബൈസ മാത്രമേ വിലയുള്ളു ഒന്നിന്‌ (നമ്മുടെ അഞ്ചോ ആറോ ഇന്ത്യന്‍ രൂപ വരും). നമ്മുടെ ചപ്പാത്തിയുടെ ഇരട്ടി കട്ടിയുണ്ടാകും. എങ്കിലും നല്ല മയമുണ്ട്, ടേസ്റ്റും വലിയ കുഴപ്പമില്ല.

സലാലയിലെ ഒമാനികള്‍ പൊതുവേ രണ്ടു തരക്കാരാണ്‌. സിറ്റിയില്‍ കഴിയുന്നവരും, ജബലികളും. ജബല്‍ എന്നാല്‍ മല, പര്‍‌വതം എന്നൊക്കെയാണ് അര്‍ത്ഥം. നമ്മള്‍ കാട്ടുവാസികള്‍ എന്നു പറയുന്നതു പോലെയാണ്‌, ഒമാനികള്‍ക്ക് ജബലികള്‍. പരിഷ്കാരം കുറഞ്ഞ ആളുകളാണ്‌ പൊതുവേ ജബലികള്‍. പാറിപ്പറന്ന മുടിയും വൃത്തി കുറഞ്ഞ വസ്ത്രങ്ങളുമായാണ്‌ പൊതുവേ ജബലികളെ കാണാനാവുക. ബാങ്കിലോ മറ്റോ ആണെങ്കില്‍ പോലും വലിയ ബഹളവും മറ്റുമൊക്കെയാണ്‌. ക്യൂ ഒന്നും അവര്‍ക്ക് പ്രശ്നമല്ല. അവരോട് സമാധാനം എന്നൊരു വാക്കു പറഞ്ഞിട്ടു കാര്യമില്ല. ഒമാനികളുടെ വസ്ത്രം പൊതുവേ അറബികളുടേതു പോലെ തന്നെയാണ്‌. പക്ഷേ ഇവര്‍ നിറമുള്ള, വ്യത്യസ്ത ഡിസൈനുകള്‍ ഉള്ള വസ്ത്രങ്ങള്‍ തലക്കെട്ടിനായി ഉപയോഗിക്കുന്നു. ചിലര്‍ തൊപ്പി വച്ച് അതിനു മുകളിലൂടെ തുണി കെട്ടുന്നു. ചിലപ്പോള്‍ തൊപ്പി മാത്രവും ഉപയോഗിക്കും. ചടങ്ങുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ തലേക്കെട്ട് തീര്‍ച്ചയായും ഉണ്ടാകും. വാക്കിംഗ് സ്റ്റിക് പോലെ ഒരു വടിയും ഇവര്‍ ചടങ്ങുകളില്‍ ഉപയോഗിക്കും. ഇവരുടെ നൃത്തത്തില്‍ ഈ വടി മസ്റ്റാണ്‌. വളരെ കുറഞ്ഞ സ്റ്റെപ്പുകള്‍ ഉപയോഗിച്ചുള്ള ഇവരുടെ നൃത്തം കാണാന്‍ നല്ല ഭംഗിയാണ്‌, നൃത്തത്തിന്റെ ഭംഗിയില്‍ സംഗീതത്തെ ഒഴിച്ചു നിറുത്താനാവില്ല, അതും ഇമ്പമുള്ളതു തന്നെ. ഒമാനികള്‍ക്ക് അവരുടെ ളോഹപോലുള്ള വസ്ത്രത്തില്‍ കഴുത്തിനോട് ചേര്‍ന്ന് ഒരു വള്ളി കാണാം. സ്ത്രീകള്‍ പിന്‍ വശത്ത് ഇറക്കം കൂടിയ പര്‍ദ്ദയാണ്‌ ഉപയോഗിക്കുക. അവര്‍ റോഡിലൂടെ നടക്കുമ്പോള്‍ പിന്നില്‍ നടക്കുന്നത് സൂക്ഷിച്ചുവേണം. അവര്‍ പര്‍ദ്ദ തറയിലൂടെ വലിച്ചിഴച്ചാണ്‌ നടക്കുക. അതില്‍ ചവിട്ടാതെ നോക്കി നടന്നില്ലെങ്കില്‍ വലിച്ചു കൂടെ കൊണ്ടു പോകും :).

ഇവരുടെ പര്‍ദ്ദയുടെ ഈ എക്സ്ട്രാ ഇറക്കത്തെക്കുറിച്ച് ഒരു കാരണം കേട്ടു (അതോ കഥയോ)। പണ്ട് ഇവര്‍ മണലാരണ്യത്തില്‍ കഴിഞ്ഞിരുന്ന കാലത്ത് സ്ത്രീകളുടെ കാല്പ്പാടുകള്‍ നോക്കി വരുന്ന കാടന്മാരായ പുരുഷന്മാര്‍ ഇവരെ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടു പോകുമായിരുന്നുവത്രെ. അതുകൊണ്ട് നടക്കുന്ന വഴിയിലെ കാല്പ്പാടുകള്‍ മായ്ച്ചു കളയാനായാണത്രെ പിന്നില്‍ ഇറക്കം കൂടിയ വസ്ത്രങ്ങള്‍ ധരിച്ചിരുന്നത്. ഒമാനികള്‍, ഞാന്‍ കണ്ടിടത്തോളം, കൂടുതലും സ്ത്രീലമ്പടന്മാരാണ്‌. പെണ്ണെന്നു കേട്ടാല്‍ കമഴ്ന്നു വീഴുന്നവര്‍. എന്റെ നിരീക്ഷണത്തില്‍ ഇവിടുത്തെ സ്ത്രീകള്‍ തന്നെയാണ്‌ പര്‍ദ്ദ കണ്ടുപിടിച്ചത്. കാരണം ഇവന്മാരുടെ നോട്ടം തന്നെ. ഒരിക്കല്‍ ഞാന്‍ പോസ്റ്റ് ഓഫീസില്‍ നില്‍ക്കുമ്പോള്‍ ഒരു മിസിരി (ഈജിപ്‌ഷ്യന്‍) സ്ത്രീ ടി ഷര്‍ട്ടും ജീന്‍സും ധരിച്ച് തിരികെ ഇറങ്ങിപ്പോകുന്നു. ഞാന്‍ ക്യൂ നില്‍ക്കുന്ന കൗണ്ടറില്‍ ഇരുന്ന ഒമാനി, അവരെ കാണാന്‍ എന്റെ പോസ്റ്റ് കവറും മാറ്റിവച്ച് എഴുന്നേറ്റു നിന്നു നോക്കി, അവര്‍ കാഴ്ച്ചയില്‍ നിന്നും മറയുന്നതു വരെ. എങ്ങിനെ പര്‍ദ്ദ കണ്ടുപിടിക്കാതിരിക്കും. ആവശ്യമാണല്ലോ (അത്യാവശ്യം) കണ്ടു പിടിത്തത്തിന്റെ മാതാവ്. അങ്ങിനെ അവര്‍ പര്‍ദ്ദ കണ്ടു പിടിച്ചു. ഇവിടെ നോമ്പു പോലും പിടിക്കാത്തവര്‍ ഉണ്ട്. ഇടക്കു ഒളിച്ചു വെള്ളം കുടിക്കുന്നവര്‍, ഹോട്ടലുകളില്‍ ഒളിച്ചിരുന്നു ഭക്ഷണം കഴിക്കുന്നവര്‍, അങ്ങിനെ... കള്ളന്മാര്‍ എവിടെയാ മാഷേ ഇല്ലാത്തത് ?
അപ്പോ... ശരി പിന്നെ കാണാം...

Monday, July 07, 2008

ഭാവി വധുവിന്‌, ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട ...,

ഞാന്‍ ഇവിടെ അടിച്ചു പൊളിച്ച്, സുഖമായി കഴിയുകയല്ല. നീ ഇങ്ങനെ തുടങ്ങിയാല്‍ ഞാനിനി എന്തു ചെയ്യും. പെണ്ണുങ്ങളായാല്‍ കുറച്ച് ഉത്തരവാദിത്തബോധം വേണം. ഇവിടൊരുത്തന്‍ ഒറ്റക്കു കിടന്നു കഷ്ടപ്പെടുന്നത് നീ കാണുന്നില്ലേ. ഇനിയെങ്കിലും നിനക്കൊന്നു വന്നുകൂടേ? നിന്നെയും തിരക്കി ഞാന്‍ നടക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ഇനിയും കാക്കണോ ഞാന്‍? എല്ലാറ്റിനും ഒരു പരിധിയുണ്ട്. ഇനിയും ഇങ്ങനെ പോവുകയാണെങ്കില്‍, ഞാന്‍... പിന്നെ.... വേണ്ടെന്നു വച്ചു കളയും. നിന്റെ മുഖഛായയെങ്കിലുമുള്ള ഒരു പെണ്ണിനെയെങ്കിലും കണ്ടിരുന്നെങ്കില്‍, ഞാന്‍ ഇതിനു മുന്‍പ് കെട്ടിയേനെ. കാണാത്തത് നിന്റെ ഭാഗ്യം എന്നു കരുതിക്കോളൂ. നിനക്കെന്താടീ ഞാന്‍ പറയുന്നതൊന്നും മനസ്സിലാകുന്നില്ലേ? കഴിഞ്ഞ മാസം കഷ്ടിച്ച്‌ കണ്ടെത്തിയെന്നു കരുതിയതാ, അപ്പോഴേക്കും പൊളിഞ്ഞു. അപ്പോഴാ മനസ്സിലായത് അത് നീയല്ലെന്ന്. ഇനി നിന്നെ കെട്ടിയാല്‍ തന്നെ എന്റെ അവസ്ഥ എന്താകുമെന്നറിയില്ല. എങ്കിലും ഒരു നാട്ടുനടപ്പെന്നു കരുതിയാ നിന്നെയും തപ്പി നടക്കുന്നത്‌. അല്ലാതെ... നിനക്കാണെങ്കില്‍ ഇതൊന്നും കണ്ട ഭാവമില്ല. ഓരോ ദിവസം കഴിയും തോറും എനിക്ക് (നിനക്കും) പ്രായം കൂടിക്കൂടി വരികയാണ്‌. ഒടുവില്‍ നേരില്‍ കാണുമ്പോള്‍ പ്രായം കൂടുതലാണെന്നു പറഞ്ഞ് വേണ്ടെന്നോ മറ്റോ പറഞ്ഞാല്‍, നിന്നെ ഞാന്‍....
എന്റെ പൊന്നു ഫീമെയിലേ ഈ കത്തു കണ്ടാലെങ്കിലും എനിക്ക് ഒരു ഇമെയില്‍ അയയ്ക്കുക. തുറന്ന കത്താണെന്നു കരുതി വിലകുറച്ചു കാണരുത്. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന് ഓര്‍ക്കുക, ഒന്നു വേണമെന്നു വയ്ക്കൂ, പ്ലീസ്....
എന്ന്,
സ്വന്തം പ്രതിശ്രുത വരന്‍.

ഇതാണോ ഗള്‍ഫ്...!!

ഒരു പാടു നാളുകളായി എന്തെങ്കിലും പോസ്റ്റിയിട്ട്‌. ഞാന്‍ ഗള്‍ഫില്‍ വന്നതിന്റെ ആഘാതത്തിലായിരുന്നു. ഞെട്ടല്‍ മാറി വരുന്നതേയുള്ളു. ഈ ജൂണ്‍ ഒന്നിനാണ്‌ മസ്കറ്റ് എയര്‍പോര്‍ട്ടില്‍‍ കാലു കുത്തിയത്‌ (ഇക്കാര്യത്തില്‍ എന്റെ കാലുകളോടുള്ള ദേഷ്യം ഇതുവരെ തീര്‍ന്നിട്ടില്ല, എന്തോന്നു കണ്ടാലും അപ്പോ കുത്തിക്കളയും, ഇതുങ്ങളുടെ ഒരു കാര്യം). വിമാനം ലാന്‍ഡ് ചെയ്യാന്‍ പോകുന്നു എന്ന അറിയിപ്പ് കേട്ടപ്പോള്‍ മുതല്‍ നോക്കിയിരിപ്പാണ്‌ താഴേക്ക്. കടലിനോട് ചേര്‍ന്ന്‌ വെറും ഒരു മണല്‍ത്തറ. ഇതാണോ ഗള്‍ഫ്. വിമാനം താഴ്ന്നു വരും തോറും കുറച്ച് പ്രതീക്ഷ വന്നു, മണ്ണു കൂട്ടിയിട്ടതു പോലെ ചില കുന്നുകള്‍, താഴ്വാരങ്ങളില്‍ റോഡുകളും, കട്ടയടുക്കിയതുപോലെ കെട്ടിടങ്ങളും കാണുന്നുണ്ട്. വിമാനം ലാന്‍ഡ് ചെയ്തു. വിമാനത്തില്‍ നിന്നും ഞാന്‍ ഇറങ്ങിയ ഡോര്‍ മാറിപ്പോയെന്നാണ്‌ ആദ്യം കരുതിയത്‌. വീട്ടില്‍ എപ്പോഴോ വഴിതെറ്റി അടുക്കളയിലെത്തിയപ്പോള്‍ അടുപ്പിനടുത്തു നിന്ന ഓര്‍മ്മ വന്നു. വിമാനത്തിലും അടുക്കളയുണ്ടോ? തീ പോലുള്ള കാറ്റ്. നേരേ ഇറങ്ങിയോടിയാണ്‌ ബസില്‍ കയറിയത്‌. എയര്‍പോര്‍ട്ടില്‍ ബസ് നിറുത്തിയതും ഓടി അകത്തേക്ക്‌. അവിടുത്തെ ഇടപാടുകളൊക്കെ തീര്‍ത്ത് ലഗേജുമായി പുറത്തെത്തി, ഈശ്വരാ വീണ്ടും അടുപ്പിന്റെ ഓര്‍മ്മ. എന്റെ ബന്ധു അവിടെ കാത്തു നില്പ്പുണ്ടായിരുന്നു. ഞാന്‍ പുള്ളിക്കാരനെ ആദ്യമായി ബഹുമാനത്തോടെ നോക്കി; എന്റെ ഗള്‍ഫുകാരാ നിങ്ങളെ സമ്മതിക്കണം. അവിടെ ഒരു കൗണ്ടറില്‍ നിന്ന്‌ ഒരു സിം കാര്‍ഡ് വാങ്ങി, ചുമ്മാ പാസ്പോര്‍ട്ട് കാണിച്ച്‌ ഒരു ഒപ്പുമിട്ടതേയുള്ളു, സിം റെഡി. നാട്ടിലാണെങ്കില്‍ കിടക്കുന്ന ഫോട്ടോ, ഇരിക്കുന്ന ഫോട്ടോ, വീടിന്റെ പ്ലാന്‍, ആത്മകഥ, എന്തൊക്കെ വേണം ഒരു സിമ്മെടുക്കാന്‍. കാറില്‍ നേരേ നൂറ്റിയന്‍പതു കിലോമീറ്റര്‍ ദൂരെ നിസ്വ എന്ന സ്ഥലത്തേക്ക്‌.

റോഡിന്റെ ഇരുവശങ്ങളിലും വലിയ കെട്ടിടങ്ങള്‍ പ്രതീക്ഷിച്ചു. എവിടെ! കുറേ ദൂരത്തോളം ഇരുവശങ്ങളിലും കുന്നുകള്‍ മാത്രം. ഈശ്വരാ, ഒമാനില്‍ റോഡുകള്‍ മാത്രമേയുള്ളോ. ഇടയ്ക്കിടക്ക്‌ ചിലയിടങ്ങളില്‍ കുറച്ചു കടകളും മറ്റും കണ്ടു. അത്രയും ആശ്വാസം. ഒടുവില്‍ നിസ്വയിലെത്തി ഏസി റൂമില്‍ കയറിയതും ശ്വാസം നേരെ വീണു. ഗള്‍ഫില്‍ ജീവിക്കാന്‍ വേണ്ട അടിസ്ഥാന ഘടകങ്ങള്‍ ഞാന്‍ മാറ്റിക്കുറിച്ചിട്ടു; വായു, വെള്ളം, ഭക്ഷണം, പാര്‍പ്പിടം, ഏസി. ഉച്ചക്ക് ഒന്നു കുളിച്ചു ഫ്രഷാകാമെന്നു കരുതി ബാത്റൂമില്‍ കയറി, പൈപ്പ് തുറന്നതും കൈപൊള്ളിച്ചു കൊണ്ട് തിളച്ച വെള്ളം വരുന്നു. ഹീറ്ററിന്റെ പൈപ്പായിരിക്കും, ഞാന്‍ അടുത്ത പൈപ്പ് തുറന്നു, തഥൈവ. ചമ്മി പുറത്തിറങ്ങി. എന്റെ ബന്ധു ചിരിച്ചു കൊണ്ട് നില്പ്പുണ്ട്. "ഇപ്പോ കുളിക്കാന്‍ പറ്റില്ല, വെള്ളം ഭയങ്കര ചൂടായിരിക്കും. രാത്രിയാകട്ടെ". അപ്പോള്‍ രാത്രിയായാല്‍ സംഗതി ഓക്കെ. ഞാന്‍ ആശ്വസിച്ചു. രാത്രിയാണ്‌ ഞാന്‍ റൂമില്‍ നിന്നും പുറത്തിറങ്ങിയത്. സമയം എട്ടു മുപ്പത്. പുറത്തെ ചൂടിന്‌ വലിയ മാറ്റമൊന്നുമില്ല. രാത്രിയും കണക്കു തന്നെ. ചെറിയ ഷോപ്പിംഗ് കഴിഞ്ഞ്‌ തിരിച്ച് റൂമിലെത്തി. നാളെ വൈകുന്നേരം സലാലയിലേക്ക് പോകണം, ആദ്യത്തെ കുറച്ചു മാസങ്ങള്‍ അവിടെയാണ്‌ ജോലി (ഒരു കമ്പനിയില്‍ അക്കൗണ്ടന്റായാണ്‌). സലാല കേരളം പോലെയാണത്രെ. സന്തോഷം, കേരളം പോലെയാകണമെന്നില്ല, തല്‍ക്കാലം തമിഴ് നാടായാലും മതി. ഭാരത് മാതാ കി ജയ്. സലാലയിലേക്ക് ബസിലാണ്‌ യാത്ര, തൊള്ളായിരം കിലോമീറ്ററോളം ഉണ്ടത്രെ യാത്ര. രാവിലെ ആറരയ്ക്ക് അവിടെയെത്തും. ബസില്‍ ഏസി ഉള്ളതു കാരണം ചൂടറിയുന്നില്ല. എന്തായാലും പുറത്തു നല്ല ചൂടായിരിക്കും. ആറ് മണി ആകാറായപ്പോള്‍ ബസ് ഒരു കുത്തനെയുള്ള ഇറക്കം ഇറങ്ങുകയായിരുന്നു. മലകള്‍ കയറിയിറങ്ങിയാണ്‌ യാത്ര. മഞ്ഞ് മൂടിയ ദൂരെക്കാഴ്ച്ചകള്‍ കണ്ടപ്പോള്‍ തന്നെ സലാല എനിക്കിഷ്ടമായി. കുറച്ചു കൂടിപോയപ്പോള്‍ നല്ല പച്ചപ്പുള്ള സ്ഥലങ്ങള്‍ കണ്ടു. മരങ്ങളും, പുല്‍ത്തകിടികളും റോഡിനിരുവശത്തും വച്ചു പിടിപ്പിച്ചിട്ടുണ്ട്. കേരളം വൃത്തിയാക്കിയെടുത്തതു പോലെയുണ്ട്. ഇടയ്ക്കിടയ്ക്ക് തെങ്ങുകള്‍ കൂടി കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഇപ്പോള്‍ ഞാന്‍ സലാലക്കാരനാണ്‌. വാഴത്തോപ്പുകളും, തെങ്ങിന്‍ തോപ്പുകളും എല്ലാം ഉണ്ട് സലാലയില്‍. ഇവിടം പണ്ട് കടലായിരുന്നത്രെ. കേരളം പോലെ കടല്‍ പിന്‍ വാങ്ങി ഉണ്ടായതാണത്രെ സലാല. ഏതെങ്കിലും അറബി പരശുരാമന്‍ മഴു എറിഞ്ഞോ എന്നറിയില്ല :) ഇവിടെ എവിടെ കുഴിച്ചാലും വലുതും ചെറുതുമായ ഉരുളന്‍ കല്ലുകള്‍ കിട്ടും. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഇവിടെ മഴക്കാലമാണ്‌. ചിലപ്പോഴൊക്കെ ചെറിയ വെള്ളപ്പൊക്കങ്ങള്‍ പോലും ഉണ്ടാകാറുണ്ട്. മറ്റു സ്ഥലങ്ങളിലെ അറബികള്‍ ഇവിടെ ടൂറിനു വരും. ഈ സീസണില്‍ റൂമുകള്‍ക്കൊക്കെ ഭയങ്കര വാടകയാണ്‌. ചിലരൊക്കെ തുറസ്സായ സ്ഥലങ്ങളില്‍ ടെന്റുകള്‍ കെട്ടി താമസിക്കും. ഇവന്മാരുടെ ഭാവം കണ്ടാല്‍ തോന്നും മറ്റാരും മഴ കണ്ടിട്ടില്ലെന്ന്‌. എന്തായാലും നിശ്ശബ്ദമായി നൂലു പോലെ പെയ്യുന്ന സലാലയിലെ മഴ കാണാന്‍ ഒരു ഭംഗിയുണ്ട്. ഞാന്‍ ജോലി ചെയ്യുന്നത്‌ ഒരു അറബിയുടെ കമ്പനിയിലാണ്‌, പുള്ളിയാണ്‌ ജനറല്‍ മാനേജരും. ആള്‍ പാവമാണ്‌. പുള്ളിക്ക്‌ നാലഞ്ച് ഇംഗ്ലീഷ് വാക്കുകള്‍ അറിയാം, അതും കൊണ്ടാണ്‌ ജീവിതം, പാവം അറബി. അങ്ങേരുടെ മകന്‌ (കൊച്ചറബി) ഇംഗ്ലീഷ് അറിയാം, പുള്ളി നല്ല കമ്പനിയാണ്‌. അത്രയേ ഉള്ളൂ ഇവിടെ ആശ്വസിക്കാന്‍; മുതലാളിമാരെ പേടിക്കേണ്ടല്ലോ.
ഇതൊക്കെ എന്റെ മാത്രം കാഴ്ച്ചപ്പാടുകളാണ്‌ കേട്ടോ, ഒമാനിലെ മറ്റു സ്ഥലങ്ങളെ പറ്റി എനിക്കറിയില്ല. വലിയ വ്യത്യാസമൊന്നുമില്ലെന്നാണ്‌ കേട്ടത്. ഒമാന്‍ വളര്‍ച്ചയുടെ പാതയിലാണ്‌. വളരട്ടെ..., കൂട്ടത്തില്‍ ഞാനും.

Monday, March 31, 2008

ഫനായിലെ മറ്റൊരു കവിത

Ankhen to pyar me dilki zuban hoti hai,
sachi chahat to sada bezuban hoti hai,
pyar mai dard bhi mile to kya gabrana,
suna hai dard se chahat aur jawan hoti hai
കണ്ണുകള്‍ പ്രണയത്തില്‍ ഹൃദയത്തിന്റെ നാവാണ്.
യഥാര്‍ത്ഥ പ്രണയം എപ്പോഴും മൂകവുമാണ്.
പ്രണയം വേദന നല്‍കിയാലും എന്തുണ്ട് ഭയക്കാന്‍,
വേദനയില്‍ പ്രണയം കൂടുതല്‍ ചെറുപ്പമാകുമത്രെ.

Saturday, March 29, 2008

‘ഫനാ’ - പരിഭാഷ

ഇത്‌ ഫനാ എന്ന ഹിന്ദി സിനിമയിലെ ഒരു കവിതയുടെ സ്വതന്ത്ര ആവിഷ്‌ക്കാരമാണ്.

Dur Humse Jaa Paoge Kaise,
Humko Bhool Paoge Kaise.
Hum Who Khushbu Jo Saanson Mein Utar Jaye,
Khud Apni Saanxon Ko Rok Paoge Kaise..
നിനക്കെന്നില്‍ നിന്നും അകലുവാനെങ്ങിനെ കഴിയും ?
എന്നെ മറക്കുവാന്‍ എങ്ങിനെ കഴിയും ?
ഞാന്‍ നിന്റെ ശ്വാസത്തില്‍ കലരുന്ന സുഗന്ധമാണ്,
സ്വന്തം ശ്വാസത്തെ തടയാന്‍ നിനക്കെങ്ങിനെ കഴിയും ?

[ ഹിന്ദി അറിയാവുന്നവരുടെ ശ്രദ്ധയ്‌ക്ക്‌ : ഹിന്ദി അറിയാവുന്നവര്‍ക്ക്‌ ഹിന്ദി അറിയാത്തവരെ ചീത്ത പറയാന്‍ ഇന്ത്യന്‍ നിയമപ്രകാരം യാതൊരു അവകാശവുമില്ലാത്തതാകുന്നു. എന്നെ ഒന്നും ചെയ്യരുത് പ്ലീസ്.... :) എല്ലാവരും ദയവായി അഭിപ്രായം പറയുക. ]

Thursday, March 27, 2008

മഴക്കുറിപ്പ്...

സ്വന്തം നാടു കാണാനെത്തി സംതൃപ്‌തിയോടെ മടങ്ങുന്ന മഹാബലിയെപ്പോലെ വെറുതേ പെയ്‌തു മടങ്ങലല്ല മഴയുടെ നിയോഗം. അതിനുമപ്പുറം എന്തൊക്കെയോ അര്‍ത്ഥ തലങ്ങള്‍ ഓരോ മഴയ്‌ക്കും നാം കല്‍പ്പിക്കുന്നുണ്ട്. മഴയോട്‌ സ്വന്തം സുഹൃത്തിനോടെന്ന പോലെ മനസ്സു തുറക്കുന്ന എത്രയോ പേരുണ്ടാകും ? മനസ്‌സുകളില്‍ പ്രണയവും കവിതയും നിറച്ച്‌ സംതൃപ്‌തിയോടെ മടങ്ങുന്ന മഴ ചിലപ്പോള്‍ സമയം തെറ്റി വന്ന്‌ ദുരിതം വിതച്ച്‌, ശാപങ്ങളേറ്റു വാങ്ങി, കുറ്റബോധത്തോടെ തല താഴ്ത്തി തിരിച്ചു പോകുന്നു. അമ്മയുടെ മടിയില്‍ തലവച്ചു കിടക്കുന്ന കുട്ടിയെപ്പോലെ, ആ വിരലുകളുടെ അതേ സാന്ത്വനം നുകര്‍ന്ന്‌ മഴയുടെ ഇരുണ്ട ചിറകിനടിയില്‍ അഭയം തിരയുന്ന എത്രയോ വേദനിക്കുന്ന മനസ്സുകള്‍. ആരോരുമില്ലാത്തവര്‍ക്ക്‌ മഴയെങ്കിലും ഉണ്ടാവും, ദൈവത്തിന്റെ സാന്ത്വനമായി. കട്ടിലില്‍ ചുരുണ്ടു കിടക്കുമ്പോള്‍ കണ്ണുകള്‍ ജനാലയിലേക്കായിരിക്കും. പുറത്ത്‌ മഴയുടെ വെള്ളിനൂലുകള്‍ വീഴുന്നതും നോക്കി കിടക്കുമ്പോള്‍ ഓര്‍മ്മകളിലേക്ക്‌ ഇരച്ചു കയറിവരും ഒരു നൂറ്‌ മഴകള്‍, എന്നോ പെയ്‌തു തീര്‍ന്നവ. ഓരോ മഴ കാണുമ്പോഴും ഓര്‍മ്മകളിലെവിടെ നിന്നോ കരിയിലകള്‍ക്കു മുകളിലൂടെ ശബ്‌ദമുണ്ടാക്കിക്കൊണ്ട് ഒരു പഴയ മഴ ഓടി വരും. നനഞ്ഞൊലിച്ച്‌ സ്‌ക്കൂളില്‍ ചെന്നു കയറിയ ആ പഴയ മഴക്കാലം ഓര്‍ക്കുമ്പോഴേ ശരീരം നനയുന്നതുപോലെ തോന്നാറില്ലേ. അല്ലെങ്കിലും നിമിഷനേരം കൊണ്ട്‌ ഓര്‍മ്മകളുടെ വസന്തം വിരിയിക്കാന്‍ മഴയ്‌ക്കല്ലാതെ ആര്‍ക്കു കഴിയും ?

Friday, February 29, 2008

പ്രണയമഴ (കവിത)

ഗൃഹാതുരത്വത്തിന്‍ നീറ്റല്‍ പകര്‍ന്നു കൊ‌-
ണ്ടൊരു പാട്ടു കേള്‍പ്പൂ ദൂരെ നിന്നും.
കരിയിലകള്‍ക്കു മുകളിലൂടെങ്ങുന്നോ
ഓടി വരുന്നോരു പഴയ മഴ;
എന്‍ ക്ലാസ്സുമുറിയുടെ മേല്‍ക്കൂരയില്‍ വന്നു
പ്രണയമായ്‌ പെയ്യുന്നിരു ഹൃദയങ്ങളില്‍.

ഏറെ മുഖങ്ങള്‍ക്കിടയിലാണെങ്കിലും
പ്രിയമെഴുമാമുഖം മാത്രം കണ്ട്
പ്രണയാര്‍ദ്രമാമാ മിഴികളില്‍ നോക്കവേ
ഹൃദയത്തിലാ വിരല്‍ തൊടുന്ന പോലെ.

കണ്ണുകള്‍ ചേരുമ്പോള്‍ ഹൃദയം തുടിക്കുന്ന
പ്രണയത്തിന്‍ അത്‌ഭുതമറിയുന്നു ഞാന്‍,
നിന്‍ കണ്ണില്‍ നോക്കുമ്പോള്‍ ഈ ഭൂവിലന്നേരം
നാം രണ്ടും മാത്രമാണെന്ന പോലെ.

വര്‍ഷങ്ങള്‍ക്കിപ്പുറം ആ മുഖമോര്‍ക്കുമ്പോള്‍
ആര്‍ദ്രനായ് പോവൂ ഞാനെന്തു കൊണ്ടോ.
കാലത്തിനാവില്ല മറ്റൊന്നു നല്‍കുവാന്‍
പ്രണയത്തിന്‍ സുഖത്തിന്നു പകരം വയ്‌ക്കാന്‍.


Thursday, February 28, 2008

നിരാശ (കവിത)

കാലമേ,

നീ നിന്റെ ദംഷ്‌ട്രകളാല്‍

എന്റെ ഹൃദയം കടിച്ചു കീറുക,

ഇതു നീ ബാക്കി വയ്‌ക്കരുത്‌.

നിന്റെ തേരുരുള്‍ച്ചയില്‍ പിടച്ചെന്നെ

ഭയപ്പെടുത്തുന്നത് ഇവനാണ്.

തല ചായ്‌ച്ചു കരയാന്‍ സ്വന്തം തോളു പോലും

ഇല്ലാത്തവന് ഹൃദയം ഒരു ഭാരമാണ്,

അതുകൊണ്ട്‌ ഇതു മാത്രം നീ ബാക്കി വയ്‌ക്കരുത്‌.


എന്റെ കൈകള്‍ കൂടി നീയെടുത്തേക്കുക

ഇനി എനിക്കൊന്നും സ്വന്തമാക്കാനില്ല.

ദാനമായിപ്പോലും ഒന്നും ലഭിക്കാനില്ലാത്തവന്

കൈകള്‍ വെറും അലങ്കാരമാണ്.


കാലുകള്‍ നിന്റെ കുട്ടികള്‍ക്കു കൊടുക്കുക,

അവര്‍ക്കത്‌ കുതിരകളായേക്കാം.

ദൂരങ്ങള്‍ കീഴടക്കാനില്ലാത്തവന്

കാലുകള്‍ ഒരു ബാദ്ധ്യതയാണ്.
കണ്ണുകളും കാതുകളും കഴുകന്മാര്‍ക്കു കൊടുക്കുക

ഇവയെന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു.

അറിവുകളെ വെറുക്കുന്നവന്

ഇന്ദ്രിയങ്ങള്‍ ഒരു ശല്യമാണ്.


അസ്ഥികള്‍ മാത്രം ശേഷിച്ചേക്കാവുന്ന ഈ ഉടലില്‍

നീ ഒരു മനസ്‌സു കണ്ടെത്തിയാല്‍

കുറച്ചു സ്വപ്‌നങ്ങള്‍ മാത്രം ബാക്കി വച്ചേക്കുക;

എന്റെ ആയുസ്സില്‍ അവശേഷിച്ച ഒരു യുഗം

ഞാന്‍ അവയോടൊപ്പം കഴിഞ്ഞുകൊള്ളാം.

Sunday, January 27, 2008

എന്റെ ദൈവം (കവിത)

ഞാന്‍ ദൈവത്തോടൊപ്പം സന്തുഷ്‌ടനായിരുന്നു,
ഹൃദയം നിറഞ്ഞു ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു,
കണ്ണു നിറഞ്ഞു ഞാന്‍ യാചിച്ചിരുന്നു,
എനിക്ക്‌ എല്ലാറ്റിനും ദൈവം ഉണ്ടായിരുന്നു.

ദൈവം എനിക്ക്‌ പ്രതീക്ഷയുടെ കൈ തന്നു,
ശാസ്‌ത്രം യാഥാര്‍ത്ഥ്യത്തിലേയ്‌ക്ക്‌ തള്ളിയിട്ടു.
ഞാന്‍,
വിശ്വാസങ്ങളുടെ പഴമയും അഴുക്കും പുരണ്ട,
എന്റെ ദൈവത്തിന്റെ കറുത്ത കരങ്ങള്‍ വിട്ട്,
സൂത്രവാക്യങ്ങളും, നിര്‍വചനങ്ങളും തേടിപ്പോയി.

ഇപ്പോള്‍ ഞാന്‍,
ദൈവത്തിനും ശാസ്ത്രത്തിനും ഇടയ്‌ക്ക്‌
എവിടെയോ ആണ്,
അഥവാ, എവിടെയുമല്ല.

ഞാനിപ്പോള്‍ മൂകനാണ്,
നിലാവെന്നില്‍ കവിത നിറയ്‌ക്കുന്നില്ല,
പകരം പ്രകാശദൂരങ്ങളുടെ കണക്കുകള്‍ മാത്രം.
തിരകളെന്റെ മനസ്സുണര്‍ത്തുന്നില്ല,
ഏതോ പ്രകമ്പനങ്ങളുടെ ഓര്‍മ്മകള്‍ മാത്രം.

ഞാന്‍ ഒരു മടക്ക യാത്ര ആഗ്രഹിക്കുന്നു,
എന്റെ ആ പഴയ വീട്ടിലേയ്‌ക്ക്‌.

ഞാനും എന്റെ ദൈവവും കുറേ വിശ്വാസങ്ങളും,
വിളക്കെണ്ണയുടെ ഗന്ധവും ഭസ്‌മവും,
പഴമയില്‍ നിറം മങ്ങിയ വിളക്കും,
എന്റെ, പഴയ കുഞ്ഞു കാല്‌പ്പാടുകളും,
കൃഷ്‌ണതുളസിയും കൊന്നയും മുല്ലയും,
കവിതയുണര്‍ത്തുന്ന നിലാവും മഴയും,
സ്വപ്‌നവും പ്രതീക്ഷയും പിന്നെ,
നിറയെ സ്‌നേഹവുമുള്ള എന്റെ,
ആ പഴയ വീട്ടിലേയ്‌ക്ക്‌,
ഞാന്‍ തിരികെ പൊയ്‌ക്കോട്ടെ,
ആരേയും കൂട്ടാതെ....
എന്നെ വിട്ടേക്കൂ തിരികെ വരില്ല ഞാന്‍,
ഭീരുവെന്നാര്‍ത്താലും.

Wednesday, January 23, 2008

ഒറ്റയ്‌ക്ക്‌ (കവിത)

നീ പോയ ശേഷം
ഞാനിവിടെ ഒറ്റയ്‌ക്കാണ്
കാഴ്‌ചകള്‍ കണ്ണുകളെ വിട്ടു പോയി
ശബ്ദങ്ങള്‍ ചെവികളെയും.
സ്വപ്‌നങ്ങള്‍ ഹൃദയം വിട്ടു,
ഓര്‍മ്മകള്‍ മനസ്സിനേയും.
ഈ അതിശൈത്യത്തില്‍
ഒരുടുപ്പു പോലുമില്ലാതെ
ഞാന്‍ ഒറ്റയ്‌ക്കാണ്.
ഞാന്‍ നെയ്‌ത സ്വപ്‌നങ്ങള്‍
ഉടുപ്പിനു പകരമാവില്ലെന്ന്‌
നീ എന്നെ വിട്ടു പോയി.
എന്റെ പിടിയില്‍ നിന്ന്‌ ഊര്‍ന്നുപോയ,
നിന്റെ വിരലുകള്‍ ഒടുവിലെ സ്പര്‍ശം.
വെറുപ്പില്‍ കരുവാളിച്ച നിന്റെ മുഖം,
ഒടുവിലെ ഓര്‍മ്മ.
അകന്നു പോയ നിന്റെ കാലടികള്‍,
ഒടുവിലെ ശബ്‌ദം.
കണ്ണീരില്‍ മറഞ്ഞ്‌ മങ്ങിയഎന്റെ മുറി,
ഒടുവിലെ കാഴ്‌ച.

ബാക്കിയായ ഒരു വെറും പ്രതീക്ഷ,
വളര്‍ന്ന്‌ സ്വപ്‌നമായ്,
സ്വപ്‌നങ്ങള്‍ ഓര്‍മ്മകളായ്‌,
ഒടുവില്‍ നിന്റെ വിരല്‍സ്‌പര്‍ശ-
മാകുന്നതും കാത്ത്‌
ഞാനിവിടെ ഒറ്റയ്‌ക്കാണ്,
നീയില്ലാതെ...

Friday, January 18, 2008

ഷിബുവും, ഡംബലും, പിന്നെ ഞാനും : (കദന) കഥ

നന്ദികെട്ടവന്‍ എന്ന പേരൊഴിവാക്കാന്‍ ആദ്യമേ പറയട്ടെ ഷിബുവിന് സ്വന്തമായി രണ്ടു ഡംബലുകള്‍ ഉണ്ട്‌, അതാണ് ഞാനും മറ്റെല്ലാ ശരീര സൌന്ദര്യാരാധകരും ഉപയോഗിയ്‌ക്കുന്നത്‌. പക്ഷേ, ആ ജീവിയുടെ മുന്നില്‍ ഞാന്‍ ഈ നന്ദി കാണിയ്‌ക്കാറില്ല.

[ ഡംബല്‍ കണ്ടിട്ടില്ലാത്തവര്‍ക്ക്‌ കാണനായി ഒരെണ്ണം ()-----(). ]

ഷിബുവിന് 3 തരം പെര്‍ഫ്യൂമുകളും, 2 പൌഡറുകളും (ഉച്ചയ്‌ക്ക്‌ ഒന്നു് രാവിലെ ഒന്ന്‌), 4 തരം ക്രീമുകളും ഉണ്ട്. ഇവയില്‍ ക്രീമുകള്‍ മാത്രം ഞങ്ങള്‍ (ഞങ്ങള്‍=ഞാന്‍+മറ്റുള്ളവര്‍) അടിച്ചു മാറ്റി ഉപയോഗിയ്‌ക്കാറുണ്ട്. ബാക്കിയെല്ലാം അവന്‍ മണത്തു കണ്ടു പിടിയ്‌ക്കും (നാണം കെട്ടവന്‍!). ഷിബുവിന് കണ്ണാടിയുടെ മുന്നില്‍ നിന്നാലേ ഡംബല്‍ പ്രയോഗം വരുള്ളു. വ്യയാമ(പ്രദര്‍ശന)ത്തിന് ശേഷം 5-10 മിനുട്ടുകള്‍ തന്റെ മസിലുകളെക്കുറിച്ചുള്ള പൊങ്ങച്ചവും, അന്യരെ പുച്‌ഛിക്കലുമാണ് പ്രത്യേകിച്ച്` എന്നെ (ഗര്‍‌ര്‍‌ര്‍‌ര്‍‌.. അവനെ ഞാന്‍ :-E ). പിന്നെ ക്രീം തേപ്പ്. കുളിക്കുന്നതിന് മുന്‍പ്‌ തേച്ചാല്‍ വെളുക്കുമത്രെ. വെളുക്കും, വെളുക്കും.. ഇങ്ങനെ പോയാല്‍ പോക്കറ്റും വെളുക്കും കുടുംബവും വെളുക്കും.

അന്നു ഞാന്‍ വല്ല്ലാത്ത ഒരു ഉടക്കു മൂഡിലായിരുന്നു (എന്താണെന്നറിയില്ല, ഈയിടെയായി ഒരു....). രാവിലെ നല്ല തണുപ്പുണ്ട്‌. ഷിബു ഡംബലെടുത്തതേയുള്ളു. ഇനിയിപ്പോ അരമണിക്കൂര്‍ പ്രതീക്ഷിക്കേണ്ട. വെറുതേയിരുന്നു മടുത്തു, ഇനി കുറച്ചു റെസ്റ്റെടുക്കാം. ഞാന്‍ താഴെ ഇരുന്നു. അവന്റെ മസിലുകള്‍ വികസിച്ചും ചുരുങ്ങിയും വരുന്നത്‌ കണ്ട്‌ അസൂയ തോന്നുന്നു. എന്റെ കൈ വെറുതേ പിടിച്ചു നോക്കി. കരച്ചില്‍ വരുന്നു. ങാ.. എനിക്കും ഒരു സമയം വരും (സമയം വരും, അന്നു വൈകിട്ടായിരിക്കും ശവമടക്ക്‌).


ഒന്നു രണ്ടവന്മാര്‍ മെനക്കെട്ടിരുന്ന്‌ ഷിബുവിനെ പുകഴ്ത്തുകയാണ്. “ഷിബുവിനെ ഇപ്പോള്‍ കണ്ടാല്‍ ഏതു കൊമ്പനും ഒന്നു പേടിയ്‌ക്കും”.


ഇതു കേട്ടതോടെ എന്റെ കണ്‍ട്രോള് പോയി‍. ഷിബുവിന്റെ മുഖത്താണെങ്കില്‍ ഒരു കുളിര്.


“ഇവനാര് പാപ്പാനോ, കൊമ്പനെ പേടിപ്പിക്കാന്‍.”, എന്റെ വക എളിയ കമന്റ്‌.


ഷിബുവിന്റെ മുഖം കറുത്തു, പല്ലുകടിച്ചുകൊണ്ട്‌ എന്റെ നേരെ ഒരു ചാട്ടം.


“പാപ്പാന്‍ നിന്റെ ത..“, പകുതി വച്ച്‌ അവന്‍ വിഴുങ്ങി.


ങേ...എന്റെ പാവം അച്ഛന്‍! ഇവനെ ഇന്നു ഞാന്‍ ശരിയാക്കും. ഞാന്‍ ചാടിയെഴുന്നേറ്റു.


“എടാ പട്ടീ..“, എന്റെ നാവില്‍ ഇത്രയേ വരത്തൊള്ളൂ‍.


എന്റെ കളരി പരമ്പര ദൈവങ്ങളേ (ആരെങ്കിലും പിടിച്ചു മാറ്റണേ) എന്നു പ്രാര്‍ത്ഥിച്ച്‌ ഞാന്‍ ഷിബുവിന്റെ നെഞ്ചിനുനേരെ ഇടത്തേക്കാലുയര്‍ത്തി ചവിട്ടി (ഈശ്വരാ ഈ കാല് പൊങ്ങുന്നില്ലല്ലോ, കഷ്‌ടിച്ച്‌ അവന്റെ വയറു വരെയെത്തി). രക്ഷപെട്ടു, മറ്റവന്മാര്‍ ഇടപെട്ടു.


“നീയാരെടാ വിജയകാന്തോ ? കാലുപൊക്കി ചവിട്ടാന്‍ ?“, കൂട്ടത്തിലൊരുത്തന്റെ താങ്ങ്‌.


പോട്ടെ, എന്നെ പിടിച്ചു മാറ്റിയതു കൊണ്ട്‌ ഞാന്‍ അവനോട്‌ ക്ഷമിച്ചു.ഷിബു കണ്ണുകള്‍ കലങ്ങിച്ചുവന്ന്‌ തിളച്ചു നില്‌ക്കുകയാ‍ണ്.


“നീയെന്താടാ ‘എന്നെ’ പേടിപ്പിക്കുന്നോ ?”, അവന്‍ വിടാന്‍ ഭാവമില്ല


ഈശ്വരാ, വേണ്ടായിരുന്നു. സ്വന്തം മാനം കാക്കാന്‍, ഞാന്‍ രണ്ടും കല്‌പ്പിച്ചിറങ്ങി. അവനെ പിടിച്ചു തള്ളാനാഞ്ഞു. ആരോ പിന്നില്‍ നിന്നും പിടിച്ചു, എന്റെ കാല്‍ അറിയാതെ ഉയര്‍ന്ന്‌ ഷിബുവിന്റെ..., അതേ അവിടെത്തന്നെ, കൊണ്ടു. ഷിബുവിന്റെ രണ്ട്‌ ഉണ്ടക്കണ്ണുകളും മാക്സിമം പുറത്തേക്കു തള്ളി. കക്ഷി സംഭവസ്ഥലവും പൊത്തിപ്പിടിച്ചു് കുനിഞ്ഞു നില്‌പ്പാണ്. മറ്റുള്ളവര്‍ അടുത്തു ചെന്ന്‌ ആശ്വസിപ്പിക്കുന്നു. തടവാന്‍ പറ്റാത്ത സ്ഥലമായതിനാല്‍ ആരും പ്രഥമ ശുശ്രൂഷയ്‌ക്ക്‌ മുതിരുന്നില്ല. ഞാന്‍ കുറ്റവാളിയെ പോലെ ദൂരെ മാറി നില്‍പ്പാണ്. ഒന്ന്‌ പോയി സംസാരിച്ചാലോ ? വേണ്ട, അവന്‍ കൂടുതല്‍ വയലന്റാകും.


ഹൊ, അവന്‍ നിവര്‍ന്നു. എന്റമ്മോ, ദാ സ്‌ലോമോഷനില്‍ എന്റടുത്തേക്ക്‌ വരുന്നു.


ക്യാമറ, ആക്ഷന്‍, ഡയലോഗ്‌..


“എടാ...”, അവന്‍ വിരല്‍ ചൂണ്ടി എന്റെ നേര്‍ക്ക്‌. കണ്ണില്‍ നിന്നും തീപ്പൊരി പാറുന്നു (ചുമ്മാ). ഞാന്‍ പതുങ്ങി, ഇപ്പോ അടിവീഴും.


“എടാ...ഞാന്‍ മൂത്രമൊഴിച്ചിട്ടു വരട്ടെ... വല്ല കുഴപ്പവുമുണ്ടെങ്കില്‍... നിന്നെ...”, അവന്‍ നേരെ ബാത്ത്‌റൂമിലേയ്‌ക്ക്‌.


അയ്യേ...ഇവന്‍.... എന്തായാലും മറ്റുള്ളവരുടെ മുന്നില്‍ സ്വന്തം മാനം കളയരുതല്ലൊ, ഞാന്‍ മസിലും പിടിച്ചു നിന്നു. അല്ല, ഇനി വല്ല കുഴപ്പവുമുണ്ടെങ്കില്‍...? അവനു വേണ്ടിക്കൂടി ഞാന്‍ മൂത്രമൊഴിക്കേണ്ടി വരുമോ ? പിന്നല്ല.


‘ഈശ്വരാ, അവന്‍ മൂത്രമൊഴിയ്‌ക്കണേ’ എന്ന്‌ ലോകത്തില്‍ ആദ്യമായി പ്രാര്‍ത്ഥിച്ചയാള്‍ എന്ന റെക്കോര്‍ഡ് എന്റെ പേരിലായി എന്ന്‌ അപ്പോള്‍ ഞാനറിഞ്ഞു. ‘അവിടെ‘ ചവിട്ടു കിട്ടിയതിന്റെ വിവിധ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുകയാണ് മറ്റുള്ളവര്‍. തല്ലുകൊള്ളികള്‍, എല്ലാവന്മാര്‍ക്കും ചവിട്ടോ അടിയോ കൊണ്ടിട്ടുണ്ട്‌. ദാ ഷിബു പുറത്തിറങ്ങി. എല്ലാവരും ആകാംക്ഷയോടെ നോക്കി. അവന്റെ മുഖത്ത്` ഒരു ആശ്വാസം കാണുന്നുണ്ട്‌. കൊച്ചു കള്ളന്‍, മൂത്രമൊഴിച്ചു അല്ലേ. എന്റെ ശ്വാസം നേരെ വീണു. പിന്നെ അധികം വൈകിയില്ല, ഞാന്‍ ഓടി ബാത്ത്‌റൂമില്‍ കയറിയതും കുളിച്ചതും ഭക്ഷണം കഴിച്ചതും, ഓഫീസിലേ‌ക്കോടിയതും റെക്കോര്‍ഡ്‌ സമയത്തിലായിരുന്നു.


അന്നു വൈകിട്ടാണ് കഥയുടെ ‘കദന‘ഭാഗം നടന്നത്‌. എനിക്ക്‌ അത്യാവശ്യമായി 2000 രൂപ വേണം. എല്ലാവരോടും തെണ്ടി.



മലര്‍ത്തിക്കാണിച്ച കൈകള്‍ = (മൊത്തം സ്റ്റാഫിന്റെ എണ്ണം x 2) - 2 (ഞാന്‍ പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പാണേ. ഭയങ്കര കണക്കാ). മൈനസ് ചെയ്ത രണ്ട്, ഷിബുവിന്റെ കറുത്ത കരങ്ങളാണ്.

ഇനി ആരോടു ചോദിക്കും. ആകപ്പാടെ പൈസ കയ്യിലുള്ളത്‌ ഷിബുവിനാണ്. രാവിലത്തെ സംഭവ വികാസങ്ങള്‍ വച്ചു നോക്കിയാല്‍ അവന്‍ രൂപ തരാനുള്ള വിദൂര സാധ്യത പോലുമില്ല. എന്തായാലും ഒന്നു ശ്രമിച്ചു നോക്കാം. നാണമില്ലാത്തവന് ഒന്നും നഷ്‌ടപ്പെടാനില്ലല്ലോ. അവന്‍ എന്നെക്കൊണ്ടും മൂത്രംപോക്ക്‌ ടെസ്റ്റ് ചെയ്യിക്കുമോ എന്നൊരു പേടിയുണ്ട്‌. ഷിബുവിന്റടുത്തുപോയി ഇരുന്നു (ഇരന്നത്‌ പിന്നീടാണ്). ഷിബു കമ്പ്യൂട്ടറില്‍ കണ്ണും നട്ടിരിപ്പാണ്. എന്നെ കണ്ടു കാണും, മഹാപാപി മൈന്‍‌ഡ് ചെയ്യുന്നില്ല.


“ഷിബൂ...”, രണ്ടും കല്‍പ്പിച്ചു വിളിച്ചു.


“ങും...?”, മുഖത്തു നോക്കാതെ (മാടന്‍) മുരണ്ടു.


“പിന്നെ... വര്‍ക്കൊക്കെ തീര്‍ന്നോ ?”, ഞാന്‍ സോപ്പെടുത്തു പതപ്പിച്ചു.


“ങാ, ഏകദേശം. എന്താ...? “, കടുപ്പത്തിലാണ് മറു ചോദ്യം (വെള്ളം കുറവാണ്, സോപ്പ്‌ പതയുന്നില്ല.

നിന്റമ്മൂമ്മേ കെട്ടിക്കുന്നോന്നറിയാന്‍, പിന്നല്ലാണ്ട്‌... ഞാന്‍ പല്ലുകടിച്ചു.


“ ഏയ്‌ ചുമ്മാ ചോദിച്ചതാ...”, ഇത്രയുമേ പറഞ്ഞുള്ളു (പേടിയുണ്ടേ).


“എന്നാലും രാവിലത്തെപ്പണി കടുത്തു പോയി. എന്റെ ജീവന്‍ പോയതു പോലാരുന്നു.”, ഷിബു മനസ്സു തുറന്നു.


രക്ഷപെട്ടു, ഇതിലേ പിടിച്ചു കയറാം.


“അയ്യോ, അതൊരു അബദ്ധം പറ്റിയതാ. വേണമെന്നു കരുതി ചെയ്‌തതല്ല (ആഗ്രഹിച്ചതാണെങ്കിലും). ഇപ്പോ കുഴപ്പം വല്ലതുമുണ്ടോ”, ഞാന്‍ ദീനാനുകമ്പനായി.


“ഹേയ്‌, ഇല്ല”, ഷിബു ചിരിച്ചു.


“ഞാന്‍ വെറുതേ തമാശയ്‌ക്ക്‌ കളിയാക്കുന്നെന്നേയുള്ളു, കേട്ടോ, ഷിബുവിന്റെ ബോഡി എന്തൊക്കെ പറഞ്ഞാലും കിടിലന്‍ തന്നാ..”, ഞാന്‍ അവന്റെ കയ്യില്‍ പിടിച്ചു ഞെക്കി നോക്കി, “ഇരുമ്പു പോലുണ്ട്”. കണവ മീന്‍ ഞെക്കി നോക്കിയ പോലുണ്ട്‌. എന്തു ചെയ്യാനാ, പണം കണ്ണു മറയ്‌ക്കുന്നു.


“ഷിബു ലീവിന് പോകുന്നില്ലേ”, സോപ്പ് വീണ്ടും പതഞ്ഞു തുടങ്ങി.


“ഓ, ഇനി അടുത്ത മാസമേ പോകുന്നുള്ളു. ...ഈ ഞായറാഴ്ച്ച നീ ബീച്ചില്‍ വരുന്നോ, കോവളത്ത്‌“.


സോപ്പിന്റെ പവറേ (ചുമ്മാതല്ല ലക്സാ, ലക്സ്‌).


“പിന്നെന്താ പോയിക്കളയാം...”, ഞാന്‍ ഇളിച്ചു കാട്ടി (സത്യമായും അത്‌ ചിരിയല്ലായിരുന്നു).


“ശരി ഞാന്‍ ചായ കുടിച്ചില്ല. പോട്ടെ ?”, ഞാന്‍ എഴുന്നേറ്റു തിരിഞ്ഞു.


ഷിബു വീണ്ടും കമ്പ്യൂട്ടറിലേക്കാക്കി നോട്ടം.


ഞാന്‍ നാടകീയമായി തിരിഞ്ഞു നോക്കി, ചോദിച്ചു, “ഷിബൂ, പിന്നേ... ഒരു 2000 രൂപ തരാനുണ്ടാവുമോ, അടുത്തയാഴ്ച്ച തിരിച്ചു തരാം”.


മനസ്സില്‍ ഞാന്‍ തലതല്ലി പ്രാര്‍ത്ഥിച്ചു.


“ ഓക്കെ, അടുത്തയാഴ്‌ച്ച തന്നെ തരണം..”, ഷിബു പേഴ്‌സില്‍ നിന്നും പൈസയെടുത്തു തന്നു.


ജയ്‌ ലക്സ്.



ഇത്ഥം, വിനോജ്‌ വിരചിത, ഷിബു കാണ്ഡഹ, രണ്ടാം പാദഹ, സമാപ്‌തഹ (ഹ കൂടിപ്പോയോ ? ക്ഷമിക്കുഹ.)

Free Counter

Free Counter

Monday, January 14, 2008

എന്റെ പാവം മൊബൈല്‍...(സംഭവ) കഥ.



സമയം രാത്രി 09:45. സ്ഥലം എന്റെ ഓഫീസിലെ എല്ലാ സഹപ്രവര്‍ത്തകരുടെയും കൊച്ചു (വാടക) കൊട്ടാരം.


ഞാന്‍ സെറ്റിയില്‍ ആരോ ഒടിച്ചിട്ടതുപോലെ ചുരുണ്ട് കിടക്കുന്നു. ഷിബു എന്റെയടുത്തിരുന്ന്‌ മൊബൈലില്‍ സംസാരിക്കുകയാണ്. ഓരോ കോളും തീര്‍ന്ന്‌ കട്ട് ചെയ്യുമ്പോള്‍ അടുത്ത കോള്‍ വരും. എന്റെ മൊബൈല്‍ ആര്‍ക്കും വേണ്ടാതെ ഒരു പാവത്താനെപ്പോലെ സെറ്റിയില്‍ കിടപ്പുണ്ട്‌. പാവം, ഒരു മിസ്‌കാള്‍ കണ്ട കാലം മറന്നു. ഷിബുവിന്റെ ഫോണിലെ ഓരോ റിംഗിനും എന്റെ അസൂയ കൂടിക്കൂടി വരുന്നു.

അവന്റെ നോട്ടത്തില്‍ ‘കണ്ടോടാ..’ എന്നൊരു ഭാവമുണ്ടോ ?

കാല്‌ക്കീഴിലാണ് ഇരിപ്പ്‌. ഒരു ചവിട്ടു കൊടുത്താലോ ?
വേണ്ട, എനിക്ക്‌ തോന്നിയതാവും.
ഹേയ്‌, അല്ല തോന്നിയതല്ല. അവന്റെ ആ പുച്‌ഛത്തിലുള്ള ചിരി കണ്ടില്ലേ.
കൊടുത്തു ഒരു ചവിട്ട്‌. കാലിലാണ് കൊണ്ടത്‌. അവന്‍ ചിറഞ്ഞു നോക്കി, ഫോണ്‍ കട്ടു ചെയ്‌തു, ചാടിയെഴുന്നേറ്റു.

“നിനക്ക്‌ അസൂയയാ..”, അവന്‍ ആരംഭിച്ചു.

ഈശ്വരാ, നിന്റെ ദയ. എന്തു ചെയ്യണമെന്നറിയാതെ കിടക്കുകയായിരുന്നു. ഇനിയിപ്പോള്‍ ഇവനുമായുള്ള യുദ്ധം തന്നെ ഇന്നു പണി.

“നീയെന്താടാ ഒരു പുച്‌ഛത്തില്‍ നോക്കിയത്`. വേറാര്‍ക്കും ഫോണില്ലാത്ത പോലെ.”

“നിനക്കു ഫോണുള്ളതും ഇല്ലാത്തതും ഒരുപോലെയാ. എന്തിനാടാ ഇതു കൊണ്ടു നടക്കുന്നത്‌.”, അവനും യുദ്ധ സന്നദ്ധനായി.

“എടാ കണ്ണില്‍ കണ്ടവളുമാരെ വിളിയ്‌ക്കാനല്ല ഫോണ്‍”, എന്റെ അസൂയ മറനീക്കി പുറത്തു വന്നു.

“ആണുങ്ങളാവുമ്പോള്‍ പെണ്‍പിള്ളേര് വിളിയ്‌ക്കും.”


എന്റെ കാതിലൂടെ ഒരു കടവാവല്‍ പറന്നു പോയി. ആദ്യത്തെ ചവിട്ട്‌ ഒരു പക്ഷേ അവന്‍ ക്ഷമിച്ചുകാണും.ഇനി, വേണ്ട. സംഗതി സീരിയസാകും. അവനാള് ജിമ്മാ. അതുകൊണ്ട്‌ കൈക്രിയവേണ്ട. ഞാന്‍ വാക്യത്തില്‍ പ്രയോഗിച്ചു, “#$^$%^#@“.
തിരിച്ചും കിട്ടി. പുതിയൊരെണ്ണം. എല്ലാം കൊണ്ടും അവന്‍ തന്നെ കേമന്‍.
ഞാന്‍ പല്ലും കടിച്ച്‌ പിറുപിറുത്തു കൊണ്ട്‌ എന്റെ പാവം ഫോണുമായി പുറത്തിറങ്ങി.

റോഡില്‍ തിരക്കൊഴിഞ്ഞിട്ടില്ല. എ.ടി.എമ്മിലെ സെക്യൂരിറ്റി ഒരു കുടിയനുമായി വഴക്കുണ്ടാക്കുന്നു. വലിയ താത്പര്യം തോന്നിയില്ല. മൈന്‍ഡ് ചെയ്യാതെ വീണ്ടും നടന്നു. തട്ടുകടയെത്തിയപ്പോള്‍ അറിയാതെ നിന്നു, ഓം‌ലെറ്റിന്റെ കൊതിപ്പിയ്‌ക്കുന്ന മണം. എന്തെങ്കിലും കഴിച്ചിട്ടു പോകാം. ഒരു ഡബിള്‍ ഓം‌ലെറ്റ് തന്നെ ഓര്‍ഡര്‍ ചെയ്‌തു. ഞാന്‍ അപ്പോഴാണ് ഞെട്ടിയ്‌ക്കുന്ന ആ കാഴ്‌ച കണ്ടത്. തട്ടുകടക്കാ‍രന്റെ ചെവിയില്‍ ഇയര്‍ ഫോണ്‍ വച്ചിരിക്കുന്നു. അയാള്‍ ആരോടോ സംസാരിച്ച്‌ ചിരിച്ചു മറിക്കുകയാണ്. ഇവന്‍ പയ്യനാണ്, എന്തായാലും എന്റെയറിവില്‍ ഇതുവരെ കല്യാണം കഴിഞ്ഞിട്ടില്ല. ഏതോ പെണ്ണു തന്നെ ലൈനില്‍, ഞാന്‍ ഉറപ്പിച്ചു.

‘യൂ റ്റൂ തട്ടുകടക്കാരാ...‘, എന്നിലെ അസൂയക്കാരന്‍ വീണ്ടും കോട്ടുവായിട്ടെഴുന്നേറ്റു.

പോക്കറ്റിലൊരു ചലനം. എന്താദ് ? എന്റെ പാവം ഫോണ്‍. ഇതാരാ ഈ സമയത്ത്‌ ?
മാനേജരോ മറ്റോ ആയിരി‌ക്കും, അങ്ങേരെ കൊണ്ടു മടുത്തു. രാത്രിയായാലും സ്വൈരം തരില്ലേ.
അല്ലല്ലോ, പുതിയ നമ്പരാണ്. ആരാണോ ആവോ ?
“ഹലോ..”, പ്രതീക്ഷയുണരുന്നു.
“ഹലോ, വിനൂ ? ”
“...ങാ..അതെ..”
“ഞാന്‍ കവിതയാണ് ”
“അയ്യോ കവിതയോ (ഏതു കവിത ? ആ, ആരോ ആകട്ടെ.)? എന്റെ ഫോണ്‍ നമ്പരെവിടുന്നു കിട്ടി ?. എന്താ ഇപ്പോ ?“
ഫോണ്‍ നമ്പര്‍ കൊടുത്തവനെ മനസ്സാ സ്‌തുതിച്ചു.
എങ്കിലും ആ ഷിബു ഇപ്പോള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍. അവനു കേള്‍പ്പിച്ചു കൊടുക്കാമായിരുന്നു.
ഓം‌‌ലെറ്റ്‌ ഓര്‍ഡര്‍ ചെയ്‌തും പോയല്ലോ. തിരികെ വീടുവരെ പോകുന്നതിന് മുന്‍പ്‌
ഈ കാള്‍ കഴിയും, ഉറപ്പ്‌. ങാ, എന്തോ ആകട്ടെ.
“ഒരു സന്തോഷ വാര്‍ത്തയുണ്ട്‌. എന്റെ വിവാഹം തീരുമാനിച്ചു.”, കവിതയുടെ(ദുഷ്‌ട) കിളിമൊഴി.
ഓ, അതു ശരി. ചുമ്മാതല്ല അവള്‍ക്ക്‌ ഇപ്പോ വിളി വന്നത്. ഏതവനാണോ ആവോ
എന്റെ ഫോണ്‍ നമ്പര്‍ കൊടുത്തത്‌. ഇവനെയൊക്കെ...
കല്യാണ തീയതിയും സ്ഥലവുമെല്ലാം പറഞ്ഞു, വരണേ എന്നൊരു ക്ഷണവുമായി കിളിമൊഴി
പെട്ടെന്നു തന്നെ അവസാനിച്ചു. അതെന്തായാലും നന്നായി.
അയ്യോ, എന്റെ ഓം‌‌ലെറ്റ്‌ !!


Free Website Counter

Free Counter

Wednesday, September 19, 2007

പ്രണയം

എത്ര തട്ടിയെറിഞ്ഞാലും വീണ്ടും

തീരത്തെ തേടി വരുന്ന തിരയെ പോലെ...

ഞാന്‍ എന്നും നിന്നിലുറങ്ങി

നിന്നിലേക്കു തന്നെ ഉണരുന്നു.

ഞാനറിയുന്നു, പ്രണയം നിനക്കായല്ല

എനിക്കായ് തന്നെയെന്ന്‌.

ഉണര്‍ന്നിരിക്കുന്ന ഓരോ നിമിഷവും

എന്നെ ഓര്‍മ്മിപ്പിക്കുന്നു,

നീയില്ലാതെ ഞാന്‍ അപൂര്‍ണ്ണനെന്ന്‌.

Tuesday, May 08, 2007

നാഡി ജ്യോതിഷം

നാഡി ജ്യോതിഷം
ഈ പേര്‌ ആദ്യമായി കേട്ടപ്പോള്‍ എനിക്കു തോന്നിയത്‌ നമ്മുടെ നാഡി പിടിച്ചു നോക്കി ഭാവി പ്രവചിക്കുന്ന പരിപാടിയാണെന്നാണ്‌. പക്ഷെ ഇന്റര്‍നെറ്റില്‍ ഒരു അന്വേഷണം നടത്തിയപ്പോഴാണ്‌ സംഗതി വേറെയാണെന്നു മനസ്സിലായത്‌. ഭാവിയെ കുറിച്ചറിയാനുള്ള ആകാംക്ഷ ശരിക്കും അടക്കാന്‍ പറ്റാത്ത ഒന്നാണ്‌. നാഡി ജ്യോതിഷത്തില്‍ താളിയോല വായിച്ചാണ്‌ ഭാവി പ്രവചനം. പുരാതന കാലത്ത്‌ ഋഷിമാര്‍ എഴുതി വച്ച താളിയോലകളില്‍ ഈ ലോകത്ത്‌ ജനിച്ചിട്ടുള്ള എല്ലാ മനുഷ്യരുടെയും ജീവിതം മുഴുവനും രേഖപ്പെടുത്തിയിട്ടുണ്ടത്രെ. ഇത്തരം താളിയോലകള്‍ കോപ്പി ചെയ്ത്‌ പല ആളുകളും വ്യത്യസ്ഥ സ്ഥലങ്ങളില്‍ പ്രവചനം നടത്തുന്നുണ്ട്‌. ഇതില്‍ പ്രധാന സ്ഥലങ്ങളെല്ലാം തമിഴ്‌നാട്ടിലാണ്‌ (മധുരയില്‍ പ്രത്യേകിച്ചും). ഞാന്‍ ഇത്തരത്തില്‍ ഒരു സ്ഥലം തിരുവനന്തപുരത്തുള്ളതായി അറിഞ്ഞു അവിടെ പോയി.
മുന്‍കൂര്‍ ബുക്ക്‌ ചെയ്തു വേണം പോകാന്‍. ജാതകം കൊണ്ടു വരാന്‍ ആവശ്യപ്പെട്ടിരുന്നു. താളിയോലകള്‍ തമിഴ്‌ ശ്ലോകങ്ങളായാണ്‌ എഴുതിയിരിക്കുന്നത്‌. ആദ്യം നമ്മുടെ ഓല ഏതാണെന്നു കണ്ടു പിടീക്കണം, അതിനു വേണ്ടി തള്ള വിരലിന്റെ അടയാളം വാങ്ങും. അതില്‍ ഒരു പ്രത്യേക രേഖ നോക്കിയാണ്‌ ഓരോ വ്യക്തിയുടെയും ഓല കണ്ടെത്തുക. എന്റെ വിരലിലെ രേഖക്ക്‌ വായില്‍ കൊള്ളാത്ത ഏതോ ഒരു പേരു പറഞ്ഞു (സത്യമായും ഓര്‍മ്മയില്ല). എന്റെ രേഖ നോക്കി അയാള്‍ (ഓല വായിക്കുന്നയാള്‍, ഒരു ചെറുപ്പക്കാരനാണ്‌. ഒരു വയസ്സന്‍ തമിഴനെയാണ്‌ ഞാന്‍ പ്രതീക്ഷിച്ചത്‌.) ഉള്ളില്‍ പോയി ഒരു കെട്ട്‌ ഓല(ആനയ്ക്കു തിന്നാനും മാത്രം ഇല്ല കേട്ടോ, ഒരു ചെറിയ കെട്ട്‌ താളിയോല) എടുത്തു കൊണ്ടു വന്നു. കനം കുറഞ്ഞ തടിയോ മറ്റോ അതിന്റെ ആദ്യവും അവസാനവും ബയന്റുപോലെ വച്ചിട്ടുണ്ട്‌. അതിലെ രണ്ട്‌ ദ്വാരങ്ങളിലൂടെ നൂലുകടത്തി യാണ്‌ ഓലകള്‍ ബന്ധിച്ചിരിക്കുന്നത്‌. ഓല വായിക്കുന്ന മുറി ഒരു വലിയ പൂജാ മുറി പോലെ തന്നെ. അയാള്‍ ആദ്യം നാഡി ജ്യോതിഷത്തെപറ്റി ഒരു ചെറിയ വിശദീകരണത്തിനു ശേഷം ഓല കെട്ടഴിച്ചു. ഒരു പ്രാര്‍ത്ഥന ഉച്ചത്തില്‍ ചൊല്ലി. ഓരോ ഓലയും വായിച്ച്‌ അതില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്നു ചോദിക്കും, എല്ലാ കാര്യങ്ങളും ഒത്തു വന്നാല്‍ അതാണ്‌ ശരിയായ ഓല. ഒരു കാര്യമെങ്കിലും തെറ്റിയാല്‍ അടുത്ത ഓല എടുത്തു വായിക്കും (എനിക്കു ഒരു തരം reverse quiz രീതി പോലെ തോന്നി).
ആദ്യത്തെ ഓലയില്‍ ഒരു ശ്ലോകം വായിച്ചിട്ടു ചോദിച്ചു,
"നിങ്ങളുടെ അച്ഛന്റെ പേര്‌ കൃഷ്ണന്‍ എന്നു അര്‍ഥം വരുന്നതാണോ ? "
"അതെ"
"നിങ്ങള്‍ കുടുംബത്തിലെ മൂത്തയാളാണ്‌ ?"
"അല്ല്ല"
"അപ്പോള്‍ ഈ ഓലയല്ല", അയാള്‍ അടുത്ത ഓലയെടുത്തു...
ഇങ്ങനെ തെറ്റിയും ശരിയായും ഒടുവില്‍ ഒരു ഓല എടുത്തു വായിക്കുന്നതിനിടയില്‍ എന്റെ മലയാള ജനന മാസം, അമ്മയുടെ പേരിന്റെ സൂചന (കുട്ടി എന്നര്‍ത്ഥം വരുന്ന പേരാണോ, k,c,p,b ഇവയില്‍ ഏതെങ്കിലും അക്ഷരത്തിലാണോ പേരു തുടങ്ങുന്നത്‌) ഇവയെല്ലാം ചോദിച്ചു. ഒടുവില്‍ കിട്ടിയ ഓലയില്‍ ഇവയെല്ലാം ശരിയായി വന്നു, അച്ഛന്റെ പേര്‌, എന്റെ പേര്‌, അമ്മയുടെ പേര്‌, ജനിച്ച ദിവസം, സഹോദരങ്ങളുടെ എണ്ണം, എന്റെ നക്ഷത്രം എന്നിവ. ഇതില്‍ പലതും ഞാന്‍ നേരത്തെ പറഞ്ഞ reverse quiz മോഡലില്‍ ഊഹിച്ചതാണോ എന്നൊരു സംശയം മനസ്സില്‍ കിടന്നു പുളയ്ക്കുന്നു. എങ്കിലും അച്ഛന്റെയും , അമ്മയുടെയും(ബേബി) പേരുകള്‍ ശരിയായി പറഞ്ഞത്‌ ഒരു മതിപ്പുണ്ടാക്കി. എന്റെ പേരും കൂട്ടത്തില്‍ പറഞ്ഞു, പക്ഷേ എന്റെ പേര്‌ ഞാന്‍ ആദ്യം അവരെ വിളിച്ചപ്പോഴേ ഫോണിലൂടെ പറഞ്ഞിരുന്നു, അതു കൊണ്ട്‌ അതു ശൂ....
എന്റെ ഓല എടുത്തതിനു ശേഷം, ഓല വായിക്കുന്ന സമയം മുതലുണ്ടാകുന്ന അനുഭവങ്ങള്‍ പ്രവചിക്കുന്ന ഭാഗം വായിച്ചു. നമ്മള്‍ എന്നാണ്‌ ഈ ഓല വായിപ്പിക്കുവാന്‍ എത്തുക എന്ന്‌ കൂടി അതിലുണ്ടെന്ന്‌ അയാള്‍ പറഞ്ഞു. എന്റെ വിവാഹം നടക്കുന്ന മാസം, ഭാര്യയുടെ ലക്ഷണങ്ങള്‍ (ശരീരത്തിലെ ചില അടയാളങ്ങള്‍, നിറം തുടങ്ങിയവ), ജോലി ഉടനെ മാറും, പിന്നെ... കുട്ടികള്‍, സാമ്പത്തികാവസ്ഥ തുടങ്ങി കുറേ കാര്യങ്ങള്‍ പറഞ്ഞു. ഏതൊക്കെ ശരിയാകുമെന്നു കണ്ടറിയേണം.
ഇക്കൂട്ടത്തില്‍ ആദ്യത്തേത്‌ ജോലി മാറ്റമാണ്‌. അതു ശരിയായാല്‍ എല്ലാവരെയും അറിയിക്കാം, പിന്നെ ഈ വര്‍ഷാവസാനം വിവാഹം, അതും നടന്നാല്‍ അറിയിക്കാം. ഇത്രയും ശരിയായാല്‍ പിന്നെ ബാക്കിയൊക്കെ വിശ്വസിക്കാം, അല്ലേ ?
വാല്‍ കഷണം : കഴിഞ്ഞ ജന്മം, അടുത്ത ജന്മം എന്നിവയും അവര്‍ വേണമെങ്കില്‍ പറഞ്ഞു തരും. ഓരോ വിഷയവും ഓരോ കാണ്ഡമാണ്‌. ഒരു കാണ്ഡം വായിക്കുവാന്‍ 250 രൂപ. പൊതുവായി എല്ലാ കാര്യങ്ങളും അറിയുവാന്‍ 250 രൂപ. ഇങ്ങിനെയാണ്‌ റേറ്റുകള്‍. ഞാന്‍ അവര്‍ക്കു പരസ്യം ചെയ്യുകയാണെന്നു കരുതരുത്‌. എന്റെ കാര്യത്തില്‍ പറഞ്ഞതെന്തെങ്കിലുമൊക്കെ ശരിയാകാതെ ഞാന്‍ ഇതു recommend ചെയ്യില്ല. ഞാന്‍ ഒന്നും അന്ധമായി വിശ്വസിക്കാത്തതു പോലെ തന്നെ, ഒന്നും അന്ധമായി അവിശ്വസിക്കുന്നുമില്ല. നമുക്കു നോക്കാം...

Nadi Astrology / Naadi Astrology / Jyothisham / Nadi Jyothisham

Monday, April 23, 2007

ഹൃദയങ്ങള്‍ മുറിയുന്നത്‌...

Free Web Counter

Free Counter
ഹൃദയങ്ങള്‍ മുറിയുന്നത്‌...
ഈ ഞായറാഴ്ചയും പതിവുപോലെ എറണാകുളം മറൈന്‍ഡ്രൈവില്‍. CID മൂസയുടെ ഷൂട്ടിംഗ്‌ നടന്ന ഭാഗത്താണ്‌ ഞാനിരിക്കുന്നത്‌. ഇന്ന്‌ ഒറ്റക്കാണ്‌, കൂട്ടുകാരെല്ലാം സിനിമയ്ക്കു പോയി. കായലില്‍ നിന്നും ചെറിയ ദുര്‍ഗന്ധമുള്ള കാറ്റടിക്കുന്നു, ചൂടും തണുപ്പും മാറി മാറി വരുന്ന വല്ലാത്തൊരു കാറ്റ്‌. എതിര്‍വശത്ത്‌ കായലിലേക്ക്‌ നോക്കിക്കൊണ്ട്‌ രണ്ടു പെണ്‍കുട്ടികള്‍ ഇരിക്കുന്നുണ്ട്‌. ചുവന്ന ചുരിദാറിട്ട കുട്ടി നല്ല സുന്ദരിയാണ്‌. നല്ല വലിയ കണ്ണുകളും, നീളമുള്ള മുടിയും. കാലിലെ നഖങ്ങളില്‍ നല്ല ചുവന്ന ക്യൂട്ടെക്സ്‌ പുരട്ടിയിട്ടുണ്ട്‌. കാലിന്മേല്‍ കാല്‍ വച്ചു, വലത്തേക്കാല്‍ ആട്ടിക്കൊണ്ടാണിരിപ്പ്‌. ഞാന്‍ ചുറ്റും നോക്കി. എല്ലാ പയ്യന്മാരുടെയും നോട്ടം അവളിലാണ്‌. ഈശ്വരാ, പ്രതീക്ഷവേണ്ട. എല്ലാവന്മാരും നല്ല സുന്ദരന്മാരാണ്‌. എറണാകുളത്ത്‌ സുന്ദരന്മാര്‍ക്കും, സുന്ദരികള്‍ക്കും ഒരു പഞ്ഞവുമില്ല.
ഞാന്‍ വ്യാമോഹം വെടിഞ്ഞു നല്ല കുട്ടിയായി. ഇനി അവള്‍ എന്നെ നോക്കിയാല്‍തന്നെ, മൈന്‍ഡ്‌ ചെയ്യാതിരിക്കുന്നതു കൊണ്ട്‌ ഒരു പ്ലസ്‌ പോയിന്റ്‌ കിട്ടിയാല്‍ കിട്ടട്ടെ. ഞാന്‍ ഉടനെതന്നെ പ്രകൃതി സ്നേഹിയായി മാറി, കായലിലേക്കായി നോട്ടം. എന്തോ, മനസ്സനുവദിക്കുന്നില്ല. ആരോ പിടിച്ചു തിരിക്കുമ്പോലെ എന്റെ തലയും കണ്ണുകളും അവളിലേക്കു തന്നെ പോകുന്നു. അവളൊന്നു നോക്കിയെങ്കില്‍. ചില പയ്യന്മാര്‍ ജീവിതത്തില്‍ ആദ്യമായി ഒരു പെണ്ണിനെ കാണുന്നതുപോലെ തുറിച്ചു നോക്കിയിരിപ്പാണ്‌, ചിലര്‍ വെറുതെ എന്തൊക്കെയോ വളിപ്പു വിളിച്ചു പറഞ്ഞു ഉച്ചത്തില്‍ ചിരിക്കുന്നു, എല്ലാം അവളുടെ ഒരു നോട്ടത്തിനു വേണ്ടിത്തന്നെ. എനിക്കു ഉറപ്പാണ്‌. എത്ര ശ്രമിച്ചാലും അറിയാതെ ഇടയ്ക്കിടയ്ക്കു കണ്ണുകള്‍ അവരിലേക്കു തിരിയുന്നത്‌ പെണ്‍കുട്ടികള്‍ പെട്ടെന്നു പിടിച്ചെടുക്കും, അവരാരാ സാധനങ്ങള്‍. ലക്ഷ്മി(എന്റെ ഒരു സുഹൃത്ത്‌) ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌ ആണുങ്ങള്‍ ഏതു ഉദ്ദേശത്തോടെ നോക്കിയാലും സ്ത്രീകള്‍ക്കു മനസ്സിലാകുമെന്ന്‌. ലക്ഷ്മിക്ക്‌ ഒരു പ്രണയമുണ്ടായിരുന്നു, പക്ഷെ അത്‌ ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടിട്ട്‌ ഒരു വര്‍ഷത്തിനു ശേഷമായിരുന്നു. അതിനു മുന്‍പേ ഞാന്‍ ചോദിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ.... ചോദിക്കാത്ത ചോദ്യങ്ങളുടെ കടം കൂടിക്കൂടി വരുന്നു.
ചിന്തകള്‍ കാടു കയറുന്നു. ആ കുട്ടി...? കണ്ണുകള്‍ വീണ്ടും അവളെത്തേടി. അവള്‍ അവിടെത്തന്നെയുണ്ട്‌. ഒരു നിമിഷം എന്റെ ഹൃദയം നിലച്ചുപോകുന്ന പോലെ തോന്നി. അവള്‍ എന്നെ നോക്കുന്നു. എന്റെ കണ്ണുകളുമായി ഒരുനിമിഷം... ആ വിടര്‍ന്ന കണ്ണുകള്‍, പെട്ടെന്നുതന്നെ ലക്ഷ്യമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ച്‌ അവള്‍ താഴേക്കു നോക്കിയിരുന്നു. ഞാന്‍ ഇടങ്കണ്ണിട്ടു നോക്കി. പയ്യന്മാര്‍ പലരും എന്നെ നോക്കുന്നുണ്ട്‌. ഓ പോകാന്‍ പറ. എങ്കിലും ഞാനാകെ ടെന്‍ഷനിലായി, ഹൃദയം പടപടാന്നു മിടിക്കുന്നു. സുന്ദരികളുടെ കണ്ണില്‍ ദൈവം കാന്തം വച്ചുപിടിപ്പിച്ചിട്ടുണ്ടാവുമോ, ആണുങ്ങളുടെ ഹൃദയമിടിപ്പു കൂട്ടുന്ന കാന്തം ? അവള്‍ ഇടങ്കണ്ണിട്ടു നോക്കുന്നുണ്ട്‌. കൂട്ടുകാരിയോടെന്തോ പറയുന്നു. ഇപ്പോള്‍ അവളും ഒന്നു നോക്കി. ഈശ്വരാ.. ലൈനായോ ? എന്നിലെ ഭീരു തലപൊക്കി, വേണ്ടായിരുന്നു. ഇനി ഒരു സ്റ്റെപ്പെങ്കിലും മുന്നോട്ടു പോകണമെങ്കില്‍ അങ്ങോട്ടു പോയി സംസാരിക്കണം. ഓ... അവര്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്‌. കൂട്ടുകാരി പേഴ്സും, മൊബൈല്‍ ഫോണുമൊക്കെ കയ്യിലൊതുക്കിവയ്ക്കുന്നുണ്ട്‌. കൂട്ടുകാരി എഴുന്നേറ്റിട്ട്‌ അവള്‍ക്കു കൈ കൊടുത്തു. ഞാനറിയാതെ നെറ്റി ചുളിച്ചു. കൂട്ടുകാരിയുടെ കൈ പിടിച്ച്‌ അവള്‍ എഴുന്നേറ്റു, ബ്രിഡ്ജിനടുത്തേക്കു നടക്കാന്‍ തുടങ്ങി. എന്തോ ഒരു വല്ലാതെ... ദൈവമേ... അവളുടെ ഇടത്തേക്കാല്‍...? അതു കൃത്രിമക്കാലാണോ ? എന്റെ തൊണ്ട വരണ്ടു. അവള്‍ തല മെല്ലെ ചരിച്ച്‌ എന്നെ നോക്കി. എന്തുകൊണ്ടോ ഞാന്‍ ചെറുതായി പുഞ്ചിരിച്ചു, അവളും. അവര്‍ നടന്നു പോയി. ബ്രിഡ്ജിന്റെ പടികളില്‍ കൂട്ടുകാരിയുടെ തോളില്‍ താങ്ങി അവള്‍ കയറുന്നതു കാണാം. അവള്‍ ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കുമോ ? എന്തോ, ഞാനതാഗ്രഹിച്ചില്ല. അന്നു ഞാന്‍ ഒരു പാടു നേരം അവിടെത്തന്നെയിരുന്നു, പതിവില്ലാതെ. മനസ്സ്‌ ധ്യാനത്തിലെന്നപോലെ ഏകാഗ്രമാണ്‌. മനസ്സില്‍ അവള്‍ മാത്രം. എന്റെ വിവാഹത്തെക്കുറിച്ചോര്‍ത്തു, ഈ കുട്ടിയെ വിവാഹം കഴിക്കാന്‍ ഞാന്‍ തയ്യാറാകുമോ ? സാധ്യതയില്ല, പക്ഷെ ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ എനിക്കങ്ങിനെ തോന്നുന്നു.

Friday, April 13, 2007

കവിത(?)

ഞാന്‍ ഇന്നാത്മഹത്യ ചെയ്യുന്നു,
മുറിയില്‍ ഞാനുമെന്‍ നിഴലും മാത്രം.
ഇടനെഞ്ചു പിടച്ചുവെങ്കിലും,
ഞാനവളോടു കള്ളം പറഞ്ഞു;
നീയെന്റെയാരുമല്ലെന്ന്‌.
അവള്‍ കരഞ്ഞു കൊണ്ടെങ്ങോട്ടോ ഓടിപ്പോയ്‌.
ഇനി, എന്റെ ശവദാഹത്തിന്‌,
സതിയനുഷ്ടിക്കാന്‍ എന്റെ നിഴലില്ല,
പാവം അവളെങ്കിലും ജീവിക്കട്ടെ,
ഞാനില്ലാതെ...
എന്റെ കാലടികളിലെ അടിമത്തത്തില്‍
നിന്നും,
അവള്‍ മോചിപ്പിക്കപ്പെട്ടിരിക്കുന്നു.

Saturday, April 07, 2007

ദൈവം ഉണ്ടോ ?

ദൈവം ഉണ്ടോ, മാഷേ ?
ഇന്നു രാവിലെ ഉണര്‍ന്നപ്പോള്‍ മുതല്‍ എനിക്കൊരു സംശയം. ശരിക്കും ദൈവം ഇല്ല എന്നു തെളിഞ്ഞാലോ ? ഈ ലോകത്തിന്റെ ഗതി പിന്നെ എന്താകും. ദൈവം എന്ന ഒറ്റ പിടിവള്ളിയില്‍ മുറുകെപ്പിടിച്ച്‌ കുഞ്ഞാടുകളെ മേയ്ക്കുന്ന അച്ചന്മാര്‍ പിന്നെ എന്തു ചെയ്യും ? ഇതേ അവസ്ഥയിലുള്ള ലോകത്തിലെ കോടിക്കണക്കിനു പള്ളികളിലെ മുസലിയാര്‍മാരുടെയും, അമ്പലങ്ങളിലെ പൂജാരിമാരുടെയും ഗതി എന്താകും ? ഇതെല്ലാം പോകട്ടെ, അവര്‍ മറ്റെന്തെങ്കിലും ജോലി ചെയ്ത്‌ ജീവിക്കും എന്നു കരുതാം. ഈ ലോകത്തിന്റെ സദാചാരമൂല്യങ്ങള്‍..(എന്തോ... കേട്ടില്ല ?!). പക്ഷെ ശരിക്കും ചിന്തിക്കുമ്പോള്‍ അതില്‍ കാര്യമില്ലെന്നും കരുതാം. നിരീശ്വരവാദികള്‍ക്ക്‌ ഈ ലോകത്തില്‍ വലിയ പഞ്ഞമൊന്നുമില്ലല്ലോ ? അവരാരും ആ കാരണം കൊണ്ട്‌ കുഴപ്പങ്ങളൊന്നും കാണിക്കുന്നില്ല. പക്ഷെ ദൈവ ഭയം കൊണ്ടു മാത്രമാണ്‌ കുറ്റബോധം എന്ന വികാരം നിലനിന്നുപോരുന്നത്‌. കുറ്റബോധമില്ലാതെയായാല്‍ പിന്നെ എന്തു ചെയ്യാനും ആര്‍ക്കും മടി തോന്നില്ല. അഥവാ, ഒരിക്കല്‍ ഒരു കുറ്റം ചെയ്തു പോയാല്‍ അതു ആവര്‍ത്തിക്കാന്‍ ആരും മടിക്കില്ല. കുറ്റം എന്ന വാക്കിനു പോലും പിന്നെ പുതിയ നിര്‍വചനം വേണ്ടി വരും. ഇനി, മറ്റൊരു പ്രശ്നം. പ്രശ്നങ്ങളുടെയും, ദു:ഖങ്ങളുടെയും നടുവില്‍ കഴിയുന്ന നമുക്ക്‌ പിന്നെ ആരാണൊരാശ്വാസം. ഈശ്വരാ... എന്റെ സങ്കടങ്ങളൊക്കെ ഞാന്‍ പിന്നെ ആരോടു പറഞ്ഞു കരയും... ആര്‌ എന്നെ സഹായിക്കും എന്ന പ്രതീക്ഷയില്‍ ഞാന്‍ ജീവിക്കും.. ? എനിക്ക്‌ ഓര്‍ത്തിട്ടു സഹിക്കാന്‍ വയ്യ. ഈശ്വരാ... നീ ശരിക്കും ഉണ്ടായിരിക്കണേ.....

Tuesday, April 03, 2007

പ്രണയം എനിക്കു പറയാനുള്ളത്‌

Free Web Counters


Free Counter
പ്രണയം... ചോദിക്കാന്‍ മടിക്കരുത്‌....

ചോദിക്കാന്‍ മറന്ന ചോദ്യങ്ങളും, പറയാന്‍ മടിച്ച ഉത്തരങ്ങളും പ്രണയത്തിന്റെ നഷ്ടങ്ങളാണ്‌. ഉത്തരമില്ലാത്ത ചോദ്യങ്ങളല്ല, ചോദ്യമില്ലാത്ത ഉത്തരങ്ങളാണ്‌ പ്രണയത്തിന്റെ സുഖം പകര്‍ന്നു തരുന്നത്‌. അവളുടെ (അവന്റെ) കൗതുകം നിറഞ്ഞ വിടര്‍ന്ന കണ്ണുകളിലേക്കു നോക്കുമ്പോള്‍ ഒരിക്കലും ചോദിക്കാത്ത ചോദ്യങ്ങള്‍ക്ക്‌ പറയാതെ തന്നെ ആ ഉത്തരം ലഭിക്കുന്നു, 'ഞാന്‍ നിന്നെ സ്നേഹിക്കുന്നു...', തുറന്നു പറയാതെ തന്നെ പരസ്പരം മനസ്സിലാകുന്ന പ്രണയത്തിനു തീര്‍ച്ചയായും മാധുര്യമേറും. ചോദിക്കാന്‍ മറന്ന ഒരു ചോദ്യത്തിന്റെ, പറയാന്‍ മടിച്ച ഒരു ഉത്തരത്തിന്റെ വേദന കാലങ്ങളോളം മനസ്സില്‍ തങ്ങി നില്‍ക്കും. ഒടുവില്‍, 'നീയെന്തുകൊണ്ട്‌ അതു ചോദിച്ചില്ല' എന്ന്‌ വേദനയൂറുന്ന ഒരു നോട്ടത്തിലൂടെ ചോദിച്ച്‌ ആ രണ്ടു കണ്ണുകള്‍ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി ദൂരെ മറയുമ്പോള്‍ നഷ്ടമാകുന്നത്‌ തീര്‍ച്ചയായും പ്രണയത്തിന്റെ മാസ്മരികാനുഭൂതി തന്നെയാണ്‌. വേണ്ടെന്നു വയ്ക്കാന്‍ ഒരിക്കലും ആരും ആഗ്രഹിക്കാത്ത പ്രണയം എന്ന അനുഭൂതി.
Powered By Blogger